
വത്തിക്കാൻ: കത്തോലിക്കാ സഭയിലെ ലൈംഗിക പീഡനപരാതികൾ കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് ഫ്രാൻസിസ് മാർപ്പാപ്പ കർശനമായ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. വൈദികർക്കുള്ള അപ്പോസ്തലിക സന്ദേശത്തിലൂടെയാണ് മാർപ്പാപ്പ പുതിയ മാർഗ്ഗ നിർദ്ദേശങ്ങൾ വൈദിക ഗണത്തെ അറിയിച്ചിരിക്കുന്നത്.
ലൈംഗിക പീഡന പരാതികൾ സ്വീകരിക്കാൻ എല്ലാ രൂപതയിലും പ്രത്യേക സംവിധാനം വേണമെന്ന് അപ്പോസ്തലിക സന്ദേശത്തിൽ മാർപ്പാപ്പ നിർദ്ദേശിക്കുന്നു. വിശ്വാസികൾക്ക് നിർഭയം പരാതി നൽകാൻ കഴിയണം. പരാതികൾ അറിഞ്ഞാൽ കന്യാസ്ത്രീകളും വൈദികരും ഉടൻ തന്നെ അവ റിപ്പോർട്ട് ചെയ്യണം. പീഡന വിവരം തുറന്നുപറയാൻ ഇരകൾക്ക് സൗകര്യമൊരുക്കണം. പീഡനപരാതി ആർച്ച് ബിഷപ്പ് വത്തിക്കാനെ അറിയിക്കണം. പരാതികളിന്‍മേൽ അന്വേഷണം 90 ദിവസത്തിനകം പൂർത്തിയാക്കണം. ഇരകൾക്കെതിരെ പ്രതികാര നടപടികൾ പാടില്ലെന്നും പരാതി മൂടിവയ്ക്കാൻ ശ്രമിക്കരുതെന്നും മാർപ്പാപ്പ നിർദ്ദേശിക്കുന്നു. അതാത് രാജ്യത്തെ നിയമസംവിധാനങ്ങളുമായി സഹകരിക്കണമെന്നും അപ്പോസ്തലിക സന്ദേശത്തിൽ നിർദ്ദേശമുണ്ട്.
മൂന്ന് ലൈംഗിക കുറ്റകൃത്യങ്ങളാണ് മാർപ്പാപ്പയുടെ അപ്പോസ്തലിക സന്ദേശത്തിൽ എടുത്തുപറയുന്നത്.
1. അധികാരമോ ഭീഷണിയോ ബലമോ പ്രയോഗിച്ച് നടത്തുന്ന ലൈംഗിക ചൂഷണം.
2.കുട്ടികളുടേയും ദുർബലരുടേയും മേൽ നടത്തുന്ന ലൈംഗിക ചൂഷണം.
3. കുട്ടികളെ ഇരയാക്കിയുള്ള അശ്ലീല ഉള്ളടക്കങ്ങൾ നിർമ്മിക്കുക, കൈവശം വയ്ക്കുക, പ്രദർശിപ്പിക്കുക, വിതരണം ചെയ്യുക
2013ൽ മാർപ്പാപ്പയായി ചുമതലയേറ്റ സമയത്ത് തന്നെ ലൈംഗിക പീഡന പരാതികളിൻമേൽ കർശന നടപടികൾ സ്വീകരിക്കുമെന്ന് ഫ്രാൻസിസ് മാർപ്പാപ്പ വ്യക്തമാക്കിയിരുന്നു. എന്നാൽ തുടർന്ന് കാര്യമായ നടപടികൾ മാർപ്പാപ്പ ഇക്കാര്യത്തിൽ കൈക്കൊണ്ടില്ല എന്ന വിമർശനം ഉയർന്നിരുന്നു. പുരോഹിതരുടെ പീഡനത്തിനിരയായ നൂറുകണക്കിന് ഇരകളുടെ വിവരങ്ങൾ ലോകമെങ്ങും നിന്ന് പുറത്തുവന്നിട്ടുണ്ട്. ഇത്തരം കുറ്റകൃത്യങ്ങൾ മൂടിവച്ചതിനെതിരെ സഭയ്ക്ക് വിമർശനവും നേരിടേണ്ടിവന്നിട്ടുണ്ട്. കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ മൂടിവച്ചതിന് സഭ പിന്നീട് മാപ്പ് പറഞ്ഞിരുന്നു. ലൈംഗിക പീഡന പരാതികളിൻമേൽ സ്വീകരിക്കേണ്ട നടപടിക്രമങ്ങൾ സംബന്ധിച്ച് പുതിയ മാർഗ്ഗ നിർദ്ദേശങ്ങൾ രൂപീകരിക്കാൻ മാർപ്പാപ്പയ്ക്ക് മേൽ വലിയ സമ്മർദ്ദമുണ്ടായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam