പശ്ചിമേഷ്യൻ സംഘർഷം തുടരുന്നതിനിടെ സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ സുപ്രധാന അറിയിപ്പ്, ഖത്തർ വ്യോമപാത ഭാഗികമായി തുറക്കുന്നു

Published : Mar 07, 2026, 12:49 PM IST
qatar

Synopsis

പശ്ചിമേഷ്യൻ സംഘർഷങ്ങളെ തുടർന്ന് അടച്ചിട്ട ഖത്തർ വ്യോമപാത ഭാഗികമായി തുറന്നു. ഖത്തറിൽ കുടുങ്ങിയ യാത്രക്കാർക്കും ചരക്ക് വിമാനങ്ങൾക്കുമാണ് നിലവിൽ അനുമതി നൽകിയിരിക്കുന്നത്. 

ദോഹ: പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യങ്ങളെ തുടർന്ന് അടച്ചിട്ടിരുന്ന ഖത്തർ വ്യോമപാത ഭാഗികമായി തുറന്നു. വ്യോമഗതാഗതം ഭാഗികമായി പുനരാരംഭിച്ചതായി സിവിൽ ഏവിയേഷൻ അതോറിറ്റി വെള്ളിയാഴ്ച അറിയിച്ചു. രാജ്യത്തെ സായുധ സേനയുമായും മറ്റ് ബന്ധപ്പെട്ട ഔദ്യോഗിക വകുപ്പുകളുമായും പൂർണ്ണമായി ഏകോപിപ്പിച്ചാണ് ഈ നടപടി. നിലവിലെ പ്രത്യേക സാഹചര്യം പരിഗണിച്ച്, മുൻകൂട്ടി നിശ്ചയിച്ച അടിയന്തര പാതകൾ വഴിയാണ് വിമാനങ്ങൾ സർവീസ് നടത്തുക.

കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതിനുള്ള പരിമിതമായ വിമാനങ്ങൾക്കും ചരക്ക് വിമാനങ്ങൾക്കും മാത്രമാണ് നിലവിൽ അനുമതിയുള്ളത്. ദോഹയിലേക്കും തിരിച്ചുമുള്ള സാധാരണ ഷെഡ്യൂൾഡ് വിമാനങ്ങളുടെ സർവീസ് ഇപ്പോഴത്തെ അറിയിപ്പിൽ ഉൾപ്പെടുന്നില്ല. വ്യോമപാത പൂർണ്ണമായും സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തിയ ശേഷം ഔദ്യോഗിക അറിയിപ്പ് ലഭിച്ചാൽ മാത്രമേ പതിവ് സർവീസുകൾ ആരംഭിക്കൂ. അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിച്ച് യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനാണ് മുൻഗണന നൽകുന്നതെന്ന് അതോറിറ്റി വ്യക്തമാക്കി. കൺഫേം ചെയ്ത ടിക്കറ്റുകൾ കൈവശമുള്ള യാത്രക്കാർ തങ്ങളുടെ വിമാനങ്ങളെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങൾ അറിയാൻ അതത് വിമാനക്കമ്പനികളുമായി നിരന്തരം ബന്ധപ്പെടണം. സാഹചര്യങ്ങൾ നിരീക്ഷിച്ചു വരികയാണെന്നും മാറ്റങ്ങൾ യഥാസമയം പൊതുജനങ്ങളെ അറിയിക്കുമെന്നും അധികൃതർ അറിയിച്ചു.

 

 

 

രാജ്യത്ത് സുരക്ഷാ മുന്നറിയിപ്പ്

രാജ്യത്ത് നിലനിൽക്കുന്ന അടിയന്തര സാഹചര്യം കണക്കിലെടുത്ത് രാജ്യത്തെ പൗരന്മാർക്കും താമസക്കാർക്കും കർശന സുരക്ഷാ മുന്നറിയിപ്പുകളാണ് കഴിഞ്ഞ ദിവസങ്ങളിലായി ഖത്തർ ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ചിട്ടുള്ളത്. സുരക്ഷാ ഭീഷണി മുൻനിർത്തി രാജ്യത്തെ ജാഗ്രതാ നില ഉയർത്തിയതായും പൊതുജനങ്ങൾ അതീവ ശ്രദ്ധ പുലർത്തണമെന്നും മന്ത്രാലയം അറിയിച്ചു. 

പ്രധാന നിർദ്ദേശങ്ങൾ

വീടിനുള്ളിൽ കഴിയുക: അനാവശ്യമായ പുറത്തിറങ്ങലുകൾ ഒഴിവാക്കി ജനങ്ങൾ വീടുകൾക്കുള്ളിൽ തന്നെ സുരക്ഷിതരായിരിക്കണം. നിലവിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് രക്ഷിതാക്കൾ അതീവ ജാഗ്രത പാലിക്കുകയും കുട്ടികളെ വീടിനുള്ളിൽ തന്നെ ഇരുത്തുകയും വേണം.

ജനാലകളിൽ നിന്ന് അകലം പാലിക്കുക: കെട്ടിടങ്ങളുടെ ജനാലകൾക്കും വാതിലുകൾക്കും സമീപമോ തുറസ്സായ സ്ഥലങ്ങളിലോ നിൽക്കരുതെന്ന് മന്ത്രാലയം പ്രത്യേകം നിർദ്ദേശിച്ചിട്ടുണ്ട്. 

മൊബൈൽ അലേർട്ടുകൾ ശ്രദ്ധിക്കുക: സർക്കാരിന്റെ ഔദ്യോഗിക 'ഏർളി വാണിംഗ് സിസ്റ്റം' വഴി മൊബൈലിൽ ലഭിക്കുന്ന സന്ദേശങ്ങൾ കൃത്യമായി പാലിക്കുക.

അപരിചിത വസ്തുക്കളിൽ തൊടരുത്: റോഡുകളിലോ പരിസരത്തോ കാണപ്പെടുന്ന അവശിഷ്ടങ്ങളോ സംശയാസ്പദമായ വസ്തുക്കളോ സ്പർശിക്കാൻ പാടില്ല. ഇത്തരം വസ്തുക്കൾ കണ്ടാൽ ഉടൻ തന്നെ 999 എന്ന നമ്പറിൽ ബന്ധപ്പെടണം.

വ്യാജവാർത്തകൾ പ്രചരിപ്പിക്കരുത്: വ്യാജ വാർത്തകളോ ദൃശ്യങ്ങളോ പ്രചരിപ്പിക്കുകയോ പങ്കുവെക്കുകയോ ചെയ്യരുത്. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കുക. സോഷ്യൽ മീഡിയ വഴിയുള്ള തെറ്റായ പ്രചാരണങ്ങൾ ശിക്ഷാർഹമാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇറാൻ യുദ്ധം; ട്രംപ് അസ്വസ്ഥൻ? ട്രംപിന് ശക്തി പകരാൻ ഓവൽ ഓഫീസിൽ പ്രാർത്ഥന നടത്തി പാസ്റ്റർമാർ
പശ്ചിമേഷ്യന്‍ പ്രശ്‌നത്തില്‍ തലയിടാന്‍ പാകിസ്ഥാന്‍? നിർണായക കൂടിക്കാഴ്ച, സൗദി പ്രതിരോധ മന്ത്രിയെ കണ്ട് പാക് സൈനിക മേധാവി