വളർത്തുനായകളെ പരിശീലിപ്പിക്കുന്നതിനിടെ കുഴഞ്ഞുവീണു, കോമയിൽ കഴിഞ്ഞത് മൂന്ന് വർഷം, തായ് രാജകുമാരി അന്തരിച്ചു

Web Desk   | PTI
Published : Jun 12, 2026, 04:16 PM IST
Princess Bajrakitiyabha

Synopsis

പൊതുജനസേവനങ്ങളിലൂടെയും നീതിന്യായ പരിഷ്കരണങ്ങളിലൂടെയും തായ് ജനതയ്ക്കൊപ്പം നിന്ന ബജ്രകിതിയാഭ രാജകുമാരിക്ക് ജനങ്ങൾക്കിടയിൽ വലിയ പ്രീതിയുണ്ടായിരുന്നു

ബാങ്കോക്ക്: വളർത്തുനായകളെ പരിശീലിപ്പിക്കുന്നതിനിടെ കുഴഞ്ഞുവീണു. മൂന്ന് വർഷത്തോളമായി കോമയിൽ ആയിരുന്ന തായ്ലാൻഡ് രാജകുമാരി അന്തരിച്ചു. 47 വയസായിരുന്നു. തായ് രാജവംശത്തിലെ ഏറ്റവും പ്രഗത്ഭയും കഴിവുതെളിയിച്ചതുമായ ഒരു വ്യക്തിത്വമായിരുന്ന ബജ്രകിതിയാഭയാണ് അന്തരിച്ചത് .അടുത്ത രാജകീയ പിന്തുടർച്ചാവകാശ നിർണ്ണയത്തിൽ വളരെ നിർണ്ണായകമായ ഒരു പങ്ക് വഹിക്കാൻ സാധ്യതയുണ്ടായിരുന്ന വ്യക്തി കൂടിയായിരുന്നു അവർ. മഹാ വജിരലോങ്കോൺ രാജാവിന്റെ ഏഴ് മക്കളിൽ ഏറ്റവും മൂത്ത മകളായ ബജ്രകിതിയാഭ 1978 ഡിസംബർ 7ന് രാജാവിന്റെ ആദ്യ ഭാര്യയും അദ്ദേഹത്തിന്റെ ബന്ധുവുമായിരുന്ന പ്രിൻസസ് സോംസാവലിയിലാണ് ജനിച്ചത്.ബാങ്കോക്കിലെ ആശുപത്രിയിൽ വ്യാഴാഴ്ച വൈകുന്നേരമാണ് മരണമെന്നാണ് വെള്ളിയാഴ്ച കൊട്ടാരത്തിൽ നിന്ന് പുറത്തുവിട്ട ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കുന്നത്. അബോധാവസ്ഥയിലായതിനെ തുടർന്ന് കഴിഞ്ഞ മൂന്ന് വർഷമായി ഈ ആശുപത്രിയിലാണ് അവർക്ക് പരിചരണം നൽകി വന്നിരുന്നത്. രാജകുമാരിയുടെ വിയോഗത്തിൽ ടെലിവിഷൻ പ്രസംഗത്തിലൂടെ പ്രധാനമന്ത്രി അനുതിൻ ചാർൺവിരകുൽ അനുശോചനം രേഖപ്പെടുത്തി.

പൊതുജനസേവനങ്ങളിലൂടെയും നീതിന്യായ പരിഷ്കരണങ്ങളിലൂടെയും തായ് ജനതയ്ക്കൊപ്പം നിന്ന ബജ്രകിതിയാഭ രാജകുമാരിക്ക് ജനങ്ങൾക്കിടയിൽ വലിയ പ്രീതിയുണ്ടായിരുന്നു. ജയിലിൽ കഴിയുന്ന തായ് വനിതകളെ പുനരധിവസിപ്പിക്കുന്നതിനായി അവർ തുടക്കം കുറിച്ച കാംലാങ്ജായ് അഥവാ ഇൻസ്പയർ എന്ന പ്രചാരണം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. രാജകുടുംബത്തിലെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായി ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാൻ അവർ കാണിച്ച താല്പര്യമായിരുന്നു ബജ്രകിതിയാഭയെ ജനപ്രിയയാക്കി മാറ്റിയത്. തായ്‌ലൻഡിലെ രാജകീയ പിന്തുടർച്ചാവകാശത്തിൽ പുരുഷന്മാർക്കാണ് മുൻഗണനയെങ്കിലും, ഭരണഘടനയിൽ വരുത്തിയ സമീപകാല മാറ്റങ്ങൾ പ്രകാരം രാജ്യത്തിന്റെ ചരിത്രത്തിലെ ആദ്യത്തെ വനിതാ ഭരണാധികാരിയാകാൻ രാജകുമാരിക്ക് സാധിക്കുമായിരുന്നുവെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നുണ്ട്. സാമൂഹിക സേവന രംഗങ്ങളിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമായിരുന്ന അവർ ജനങ്ങളുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു.

ഭാ എന്നും പാറ്റി എന്നും സ്നേഹത്തോടെ വിളിക്കപ്പെട്ടിരുന്ന അവർ അമേരിക്കയിലെ കോർണൽ സർവകലാശാലയിൽ നിന്ന് നിയമത്തിൽ ബിരുദം നേടിയിരുന്നു.ന്യൂയോർക്കിലെ ഐക്യരാഷ്ട്രസഭയിലെ തായ് മിഷനിൽ കുറച്ചുകാലം സേവനമനുഷ്ഠിച്ച അവർ, പിന്നീട് നാട്ടിൽ തിരിച്ചെത്തി ഉദോൻ താനി പ്രവിശ്യയിൽ അറ്റോർണി ജനറലായി ചുമതലയേറ്റു. 2012 മുതൽ 2014 വരെ ഓസ്ട്രിയയിലെ തായ്‌ലൻഡ് അംബാസഡറായും അവർ പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ ഐക്യരാഷ്ട്രസഭയുടെ മയക്കുമരുന്ന്-കുറ്റകൃത്യങ്ങൾക്കെതിരെയുള്ള വിഭാഗത്തിന്റെ ഗുഡ്‌വിൽ അംബാസഡറായും അവർ നിയമിക്കപ്പെട്ടു. വനിതാ തടവുകാരുടെ അവകാശങ്ങൾക്കും അവരുടെ ജീവിതസാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുമായി അവർ നടത്തിയ ശ്രമങ്ങളുടെ ഫലമായാണ് 2010-ൽ യുഎൻ പൊതുസഭ ബാങ്കോക്ക് നിയമങ്ങൾ അംഗീകരിച്ചത്.

രാജകുമാരിയുടെ അപ്രതീക്ഷിത വിയോഗത്തോടെ ഇപ്പോൾ കിരീടാവകാശിയായി മുന്നിലുള്ളത് അവരുടെ അനുജനും 21 വയസ്സുകാരനുമായ ദിപങ്കോൺ രാസ്മിജോതിയാണ്. വജിരലോങ്കോൺ രാജാവിന്റെ ഏറ്റവും ഇളയ മകനായ ഇദ്ദേഹം പൊതുവേദികളിൽ അധികം പ്രത്യക്ഷപ്പെട്ടിരുന്നില്ല. രാജകുമാരിയുടെ മരണവിവരമറിഞ്ഞ് അവർ ചികിത്സയിലായിരുന്ന കിംഗ് ചുലാലോങ്കോൺ മെമ്മോറിയൽ ഹോസ്പിറ്റലിലേക്ക് നിരവധി സാധാരണക്കാരായ ജനങ്ങളാണ് തങ്ങളുടെ പ്രിയപ്പെട്ട രാജകുമാരിയുടെ ചിത്രങ്ങളുമായി എത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

യുകെയിൽ 18 വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ച പാകിസ്ഥാൻ സ്വദേശിക്ക് 10 വർഷം കഠിന തടവ് ശിക്ഷ
ഇസ്രയേലിനെ ഇരുട്ടിൽ നിർത്തി യുഎസ് - ഇറാൻ ചർച്ചകൾ; ട്രംപിനും നെതന്യാഹുവിനും ഇടയിൽ ഭിന്നത രൂക്ഷമെന്ന് റിപ്പോർട്ട്