
ബിഷ്കെക്ക്: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയനുമായി കൂടിക്കാഴ്ച നടത്തി. ബിഷ്കെക്കിൽ നടന്ന ഷാങ്ഹായ് സഹകരണ ഉച്ചകോടി (എസ് സി ഒ) യുടെ ഇടവേളയിലാണ് ഇരുനേതാക്കളും ഉഭയകക്ഷി ചർച്ചകൾ നടത്തിയത്. പശ്ചിമേഷ്യൻ സംഘർഷത്തിന് ശേഷം ആദ്യമായാണ് ഇരുവരും തമ്മിൽ നേരിട്ട് കൂടിക്കാഴ്ച നടത്തുന്നത്. ഇറാൻ വിദേശകാര്യ മന്ത്രി സയിദ് അബ്ബാസ് അരാഗ്ച്ചിയും ചർച്ചയിൽ പങ്കെടുത്തു. സംഘർഷത്തിൽ ഉൾപ്പെട്ട വിവിധ കക്ഷികളുമായി വിശാല ബന്ധമാണ് ഇന്ത്യയ്ക്കുള്ളതെന്ന് പെസഷ്കിയൻ ചൂണ്ടിക്കാട്ടി. ഇസ്രായേലിനോട് അടക്കം ഇന്ത്യയുടെ ബന്ധമാണ് ഇറാൻ ഇതിലൂടെ സൂചിപ്പിച്ചത്. ഈ സ്വാധീനം സംഘർഷം അവസാനിപ്പിക്കാൻ പ്രയോജനപ്പെടുമെന്നും ഇതിനുള്ള ശ്രമങ്ങൾ ഇന്ത്യ നടത്തണമെന്നും ഇറാൻ പ്രസിഡന്‍റ് ആവശ്യപ്പെട്ടു. സമാധാന ശ്രമങ്ങൾക്ക് എല്ലാ പിന്തുണയും ഉണ്ടാകുമെന്ന് നരേന്ദ്ര മോദി വ്യക്തമാക്കി. സാധാരണക്കാർക്ക് എതിരെയുള്ള ആക്രമണം അംഗീകരിക്കാൻ ആകില്ലെന്ന് ചൂണ്ടിക്കാട്ടി. സമാധാനം ആഗ്രഹിക്കുന്ന വ്യക്തിയാണ് താങ്കൾ എന്നാണ് താൻ മനസ്സിലാക്കിയതെന്നും മോദി പെസഷ്കിയനോട് പറഞ്ഞു. സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾക്ക് ഇന്ത്യയുടെ മുഴുവൻ പിന്തുണയും വാഗ്ദാനം ചെയ്ത മോദി, പ്രശ്നങ്ങൾ ചർച്ചകളിലൂടെയും നയതന്ത്ര മാർഗ്ഗങ്ങളിലൂടെയും പരിഹരിക്കണമെന്ന ഇന്ത്യയുടെ നിലപാട് ആവർത്തിച്ചു.
ചാബഹാർ തുറമുഖം, ഹോർമുസ് വഴിയുള്ള കപ്പൽ നീക്കം എന്നിവയും ചർച്ചാവിഷയമായി. രണ്ട് രാജ്യങ്ങൾക്കും ഇടയിലുള്ള സൗഹൃദം ശക്തമായി തുടരുമെന്ന് മോദി അറിയിച്ചു. സാധാരണക്കാർക്കും ചരക്ക് കപ്പലുകൾക്കും നേരെ ആക്രമണം ഉണ്ടാകരുതെന്നും സമുദ്ര ഗതാഗത സ്വാതന്ത്ര്യവും വ്യാപാരവും സുരക്ഷിതമായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാനുമായുള്ള ദീർഘകാല സൗഹൃദം കൂടുതൽ ശക്തമായി തുടരുമെന്നും വിവിധ മേഖലകളിലേക്ക് വ്യാപാരം വിപുലീകരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. എസ് സി ഒ, ബ്രിക്സ് തുടങ്ങിയ ബഹുരാഷ്ട്ര കൂട്ടായ്മകളിൽ ഇറാനുമായി സഹകരിച്ച് പ്രവർത്തിക്കാൻ ഇന്ത്യ തയ്യാറാണ്. വൈകാതെ ഇന്ത്യയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയിലേക്ക് ഇറാൻ പ്രസിഡന്റിനെ സ്വാഗതം ചെയ്തതായും മോദി കൂട്ടിച്ചേർത്തു.
നേരത്തെ അർമേനിയൻ പ്രധാനമന്ത്രി നികോൾ പഷിൻന്യാനുമായും പ്രധാനമന്ത്രി മോദി കൂടിക്കാഴ്ച നടത്തിയിരുന്നു. മോദിയെ അർമേനിയയിലേക്ക് പഷിൻന്യാൻ ക്ഷണിച്ചു. ഇറാനിൽ നിന്ന് വിദ്യാർത്ഥികളെ തിരിച്ചെത്തിക്കാൻ നൽകി സഹായത്തിന് മോദി നന്ദി അറിയിക്കുകയും ചെയ്തു. അതേസമയം ഷാങ്ഹായ് സഹകരണ ഉച്ചകോടിക്കായി ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങും കിർഗിസ്ഥാൻ തലസ്ഥാനമായ ബിഷ്‌കെക്കിൽ എത്തിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്‍റും തമ്മിൽ നേരിട്ടുള്ള കൂടിക്കാഴ്ച ഉണ്ടാകുമോ എന്നത് കണ്ടറിയണം. മോദിയുടെ ഇന്നത്തെ പരിപാടിയിൽ കൂടിക്കാഴ്ച ഉൾപ്പെടുത്തിയിട്ടില്ല. റഷ്യൻ പ്രസിഡന്റ് വ്‌ലാദിമിർ പുടിനുമായി ഇന്ന് വൈകിട്ട് നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. ഉസ്ബെക്കിസ്ഥാൻ സന്ദർശനത്തിന് ശേഷം ഇന്നലെ വൈകിട്ടാണ് നരേന്ദ്ര മോദി ബിഷ്‌കെക്കിൽ എത്തിയത്. മോദിക്ക് വിമാനത്താവളത്തിൽ ഹൃദ്യമായ വരവേൽപ്പ് നൽകി. ഷാങ്ഹായ് സഹകരണ ഉച്ചകോടിക്ക് മുന്നോടിയായുള്ള അത്താഴ വിരുന്നിൽ നരേന്ദ്ര മോദി ഇന്ന് പങ്കെടുക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam