3300- ലധികം പേരുടെ ഓർമകൾ ഉറങ്ങുന്ന ഇടം, അജ്ഞാത പോരാളിയുടെ കല്ലറ, ശ്രദ്ധയിലേക്കെത്തുന്ന വെസ്റ്റ്മിൻസ്റ്റർ അബി

Published : Sep 19, 2022, 04:39 PM IST
 3300- ലധികം പേരുടെ ഓർമകൾ ഉറങ്ങുന്ന ഇടം, അജ്ഞാത പോരാളിയുടെ കല്ലറ, ശ്രദ്ധയിലേക്കെത്തുന്ന വെസ്റ്റ്മിൻസ്റ്റർ അബി

Synopsis

ലോകം ഒരിക്കൽ കൂടി ശ്രദ്ധിച്ച കേന്ദ്രമായിരുന്നു ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ അബി. രാജാക്കാൻമാരുടെയും രാജ്ഞിമാരുടെയും കിരീടധാരണവും രാജകുടുംബത്തിലെ വിവാഹങ്ങളും തുടങ്ങി നിരവധി രാജകീയ ചരിത്രത്തിലെ എണ്ണമറ്റ സംഭവങ്ങൾക്ക് സാക്ഷിയായ ഇടം. ബ്രിട്ടീഷ് ചരിത്രത്തിൽ തന്നെ തല ഉയർത്തിപ്പിടിച്ചു നിൽക്കുന്ന ഇടം

ലോകം ഒരിക്കൽ കൂടി ശ്രദ്ധിച്ച കേന്ദ്രമായിരുന്നു ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ അബി. രാജാക്കാൻമാരുടെയും രാജ്ഞിമാരുടെയും കിരീടധാരണവും രാജകുടുംബത്തിലെ വിവാഹങ്ങളും തുടങ്ങി നിരവധി രാജകീയ ചരിത്രത്തിലെ എണ്ണമറ്റ സംഭവങ്ങൾക്ക് സാക്ഷിയായ ഇടം. ബ്രിട്ടീഷ് ചരിത്രത്തിൽ തന്നെ തല ഉയർത്തിപ്പിടിച്ചു നിൽക്കുന്ന ഇടം. പഴയ ബെനഡിക്ടൈൻ സന്യാസീമഠത്തിന്റെ വളപ്പിലാണ് വെസ്റ്റ്മിൻസ്റ്റർ അബി. എഡ്ഗാർ രാജാവിന്റെ അനുഗ്രഹാശിസ്സുകളോടെയാണ് അന്ന് ആ സന്യാസീമഠം സ്ഥാപിച്ചത്. സെന്റ് പീറ്റർ അപ്പോസ്തന്റെ ബഹുമാനാർത്ഥം പള്ളിയും പണിതു. ലണ്ടനിലെ സെന്റ് പോൾ കത്തീഡ്രലിൽ നിന്ന് വേറിട്ട് നിൽക്കാനായി വെസ്റ്റ്മിൻസ്റ്റർ എന്ന് അറിയപ്പെട്ടു. 

നിർഭാഗ്യവശാൽ 1065 ഡിസംബറിൽ പള്ളി അഭിഷേകച്ചടങ്ങിൽ പങ്കെടുക്കാൻ എഡ്ഗാർ രാജാവിന് അനാരോഗ്യം കാരണം കഴിഞ്ഞില്ല.  1066 ലെ ക്രിസ്മസ് ദിനത്തിൽ വില്യം ചക്രവർത്തിയുടെ കിരീടധാരണം നടന്നത് ഇവിടെയാണ്. പതിമൂന്നാം നൂറ്റാണ്ടിൽ ഹെൻറി മൂന്നാമൻ രാജാവ് ആണ് പള്ളി പുതുക്കിപ്പണിയാൻ തീരുമാനിച്ചത് . ഗോഥിക് നിർമാണ സൈലി സ്വീകരിക്കാനായിരുന്നു തീരുമാനം. പുതുക്കി പണിത പള്ളിയുടെ വിശുദ്ധമാക്കൽ ചടങ്ങ് 1269 ഒക്ടോബറിലായിരുന്നു.

1540ൽ ഹെൻറി എട്ടാമൻ പള്ളിയെ ഉയർത്തി. കത്തീ‍ഡ്രൽ ചർച്ചായിട്ട്. വെസ്റ്റ്മിൻസ്റ്ററിലെ കോളേജീയറ്റ് ചർച്ച് ഓഫ് സെന്റ് പീറ്റർ ആയുള്ള പുനർജന്മം 1560ലാണ്. ഒന്നാം എലിസബത്ത് റാണിയുടെ ഭരണകാലത്ത്.  ആർച്ച്ബിഷപ്പുമാരെയും ബിഷപ്പുമാരേയും മേൽനോട്ട ചുമതലയിൽ നിന്ന് ഒഴിവാക്കി ഭരണം റാണിക്ക് ആയതും അപ്പോൾ തന്നെ.  പള്ളിയുടെ ഭരണച്ചുമതല ഡീനിനാണ്.  സ്ഥിരം പ്രാർത്ഥനകളും ആരാധനച്ചടങ്ങുകളും പുറമെ പ്രത്യേക പ്രാർത്ഥനകളും പതിവായി അബിയിൽ നടക്കുന്നു.  ബെനഡിക്ട് പതിനാറാമൻ ആണ് അബി സന്ദർശിച്ച ആദ്യ മാർപാപ്പ. (2010) . 

നിരവധി പുതുക്കിപ്പണിയലുകളും കൂട്ടിച്ചേർക്കലും കണ്ട വെസ്റ്റ്മിൻസ്റ്റർ അബിയുടെ  ശിൽപസൗന്ദര്യം പേരു കേട്ടതാണ്. കെട്ടിട നിർമാണ ശൈലിയുടെ സൗന്ദര്യം കൊണ്ടും പ്രൗഡി കൊണ്ടും പ്രസിദ്ധം. ഇവിടത്തെ നിറപ്പകിട്ടേറിയ കണ്ണാടിച്ചില്ലുകൾ നിറഞ്ഞ ജനാലകൾ ആകർഷകമാണ്. ലണ്ടനിൽ എത്തുന്ന സഞ്ചാരികൾ ആരും അബി സന്ദർശിക്കാതെ പോകാറില്ല. പാർലമെന്റ് ഹൗസിന് പടിഞ്ഞാറുവശം സ്ഥിതി ചെയ്യുന്ന വെസ്റ്റ് മിൻസ്റ്റർ അബിയും സെന്റ് മാർഗരറ്റ് ചർച്ചും എല്ലാമായി യുനെസ്കോയുടെ ലോക പൈതൃകകേന്ദ്ര പട്ടികയിൽ 1987ൽ ഇടംപിടിച്ചിട്ടുണ്ട്. 

1066ൽ വില്യം ചക്രവർത്തി മുതൽ 38 ബ്രിട്ടീഷ് രാജാക്കൻമാരുടെയും റാണിമാരുടെയും കിരീടധാരണച്ചടങ്ങ് നടന്നിട്ടുള്ളത് വെസ്റ്റ്മിൻസ്റ്റർ അബിയിലാണ്. എഡ്വേർഡ് അഞ്ചാമനും എട്ടാമനും മാത്രമാണ് അപവാദം. പിതാവായ ജോർജ് അഞ്ചാമൻ രാജാവിന്റെ നിര്യാണത്തിന് പിന്നാലെ രാജാവ് ആയെങ്കിലും കിരീടധാരണച്ചടങ്ങിന് മുന്നേ തന്നെ വാലി സിംപ്സണുമായുള്ള വിവാഹത്തിനായി എഡ്വേർഡ് എട്ടാമൻ ചുമതല ഒഴിഞ്ഞിരുന്നു.
   
1100ൽ സ്കോട്ട്ലൻ‍ഡിലെ മറ്റിൽഡ രാജകുമാരിയുമായുള്ള ഹെൻറി ഒന്നാമന്റെ വിവാഹം മുതൽ നിരവധി രാജകീയ വിവാഹങ്ങളാണ് അബിയിൽ നടന്നിട്ടുള്ളത്. രാജകുമാരി ആയിരുന്ന എലിസബത്ത് ഫിലിപ്പ് രാജകുമാരനെ കല്യാണം കഴിച്ചതും രാ‍‍‍‍ജ്ഞി ആയപ്പോൾ കിരീടം ഏറ്റുവാങ്ങിയതും അബിയിൽ തന്നെ.  ഇപ്പോൾ വെയ്ൽസ് രാജകുമാരനായ, പേരക്കുട്ടി വില്യം 2011ൽ കേറ്റ് മിഡിൽടണിനെ വിവാഹം കഴിച്ചതും ഇതേ അബിയിൽ. തീർന്നില്ല. രാജാക്കൻമാരും റാണിമാരുമായി നിരവധി രാജകീയ വ്യക്തിത്വങ്ങളുടെ സംസ്കാരച്ചടങ്ങുകളും അബിയിൽ നടന്നിട്ടുണ്ട്. ആദ്യം 1066ൽ എഡ്വേർഡ് രാജാവിന്റെ. അവസാനം നടന്നത്  1760-ൽ അന്തരിച്ച ജോർജ് രണ്ടാമന്റെത്. 

പിന്നീട് രാജാക്കൻമാരുടെയും റാണിമാരുടെയും സംസ്കാരം നടന്നത് വിൻഡ്സർ കൊട്ടാരത്തിലെ സെന്റ് ജോർജ് ചാപ്പലിലും ഫ്രാഗ്‍മോറിലെ ശവകുടീരത്തിലുമായിരുന്നു.   ഡയാന രാജകുമാരിയുടേയും അമ്മ മഹാറാണിയുടേയും ചടങ്ങുകൾ നടന്നതും ഇവിടെ. എട്ട് പ്രധാനമന്ത്രിമാരുടെയും  ചാൾസ് ഡിക്കൻസ്, ജേയ്ൻ ഓസ്റ്റിൻ, ചാൾസ് ഡാർവിൻ, റുഡ്യാൾഡ് കിപ്ലിങ്, ലോറൻസ് ഒളിവർ, സാമുവൽ ജോൺസൺ, തോമസ് ഹാർഡി  ഐസക് ന്യൂട്ടൻ, ഡേവിഡ് ലിവിങ്സ്റ്റൺ തുടങ്ങി നിരവധി സവിശേഷ വ്യക്തികളുടെ   കല്ലറകളും സ്മാരകശിലകളും ഇവിടെയുണ്ട്.  3300ലധികം പേരുടെ ഓർമകൾ ഉറങ്ങുന്ന ഇടമാണ് വെസ്റ്റ് മിൻസ്റ്റർ അബി. അജ്ഞാതനായ പോരാളിയുടെ കല്ലറയും അബിയിൽ തന്നെ.  യുദ്ധത്തിൽ രാജ്യത്തിനായി പോരാടി വീഴുന്ന ധീരയോദ്ധാവിന്റെ പ്രതീകമാണത്. അബിയുടെ പടിഞ്ഞാറൽ വാതിലിനോടുള്ള ചേർന്നുള്ള ഇവിടം റീത്ത് സമർപ്പിക്കൽ വിശിഷ്ട വ്യക്തികളുടെ ബ്രിട്ടീഷ് സന്ദർശനത്തിന്റെ ഭാഗമാണ്. ഗോഥിക് യൂറോപ്യൻ ശിൽപകലയുടെ സൗന്ദര്യം ആവാഹിച്ച  വെസ്റ്റ് മിൻസ്റ്റർ അബി ബ്രിട്ടീഷ് ചരിത്രത്തിലെ ഓർമകളുടെ പുണ്യഭൂമികയാണ്. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മനുഷ്യൻ വീണ്ടും ചന്ദ്രനിലേക്ക്; 54 വർഷത്തിന് ശേഷം നാസയുടെ ദൗത്യം, ചന്ദ്രനെ ചുറ്റി തിരിച്ചെത്തുക വനിത ഉൾപ്പെടെ നാലംഗ സംഘം
ഇന്ത്യക്കാർ ഇറാൻ വിടണമെന്ന നിർദേശവുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം; ഇറാനിലുള്ളത് 9000 ഇന്ത്യക്കാർ