
വത്തിക്കാൻ സിറ്റി: തന്റെ മിടുക്ക് കൊണ്ടല്ല മാർപാപ്പ ആയതെന്ന് ലെയോ പതിനാലാമൻ മാർപാപ്പ. ദൈവസ്നേഹത്തിന്റെ വഴിയിൽ നിങ്ങൾക്കൊപ്പം നടക്കാൻ ആഗ്രഹിക്കുന്നുവെന്നും സ്നേഹവും ഐക്യവും പ്രധാനമാണെന്നും ലെയോ പതിനാലാമൻ മാർപാപ്പ പറഞ്ഞു. വത്തിക്കാനിൽ നടക്കുന്ന ആഗോള കത്തോലിക്കാ സഭയുടെ മാർപാപ്പയായി സ്ഥാനമേൽക്കുന്ന ചടങ്ങിലാണ് ലെയോ പതിനാലാമൻ്റെ പ്രതികരണം.
മാർപാപ്പയായി ലെയോ പതിനാലാമൻ സ്ഥാനമേൽക്കുന്ന ചടങ്ങ് വത്തിക്കാനിൽ പുരോഗമിക്കുകയാണ്. വിശുദ്ധ പത്രോസിന്‍റെ കബറിടത്തിലെത്തി പ്രാര്‍ത്ഥിച്ചതിനുശേഷമാണ് സെന്‍റ് പീറ്റേഴ്സ് ചത്വരത്തിലേക്കുള്ള പ്രദക്ഷിണം ആരംഭിച്ചത്. സെന്‍റ് പീറ്റേഴ്സ് ചത്വരത്തിലെ പ്രധാന വേദിയിലാണ് ചടങ്ങുകള്‍ നടക്കുന്നത്. ലെയോ പതിനാലാമൻ മാര്‍പാപ്പയുടെ കാര്‍മികത്വത്തിൽ സെന്‍റ് പീറ്റേഴ്സ് ചത്വരത്തിൽ കുര്‍ബാന ആരംഭിച്ചു. കുര്‍ബാനമധ്യേ വലിയ ഇടയന്‍റെ വസ്ത്രവും സ്ഥാനമോതിരവും ഏറ്റുവാങ്ങി വിശുദ്ധ പത്രോസിന്‍റെ പിന്‍ഗാമിയായി മാര്‍പാപ്പ സഭയുടെ സാരഥ്യം ഏറ്റെടുക്കും. കത്തോലിക്ക സഭയുടെ 267ാം മാര്‍പാപ്പയായാണ് ലെയോ പതിനാലാമൻ ചുമതലയേൽക്കുന്നത്.
ചടങ്ങുകള്‍ ആരംഭിക്കുന്നതിന് മുമ്പായി തുറന്ന വാഹനത്തിലെത്തി സെന്‍റ് പീറ്റേഴ്സ് ചത്വരത്തില്‍ ഒത്തുചേര്‍ന്ന വിശ്വാസികളെ ആശിര്‍വദിച്ചു. സെന്‍റ് പീറ്റേഴ്സ് ബസലിക്കയിൽ കുർബാനയ്ക്കുശേഷം വിശ്വാസികളെ അഭിസംബോധന ചെയ്യും. സ്ഥാനാരോഹണ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ ലോകനേതാക്കൾ വത്തിക്കാനിലെത്തിയിട്ടുണ്ട്. രാജ്യസഭാ ഉപാധ്യക്ഷന്‍റെ നേതൃത്വത്തിലുള്ള ഇന്ത്യൻ സംഘവും വത്തിക്കാനിലെത്തിയിട്ടുണ്ട്. അമേരിക്കയെ പ്രതിനിധീകരിച്ച് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും പങ്കെടുക്കുന്നുണ്ട്. ആയിരണക്കിനുപേരാണ് ചടങ്ങിന് സാക്ഷ്യം വഹിക്കാൻ സെന്‍റ് പീറ്റേഴ്സ് ചത്വരത്തിലെത്തിയിരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam