
വാഷിംങ്ടണ്‍: ഇറാനെതിരെ സൈനിക നടപടി പരിഗണിക്കുമെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ. ഒരു ടെലിവിഷന്‍ അഭിമുഖത്തിലാണ് അമേരിക്കന്‍ ഭരണകൂടത്തിലെ ഒരു പ്രധാനവ്യക്തി തന്ത്രപ്രധാന വെളിപ്പെടുത്തല്‍ നടത്തുന്നത്. ഗള്‍ഫ് മേഖലയില്‍ ഓയില്‍ ടാങ്കറുകള്‍ ആക്രമിക്കപ്പെട്ടതിന് പിന്നാലെ സംഘര്‍ഷഭരിതമായ അവസ്ഥ നിലനില്‍ക്കുമ്പോഴാണ് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറിയുടെ പ്രസ്താവന.
യുദ്ധത്തിലേക്കു പോകാൻ തനിക്ക് ആഗ്രഹമില്ലെന്നാണ് ട്രംപ് പറഞ്ഞിരിക്കുന്നത്. അദ്ദേഹത്തെ സ്ഥിതിഗതികൾ അറിയിച്ചു കൊണ്ടിരിക്കുകയാണ്. മധ്യപൂർവദേശത്തെ ഏത് ആക്രമണത്തെയും പ്രതിരോധിക്കാവുന്ന സംവിധാനം ഉറപ്പാക്കാനാകുമെന്നു തന്നെയാണ് അമേരിക്കയുടെ പ്രതീക്ഷ. ചാനൽ അഭിമുഖത്തിൽ പോംപെയോ പറഞ്ഞു.
തുടര്‍ന്ന് യുഎസിന്‍റെ ഈ പ്രതിരോധത്തിൽ സൈനിക നടപടിയും ഉൾപ്പെടുമോ എന്ന ചോദ്യത്തിനായിരുന്നു ‘തീർച്ചയായും’ എന്ന് പോംപെയോ ഉത്തരം നല്‍കിയത്. ഇറാനെ ആക്രമിക്കുന്നതിന് സെനറ്റിന്‍റെ അംഗീകാരം ലഭിക്കുമോ എന്ന ചോദ്യത്തിന് അമേരിക്കൻ താൽപര്യങ്ങളെ സംരക്ഷിക്കാൻ ഭരണകൂടത്തിന് എല്ലായ്പ്പോഴും അധികാരമുണ്ടെന്നായിരുന്നു മറുപടി.
ചെയ്യേണ്ടതെല്ലാം കൃത്യമായി ചെയ്യുന്നുണ്ടോയെന്ന് ട്രംപ് ഉറപ്പാക്കും. ഇറാന് ആണവായുധം ലഭിക്കാതിരിക്കുക എന്നതാണു പ്രധാന ലക്ഷ്യം. ഇറാനെ തടയാനുള്ള ശ്രമം യുദ്ധത്തിലൂടെ ആകരുതെന്നു മാത്രമാണ് പ്രസിഡന്റ് പറഞ്ഞിരിക്കുന്നത്. പക്ഷേ ആക്രമണസ്വഭാവമുള്ള നീക്കങ്ങളിൽ നിന്ന് ഇറാനെ തടയാൻ എല്ലായ്പ്പോഴും യുഎസ് മുന്നിലുണ്ടാകും പോംപെയോ പറഞ്ഞു.
അതേ സമയം ഒമാന്‍ ഉള്‍ക്കടലില്‍ എണ്ണക്കപ്പലുകള്‍ക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നില്‍ ഇറാനാണെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ആരോപിച്ചു. രാജ്യത്തിന് നേരെയുള്ള ഭീഷണികളെ അമര്‍ച്ച ചെയ്യാന്‍ തങ്ങള്‍ ഒട്ടും അമാന്തിക്കില്ലെന്നും ഞായറാഴ്ച പുറത്തിറങ്ങിയ ഒരു അഭിമുഖത്തില്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ പറയുന്നു.
അറബ് ദിനപത്രമായ അഷ്റഖ് അല്‍ അവ്സാത്തിലാണ് മുഹമ്മദ് ബിന്‍ സല്‍മാനുമായുള്ള അഭിമുഖം പ്രസിദ്ധീകരിച്ചിരിക്കുന്നത്. തെഹ്റാനില്‍ അതിഥിയായെത്തിയ ജപ്പാന്‍ പ്രധാനമന്ത്രിയോട് പോലും ഇറാന്‍ ആദരവ് കാണിക്കുന്നില്ല. ജപ്പാനിന്റേതുള്‍പ്പെടെ രണ്ട് കപ്പലുകള്‍ ആക്രമിച്ചാണ് അദ്ദേഹത്തിന്റെ നയതന്ത്ര ശ്രമങ്ങള്‍ക്ക് ഇറാന്‍ മറുപടി നല്‍കിയത്. മേഖലയില്‍ ഒരു യുദ്ധം സൗദി അറേബ്യ ആഗ്രഹിക്കുന്നില്ല. എന്നാല്‍ തങ്ങളുടെ ജനങ്ങള്‍ക്കും പരമാധികാരത്തിനും നേര ഉയരുന്ന ഭീഷണികള്‍ നേരിടാന്‍ മടിക്കില്ലെന്നും മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞു.
അടുത്തകാലത്തായി ഇറാന്‍ നടത്തുന്ന ആക്രമണങ്ങള്‍ക്കെതിരെ അന്താരാഷ്ട്ര സമൂഹത്തിന്റെ ഉറച്ച നിലപാട് വേണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം മേഖലയില്‍ സമാധാനവും സ്ഥിരതയും ഉറപ്പാക്കുന്നതില്‍ അമേരിക്കയുമായുള്ള ബന്ധം പ്രധാനമാണെന്നും അഭിമുഖത്തില്‍ പറയുന്നു. ഒമാന്‍ ഉള്‍ക്കടലില്‍ എണ്ണക്കപ്പലുകള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങള്‍ക്ക് പിന്നാലെ അന്താരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണയ്ക്ക് വന്‍ വില വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഇതിന് പിന്നാലെ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറിയുടെ പ്രസ്താവന വന്നതോടെ ആഗോള വിപണിയിൽ എണ്ണവില ഉയർന്നു. ബ്രെന്റ് ക്രൂഡിന് 0.4 ശതമാനം വിലയുയർന്ന് ബാരലിന് 62.28 ഡോളറിലെത്തി. വിലയിൽ 1.1 ശതമാനത്തിന്റെ വർധനവായിരുന്നു വെള്ളിയാഴ്ച രേഖപ്പെടുത്തിയിരുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam