കുടിക്കാനും കുളിക്കാനും വെള്ളമില്ല, പുറത്തിറക്കുന്നുമില്ല, പ്രതിഷേധവുമായി തടവുകാര്‍, ലോക്ഡൗൺ

Published : Sep 04, 2023, 03:12 PM IST
കുടിക്കാനും കുളിക്കാനും വെള്ളമില്ല, പുറത്തിറക്കുന്നുമില്ല, പ്രതിഷേധവുമായി തടവുകാര്‍, ലോക്ഡൗൺ

Synopsis

ജയിലിലെ അമിതമായ ചൂട്, കുളിക്കാനുള്ള സാഹചര്യക്കുറവ്, ശുദ്ധമായ കുടിവെള്ളമില്ലായ്മ, ഐസ് ലഭിക്കാത്തത് ഇവയെല്ലാം പ്രതിഷേധത്തിന് കാരണമായെന്നാണ് തടവുകാരുടെ അഭിഭാഷകര്‍ പറയുന്നത്

മിനസോട്ട: അമേരിക്കയിലെ മിനസോട്ട ജയിലിൽ ലോക്ഡൗൺ. നൂറോളം തടവുകാർ സെല്ലിൽ കയറാതെ പ്രതിഷേധിച്ചതിന് പിന്നാലെയാണ് നടപടി. പ്രതിഷേധ കാരണം വ്യക്തമല്ലെന്ന് ഔദ്യോഗിക വിശദീകരണം. എന്നാല്‍ ജയിലിലെ മോശം സാഹചര്യം മൂലമാണ് പ്രതിഷേധമെന്നാണ് സൂചന. ജയിലിലെ അമിതമായ ചൂട്, കുളിക്കാനുള്ള സാഹചര്യക്കുറവ്, ശുദ്ധമായ കുടിവെള്ളമില്ലായ്മ, ഐസ് ലഭിക്കാത്തത് ഇവയെല്ലാം പ്രതിഷേധത്തിന് കാരണമായെന്നാണ് തടവുകാരുടെ അഭിഭാഷകര്‍ അന്തർ ദേശീയ മാധ്യമങ്ങളോട് വിശദമാക്കുന്നത്. ചൊവ്വാഴ്ച വരെ ഈ മേഖലയില്‍ ചൂട് ഉയരുമെന്നാണ് കാലാവസ്ഥാ വിദഗ്ധര്‍ വിശദമാക്കുന്നത്.

ചൂട് അമിതമായി ഉയരുന്നത് അമ്രിക്കയിലെ ജയിലുകളില്‍ കഴിയുന്നവര്‍ക്കുള്ള സാഹചര്യങ്ങളില്‍ മാറ്റം വരുത്തണമെന്ന ആവശ്യം ശക്തമാക്കാന്‍ കാരണമായിട്ടുണ്ട്. ജയിലുകളില്‍ ജീവനക്കാരുടെ കുറവ് മൂലം തടവുകാരെ ഒഴിവ് സമയത്ത് സെല്ലിന് പുറത്ത് ഇറക്കുന്നത് വരെ കുറവാണെന്നാണ് വ്യാപകമാവുന്ന ആരോപണം. വാരാന്ത്യമായതോടെ അവധിയിലായ ഉദ്യോഗസ്ഥരുടെ എണ്ണം കൂടുക കൂടി ചെയ്തതിന് പിന്നാലെ സെല്ലുകളില്‍ ദീര്‍ഘ നേരത്തേക്ക് അടച്ചിട്ടതോടെയാണ് തടവുകാര്‍ പ്രതിഷേധവുമായി എത്തിയത്. ലഭ്യമാകുന്ന കണക്കുകളുടെ അടിസ്ഥാനത്തില്‍ 1200ഓളം തടവുകാരാണ് നിലവില്‍ ഈ ജയിലില്‍ കഴിയുന്നത്.

കൊടും ചൂട്, വരൾച്ച,കാട്ടുതീ,ചുഴലിക്കാറ്റ്, വെള്ളപ്പൊക്കം അങ്ങനെ മുമ്പെങ്ങും ഉണ്ടാകാത്ത വെല്ലുവിളി നേരിടുകയാണ് ലോകം. പ്രത്യേകിച്ച് കഴിഞ്ഞ രണ്ടാഴ്ചകളിലായി നോർതേൺ ഹെമിസ്‌ഫിയറിൽ ഉൾപ്പെടുന്ന രാജ്യങ്ങൾ അതിരൂക്ഷമായ കാലാവസ്‌ഥാ വ്യതിയാനത്തിലൂടെയാണ് കടന്നുപോയത്. യുകെയിലെ 97 പ്രദേശങ്ങളിൽ 72ലും റെക്കോർഡ് ചൂടാണ് രേഖപ്പെടുത്തിയത്. ജൂലൈ ആദ്യ വാരത്തിൽ ശരാശരി ആഗോള താപനില 17.23 ഡിഗ്രി സെൽഷ്യത്തിൽ എത്തിയിരുന്നു. 2016ലെ 16.92 സെൽഷ്യസ് എന്ന റെക്കോർഡാണ് തകർക്കപ്പെട്ടത്. ഇങ്ങനെ ലോകരാജ്യങ്ങൾ കഴിഞ്ഞ ഏതാനും ആഴ്ചകളായി നേരിടുന്നത് സമാനതകളില്ലാത്ത വെല്ലുവിളികളാണ്. മെഡിറ്ററേനിയൻ രാജ്യങ്ങളിൽ ദശലക്ഷക്കണക്കിന് ജനങ്ങൾ ചുട്ടുപൊള്ളുന്ന കൊടും ചൂടിലൂടെ കടന്നുപോയി. ഗ്രീസിലെ പ്രധാനപ്പെട്ട വിനോദ സഞ്ചാര പ്രദേശങ്ങളെല്ലാം ചൂട് കാരണം അടച്ചുപൂട്ടി. ജൂലൈ 1നും 25നുമിടയിൽ ലോകത്തെ തന്നെ ഭീതിയിലാഴ്ത്തി കൊണ്ട് ഗ്രീസിലുണ്ടായ കാട്ടുതീയിൽ ഒരു ദശലക്ഷം ടൺ കാർബൺ ഡൈഓക്സൈഡ് പുറന്തള്ളപ്പെട്ടുവെന്നാണ് കണക്ക്. ജൂലൈ 26ന് ചൈനയേയും, ഫിലിപ്പിയൻസിനെയും തകർത്ത പേമാരിയും കൊടുങ്കാറ്റും, വെള്ളപ്പൊക്കവും കാലാവസ്‌ഥാ വ്യതിയാനത്തിന്റെ മറ്റൊരു ഭീകര മുഖമാണ് ലോകത്തിന് കാണിച്ചു തന്നത്.

ഇറ്റലിയിലും സ്ഥിതി ഗുരുതരമായിരുന്നു. എല്ലാ നഗരങ്ങൾക്കും റെഡ് അലർട്ട് മുന്നറിയിപ്പാണ് നൽകിയിരുന്നത്. ജൂണിൽ ആരംഭിച്ച എൽനിനോ പ്രതിഭാസവും 2023നെ ചുട്ടുപൊള്ളുന്ന വർഷമാക്കി മാറ്റിയെന്നും ശാസ്ത്രജ്ഞർ പറയുന്നു. വരാനിരിക്കുന്ന നാളുകളിൽ ഇങ്ങനെ മാറിമറിയുന്ന കാലാവസ്‌ഥയും, സർവ്വതും തകർത്തെറിയുന്ന പ്രകൃതി ദുരന്തങ്ങളും മനുഷ്യരാശിയ്ക്ക് ഭീഷണിയാകുമെന്ന റിപ്പോർട്ടുകളും വരുന്നുണ്ട്.

ആഗോളതാപനം രണ്ട് ഡിഗ്രി സെൽഷ്യസ് കൂടിയാല്‍, അടുത്ത നൂറ്റാണ്ടിൽ ഏകദേശം നൂറ് കോടി മനുഷ്യരുടെ മരണത്തിന് കാരണമായി മാറുമെന്നും 40 ശതമാനത്തിലധികം കാർബണിന്റെ പുറംതള്ളലിന് എണ്ണ- വാതക വ്യവസായം നേരിട്ടും അല്ലാതെയും ഉത്തരവാദികളാണെന്നുമാണ് അടുത്തിടെ എനർജീസ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നത്. കാലാവസ്‌ഥാ വ്യതിയാനത്തിന്റെ ഭീകര അവസ്‌ഥയിലൂടെയാണ് ലോകമിപ്പോൾ കടന്നുപോകുന്നത്. വരാനിരിക്കുന്ന വലിയ വിപത്തിന്റെ മുന്നറിയിപ്പായി തന്നെ ഈ പഠനങ്ങളെയും, നിലവിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന പ്രകൃതി ദുരന്തങ്ങളെയും കാണേണ്ടി വരും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

ശക്തമായ സമ്മർദ്ദവുമായി ഇസ്രയേൽ; ഇന്ത്യക്ക് ഭീഷണിയെന്നും മുന്നറിയിപ്പ്; ഹമാസിനെ ഭീകര സംഘടനയായി പ്രഖ്യാപിക്കണമെന്ന് ആവശ്യം
കൊടുംതണുപ്പിൽ 33കാരിയുടെ മരണത്തിൽ ദുരൂഹത; പർവതാരോഹകനായ കാമുകൻ മനപ്പൂർവം മരണത്തിലേക്ക് തള്ളിവിട്ടെന്ന് ആരോപണം