Latest Videos

'ഏകാധിപതിയും രാജ്യദ്രോഹിയുമായ ഷി ജിൻപിങ്ങിനെ നീക്കം ചെയ്യാൻ പണിമുടക്കുക';ചൈനയില്‍ സര്‍ക്കാര്‍വിരുദ്ധ പോസ്റ്റര്

By Web TeamFirst Published Oct 14, 2022, 10:35 AM IST
Highlights

ഒരു ബാനറില്‍ ഇങ്ങനെ എഴുതിയിരുന്നു: "കോവിഡ് ടെസ്റ്റല്ല. ഞങ്ങൾക്ക് ഭക്ഷണം കഴിക്കണം. നിയന്ത്രണങ്ങളല്ല, ഞങ്ങൾക്ക് സ്വാതന്ത്ര്യം വേണം. നുണകളല്ല, ഞങ്ങൾക്ക് അന്തസ്സാണ് വേണ്ടത്. സാംസ്കാരിക വിപ്ലവമല്ല, ഞങ്ങൾക്ക് പരിഷ്കാരം വേണം, നേതാക്കളല്ല, ഞങ്ങൾക്ക് വോട്ട് വേണം. അടിമകളാകാതെ നമുക്ക് പൗരന്മാർ ആകാം."

ബീജിങ്ങ്:  ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പാര്‍ട്ടി കോണ്‍ഗ്രസ് ആരംഭിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് ചൈനയില്‍ സര്‍ക്കാര്‍ വിരുദ്ധ പോസ്റ്റര്‍ ഉയര്‍ന്നു. സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുന്നതില്‍ പേരുകേണ്ട ചൈനയില്‍ അത്യപൂര്‍വമായിമാത്രമേ സര്‍ക്കാറിനെതിരെ പ്രതിഷേധങ്ങള്‍ നടന്നിട്ടൊള്ളൂ. സര്‍ക്കാറിനെതിരെ രണ്ട് ബാനറുകളാണ് പ്രത്യക്ഷപ്പെട്ടത്. ബീജിങ്ങിന് വടക്ക് പടിഞ്ഞാറ് ഭാഗത്തുള്ള ഒരു പാലത്തിലാണ് ബാനറുകള്‍ പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ബാനറുകള്‍ നീക്കം ചെയ്യപ്പെട്ടു. ഇത് സംബന്ധിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ വന്നവയും നീക്കം ചെയ്യപ്പെട്ടതായി അന്താരാഷ്ട്രാമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

പാര്‍ട്ടി കോണ്‍ഗ്രസിന് മുമ്പ് രാജ്യത്ത്, ഭരണകൂടത്തിനെതിരെയുള്ള അസംതൃപ്തി വര്‍ദ്ധിച്ച് വരികയാണെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. ലോകത്ത് മറ്റൊരു രാജ്യത്തും കാണാത്ത രീതിയിലുള്ള 'സീറോ കൊവിഡ്' നിയന്ത്രണങ്ങളാണ് പ്രതിഷേധത്തിന് കാരണം. കൊവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ സാമൂഹ്യമാധ്യമങ്ങളിലും പ്രതിഷേധങ്ങള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഒരു നഗരത്തില്‍ കൊവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്താല്‍ ആ നഗരം പൂര്‍ണ്ണമായും ലോക്ഡൗണിലാക്കി കൊണ്ടാണ് ചൈന കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. 

നഗരം ലോക്ഡൗണിലേക്ക് നീങ്ങുന്നതോടെ നഗരത്തിന് പുറത്ത് പോയ അന്തേവാസികള്‍ക്ക് പോലും തിരിച്ച നഗരത്തിലേക്ക് കയറാന്‍ പറ്റില്ല. നഗരത്തിലേക്കുള്ള പ്രവേശം കര്‍ശനമാക്കി. അവശ്യ സാധനങ്ങളുടെ വിതരണത്തിലും ഇടവേളയുണ്ടാകുന്നു. അവശ്യസാധനങ്ങളുടെ വില കുതിച്ചുയരുന്നു. ഇതെല്ലാം ജനങ്ങളില്‍ വലിയ തോതില്‍ അസംതൃപ്തി ഉണ്ടാക്കി. നഗരത്തില്‍ ഒന്നോ രണ്ടോ കൊവിഡ് പോസറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുമ്പോള്‍ പോലും നഗരം മുഴുവനും ക്വാറന്‍റൈനിലാക്കുന്ന സീറോ കൊവിഡ് രീതിക്കെതിരെ പ്രതിഷേധങ്ങള്‍ ഉയരുന്നു. ഇതിന്‍റെ ഭാഗമായിരുന്നു പാലത്തിന് മുകളില്‍ ഉയര്‍ന്ന ഒരു ബാനര്‍. 

 

除了挂横幅,还用喇叭播放,勇气可嘉,新时代的坦克人。应该是自焚了。 pic.twitter.com/hBBuZpGQba

— 方舟子 (@fangshimin)

ഒരു ബാനറില്‍ ഇങ്ങനെ എഴുതി: "കോവിഡ് ടെസ്റ്റല്ല. ഞങ്ങൾക്ക് ഭക്ഷണം കഴിക്കണം. നിയന്ത്രണങ്ങളല്ല, ഞങ്ങൾക്ക് സ്വാതന്ത്ര്യം വേണം. നുണകളല്ല, ഞങ്ങൾക്ക് അന്തസ്സാണ് വേണ്ടത്. സാംസ്കാരിക വിപ്ലവമല്ല, ഞങ്ങൾക്ക് പരിഷ്കാരം വേണം, നേതാക്കളല്ല, ഞങ്ങൾക്ക് വോട്ട് വേണം. അടിമകളാകാതെ നമുക്ക് പൗരന്മാർ ആകാം." ആദ്യത്തെ ബാനര്‍ സര്‍ക്കാറിന്‍റെ കൊവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെയും ജനങ്ങളുടെ അന്തസിന് വേണ്ടിയുമായിരുന്നെങ്കില്‍ രണ്ടാമത്തെ ബാനര്‍ സര്‍ക്കാറിനെതിരെയാണ്.  "സ്കൂളിലും ജോലിസ്ഥലത്തും പണിമുടക്കുക. ഏകാധിപതിയും രാജ്യദ്രോഹിയുമായ ഷി ജിൻപിംഗിനെ നീക്കം ചെയ്യാൻ." രണ്ടാമത്തെ ബാനറില്‍ എഴുതിയത് ഇങ്ങനെയായിരുന്നു. വീഡിയോകളില്‍ പുകപടലങ്ങള്‍ക്കിടയില്‍ നിന്ന് ഒരാള്‍ മുദ്രാവക്യം വിളിക്കുന്നതും കേള്‍ക്കാം. സംഭവമറിഞ്ഞ് തങ്ങള്‍ സ്ഥലത്തെത്തുമ്പോഴേക്കും ഇവയെല്ലാം നീക്കം ചെയ്യപ്പെട്ടിരുന്നെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. പ്രദേശത്ത് പൊലീസ് സാന്നിധ്യമുണ്ടായിരുന്നു. 

ഞായറാഴ്ചയാണ് ചൈനീസ് പാര്‍ട്ടി കോണ്‍ഗ്രസ് അരങ്ങേറുന്നത്. ഒരാഴ്ച നീണ്ടു നില്‍ക്കുന്ന 20 -ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ 2,300 ഉന്നത ഉദ്യോഗസ്ഥരും പാര്‍ട്ടി പ്രതിനിധികളും പങ്കെടുക്കും. പതിവിന് വിപരീതമായി ഷി ജിന്‍ പിങ് ഇത്തവണയും അധികാരം പിടിച്ചെടുക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. എന്നാല്‍, ഷിയ്ക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ നീക്കം നടക്കുന്നതായി അന്താരാഷ്ട്രാ മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നെങ്കിലും ചൈന ഇതിനോട് പ്രതികരിച്ചിട്ടില്ല. ഷി, പാര്‍ട്ടിയിലെയും രാജ്യത്തെയും പരമാധികാരിയായി ഈ പാര്‍ട്ടി കോണ്‍ഗ്രസോടെ ഉയര്‍ത്തപ്പെടുമെന്നുമുള്ള സൂചനകള്‍ പുറത്ത് വന്നിരുന്നു. 

这个俯拍看得比较清楚,不是自焚,是在烧东西(引起路人注意?),大批警察赶过去把人抓走了。只要能熬过去,人不被整死,出来就又是一条好汉。 pic.twitter.com/IUPXXsLu5t

— 方舟子 (@fangshimin)

പാര്‍ട്ടി കോണ്‍ഗ്രസിന് അടുത്തതോടെ തലസ്ഥാനത്ത് അർദ്ധസൈനിക വിഭാഗത്തിന്‍റെ തെരുവുതല സുരക്ഷ വര്‍ദ്ധിപ്പിച്ചു.  കോൺഗ്രസ് നടക്കുന്ന ഗ്രേറ്റ് ഹാൾ ഓഫ് പീപ്പിൾക്ക് സമീപമുള്ള സബ്‌വേ സ്റ്റേഷനുകളിലും പരിസരങ്ങളിലും ശക്തമായ പൊലീസ് സാന്നിധ്യമുണ്ട്. ഇന്‍റര്‍നെറ്റിലും ശക്തമായ സുരക്ഷാ മുന്നറിയിപ്പുകള്‍ ഉയര്‍ന്നുകഴിഞ്ഞു. എന്നാല്‍. ഇതിനിടെ രാജ്യമൊട്ടുക്കും കൊവിഡ് കേസുകളിലും വര്‍ദ്ധനവ് രേഖപ്പെടുത്തി. 

ഒമിക്രോണിന്‍റെ BA 5, BA 5.1.7 എന്നീ പുതിയ വകഭേദങ്ങളാണ് രാജ്യത്ത് പടര്‍ന്ന് പിടിക്കുന്നത്. ഈ വകഭേദങ്ങള്‍ക്ക് വ്യാപന ശേഷി കൂടുതലാണെന്നത് ആശങ്ക പടര്‍ത്തുകയാണ്. ഇതോടെ ബിജിങ്ങിലെ പരിശോധനകള്‍ കര്‍ശനമാക്കി. ഓരോ മൂന്ന് ദിവസത്തിലും ദശലക്ഷക്കണത്തിന് താമസക്കാരെയാണ് പരിശോധിക്കുന്നത്. എല്ലാ കെട്ടിടങ്ങളിലും സ്ക്രീനുങ്ങുകള്‍ നടത്തുന്നു. മാസ്ക് നിര്‍ബന്ധം. ബീജിങ്ങിലേക്ക് പുറത്ത് നിന്നുള്ളവര്‍ക്ക് കടക്കാന്‍ കര്‍ശന നിയന്ത്രണമുണ്ട്. ഇപ്പോഴും ഇളവില്ലാതെ തുടരുന്ന സീറോ കൊവിഡ് നിയന്ത്രണത്തില്‍ ചൈനക്കാര്‍ നിരാശരാണ്. പലര്‍ക്കും നിരന്തരമുള്ള ക്വാറന്‍റൈന്‍, ജോലി നഷ്ടപ്പെടുന്നതിന് വരെ കാരണമാകുന്നു. ക്വാറന്‍റൈന്‍ കേന്ദ്രത്തിലേക്ക് പോവുകയായിരുന്ന ബസ് അപകടത്തില്‍പ്പെട്ട് 27 പേര്‍ മരിച്ച് ഏറെ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. 
 

click me!