
കറാച്ചി: സർവകലാശാല പരീക്ഷയിൽ സഹോദരനും സഹോദരിയും തമ്മിലുള്ള ലൈംഗികതയെക്കുറിച്ചുള്ള ചോദ്യത്തെ തുടർന്ന് പാകിസ്ഥാനില്‍ വിവാദം പുകയുന്നു. ഇസ്ലാമാബാദിലെ കോംസാറ്റ്സ് യൂണിവേഴ്സിറ്റിയാണ് സഹോദരനും സഹോദരിയും തമ്മിലുള്ള ലൈംഗികതയെ കുറിച്ച് അഭിപ്രായം എഴുതാൻ ആവശ്യപ്പെട്ടത്. ഇതിനെതിരെ സാമൂഹ്യ-രാഷ്ട്രീയ -വിദ്യാർത്ഥി സംഘടനകൾ വിമർശനവുമായി രംഗത്തെത്തുകയായിരുന്നു.
കഴിഞ്ഞ വർഷം ഡിസംബർ അവസാന ആഴ്ചയിൽ ബാച്ച്ലർ ഓഫ് ഇലക്ട്രിക്കൽ എഞ്ചിനീയറിങ് വിദ്യാർത്ഥികൾക്കായി നടന്ന പരീക്ഷയിലാണ് വിവാദചോദ്യം. ജൂലി-മാർക്ക് സിനാരിയോ എന്ന ടൈറ്റിലിലുള്ള പാരഗ്രാഫ് വായിച്ച് ആ വിഷയത്തിൽ ലേഖനം എഴുതാനായിരുന്നു ചോദ്യം. സഹോദരി-സഹോദരൻമാരയ ജൂലിയും മാർക്കും സമ്മർ വെക്കേഷനിൽ ഫ്രാൻസിൽ ഒരുമിച്ച് യാത്ര ചെയ്യുന്നതും പിന്നീട് പ്രണയത്തിലേർപ്പെടുന്നതുമാണ് കുറിപ്പിലുള്ളത്. ഈ വിഷയത്തിൽ വിദ്യാർത്ഥികളുടെ കാഴ്ച്ചപ്പാടാണ് ചോദ്യമായി സർവ്വകലാശാല മുന്നോട്ട് വെച്ചിരിക്കുന്നത്. സംഭവം പുറത്തുവന്നതോടെ വിവിധ മേഖലകളിലുള്ളവർ വിമർശനവുമായി രംഗത്തെത്തുകയായിരുന്നു.
അഭിനേതാവും ഗായകനുമായ മിശിഖാൻ വിമർശനവുമായി രംഗത്തെത്തി. കോംസാറ്റ്സ് സർവ്വകലാശാലയെക്കുറിച്ച് ലജ്ജിക്കുന്നുവെന്ന് മിശിഖാൻ ട്വീറ്റ് ചെയ്തു. 'നിങ്ങളുടെ ദയനീയമായ സർവകലാശാല അടച്ചു പൂട്ടണം. ലൈംഗിക വൈകൃതമുള്ള അധ്യാപകരെ പുറത്താക്കണമെന്നും ആരാണ് ഇത്തരത്തിൽ മാലിന്യമുള്ള ചോദ്യങ്ങൾക്കു പിറകിലെന്നും' മിശിഖാൻ ചോദിച്ചു. രാജ്യത്തെ യുവാക്കളുടെ സംസ്കാരവും മതമൂല്യവും ഇല്ലാതാക്കാൻ ശ്രമിക്കുകയാണ് പാക്കിസ്ഥാനിലെ ഉയർന്ന സർവ്വകലാശാലകളെന്ന് ഷെഹ്രിയാർ ബുഖാരി ഫേസ്ബുക്കിൽ കുറിച്ചു.
അതേസമയം, ചോദ്യം തയ്യാറാക്കിയ അധ്യാപികയെ പുറത്താക്കുകയും കരിമ്പട്ടികയിൽ പെടുത്തിയെന്നും ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. ചോദ്യം വളരെ ദോഷകരമായതും ഇസ്ലാമിക രാജ്യമായ പാകിസ്ഥാന്‍റെ ധാർമ്മികതക്ക് എതിരാണെന്നും റിപ്പോർട്ടിൽ പറയുന്നു. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ചോദ്യം വളരെ അസ്വസ്ഥത സൃഷ്ടിച്ചുവെന്നും സർവ്വകലാശാല അധികൃതർ പുറത്തിറക്കിയ കുറിപ്പിൽ വ്യക്തമാക്കുന്നതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam