
നിക്കോഷ്യ: പശ്ചിമേഷ്യയിലും യൂറോപ്പിലും തുടരുന്ന സംഘർഷങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത് യുദ്ധത്തിന്റെ കാലഘട്ടമല്ലെന്ന് സൈപ്രസ് പ്രസിഡന്റുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മോദി പറഞ്ഞു. ഇരു നേതാക്കളും സംയുക്ത വാർത്താസമ്മേളനവും നടത്തി. പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കണമെന്നും സമാധാനം പുനഃസ്ഥാപിക്കണമെന്നും മോദി ആഹ്വാനം ചെയ്തു. അതിർത്തി കടന്നുള്ള ഭീകര പ്രവർത്തനത്തിനെതിരായ ഇന്ത്യയുടെ പോരാട്ടത്തിന് സൈപ്രസ് നൽകുന്ന പിന്തുണയ്ക്ക് പ്രധാനമന്ത്രി നന്ദി അറിയിക്കുകയും ചെയ്തു. ഓപ്പറേഷൻ സിന്ദൂറിന് ശേഷം ആദ്യമായാണ് പ്രധാനമന്ത്രി വിദേശയാത്ര നടത്തുന്നത്.
അതേസമയം ഇസ്രേയേല്‍ ആക്രമണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ എല്ലാ ഇന്ത്യക്കാരോടും ഇന്നു തന്നെ ടെഹ്റാന്‍ വിടാന്‍ വിദേശകാര്യ മന്ത്രാലയം നിര്‍ദ്ദേശം നൽകിയിരിക്കുകയാണ്. വിദേശികള്‍ ഇന്ത്യക്കാരെ അനുഗമിക്കരുതെന്നും മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിട്ടുമുണ്ട്. ബന്ധുത്വം ഇപ്പോള്‍ പരിഗണിക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ അതിര്‍ത്തി വഴി അര്‍മേനിയയിലേക്ക് മാറ്റും. ടെഹ്റാന്‍ തുടച്ചുനീക്കുമെന്ന ഇസ്രയേല്‍ ഭീഷണിയുടെ പശ്ചാത്തലത്തിലാണ് ഇന്ത്യ അടിയന്തര നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറുകയെന്നതാണ് അടിയന്തരമായി ചെയ്യാന്‍ കഴിയുന്നത്. അതിര്‍ത്തികള്‍ തുറന്നിരിക്കുകയാണെന്ന് ഇറാന്‍ അറിയിച്ചതിനാല്‍ ഒഴിപ്പിക്കല്‍ നടപടികള്‍ക്ക് തടസമില്ല. സാഹചര്യം ഗുരുതരമാകുന്നതിനെ ഇന്ത്യയും ഗൗരവത്തോടെയാണ് കാണുന്നത്. വിവിധ സര്‍വകലാശാലകളിലെ വിദ്യാര്‍ത്ഥികളെ അര്‍മേനിയയിലേക്ക് മാറ്റും. അര്‍മേനിയന്‍ വിദേശകാര്യമന്ത്രിയുമായി വിദേശ കാര്യമന്ത്രി എസ് ജയശങ്കര്‍ സംസാരിച്ചു. ടെഹാറാനില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികളെയാകും ആദ്യം ഒഴിപ്പിക്കുക.
സാഹചര്യം അതീവ ഗുരുതരമാണെന്ന് വിദ്യാര്‍ത്ഥികള്‍ വിദേശകാര്യ മന്ത്രാലയത്തെ അറിയിച്ചിരുന്നു. കുടിവെള്ള പ്രതിസന്ധി പോലും നേരിട്ട് തുടങ്ങിയെന്നും , ഇന്റർനെറ്റ് സേവനങ്ങള്‍ക്ക് തടസം നേരിടുന്നതിനാല്‍ വിദേശകാര്യ മന്ത്രാലയം സമൂഹമാധ്യമങ്ങളിലൂടെ നല്‍കുന്ന വിവരങ്ങള്‍ യഥാസമയം അറിയാന്‍ കഴിയുന്നില്ലെന്നും വിദ്യാര്‍ത്ഥികള്‍ അറിയിച്ചിരുന്നു. ജമ്മുകശ്നീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള വിദേശകാര്യ മന്ത്രിയുമായി സംസാരിച്ച് അടിയന്തര നടപടി വേണമെന്നാവശ്യപ്പെട്ടിരുന്നു. കുടങ്ങിയ വിദ്യാര്‍ത്ഥികളിലേറെയും കശ്മീരില്‍ നിന്നുള്ളവരാണ്. എത്ര ഇന്ത്യക്കാര്‍ ഇറാനില്‍ നിലവിലുണ്ടെന്ന കണക്ക് വിദേശകാര്യ മന്ത്രാലയം നല്‍കിയിട്ടില്ല