
കീവ്: റഷ്യയുമായുള്ള യുദ്ധത്തില്‍ യുക്രെയ്ന്‍ സൈന്യത്തിന് പാകിസ്ഥാന്‍ ആയുധങ്ങള്‍ നല്‍കിയെന്ന് റിപ്പോര്‍ട്ട്. റഷ്യയുമായി വളരെ അടുത്ത സൌഹൃദത്തിലുള്ള പാകിസ്ഥാന്‍ യുക്രെയ്നെ സഹായിക്കുന്നു എന്ന വാര്‍ത്ത ഏറെ കൌതുകത്തോടെയാണ് ലോകം കേട്ടത്.
ഉക്രേനിയൻ പീരങ്കിപടയില്‍ പാക്കിസ്ഥാനി ഓർഡനൻസ് ഫാക്ടറികൾ (പിഒഎഫ്) നിർമ്മിച്ച 122 എംഎം എച്ച്ഇ ആർട്ടിലറി പ്രൊജക്‌ടൈലുകൾ ഉപയോഗിക്കുന്നതായി ട്വിറ്ററിൽ പ്രചരിക്കുന്ന പോസ്റ്റുകളിലാണ് ആദ്യം പ്രത്യക്ഷപ്പെട്ടത്.
"പീരങ്കികളുടെ കാര്യത്തിൽ ഉക്രേനിയൻ സൈന്യത്തിന്റെ വൻതോതിലുള്ള ആവശ്യങ്ങൾ ചില അസാധാരണ സ്രോതസ്സുകളിൽ നിന്നാണ് നിറവേറ്റുന്നത് - പാകിസ്ഥാൻ ഓർഡനൻസ് ഫാക്ടറികൾ (പിഒഎഫ്) നിർമ്മിച്ച 122 എംഎം എച്ച്ഇ പീരങ്കികൾ ഉപയോഗിക്കുന്നു" ഉക്രെയ്ൻ വെപ്പൺസ് ട്രാക്കർ ട്വീറ്റ് ചെയ്തു.
ട്വീറ്റുകളുടെ ഒരു പരമ്പര തന്നെ ഈ വിഷയത്തില്‍ ഈ അക്കൌണ്ടില്‍ നിന്നും ഉണ്ടായിട്ടുണ്ട്. ഉക്രെയ്നിലെ പ്രതിരോധ സാമഗ്രികളുടെ ഉപയോഗം സംബന്ധിച്ച വിവരങ്ങളാണ് ഈ അക്കൌണ്ടില്‍ ട്രാക്ക് ചെയ്യുന്നത് എന്നാണ് അവകാശവാദം. നിരവധി പ്രമുഖ പ്രതിരോധ വിദഗ്ധർ ആ അക്കൌണ്ട് പിന്തുടരുന്നുണ്ട്.
ഈ പീരങ്കി പ്രൊജക്‌ടൈലുകൾ ഏതാനും മാസങ്ങൾക്കുമുമ്പ് നിർമ്മിച്ചതാണെന്നും ട്രാക്കർ അവകാശപ്പെടുന്നത്. “ഈ പ്രൊജക്‌ടൈലുകൾ ഏതാനും മാസങ്ങൾക്കുമുമ്പ് നിർമ്മിച്ചതാണ് - ഉക്രെയ്‌നിലേക്ക് ഇവ എങ്ങനെ എത്തി എന്നത് വെളിപ്പെടുത്താന്‍ സാധിക്കുന്ന അവസ്ഥയില്‍ അല്ല. ഉക്രേനിയൻ സായുധ സേനയ്ക്ക് വിവിധ ഇടങ്ങളില്‍ നിന്നും, തീര്‍ത്തും അപരിചിതമായ രീതിയില്‍ അവശ്യവസ്തുക്കള്‍ എത്തുന്നതിന് ഒരു ഉദാഹരണമാണിത്" - ട്വീറ്റ് പറയുന്നു.
റഷ്യയുമായി സൗഹൃദം നിലനിര്‍ത്താന്‍ പാകിസ്ഥാൻ ശ്രമിക്കുന്നതിനിടെയാണ് പുതിയ വാര്‍ത്ത വരുന്നത്. ഉക്രെയ്നിലേക്കുള്ള ആയുധ വിതരണത്തിന്റെ റിപ്പോർട്ട് റഷ്യ പാകിസ്ഥാന്‍ ബന്ധത്തിന്‍റെ ഭാവി സംബന്ധിച്ച് എന്ത് മാറ്റം ഉണ്ടാക്കും എന്നത് നിര്‍ണ്ണായകമാണ്. യുക്രെയ്നിലേക്ക് റഷ്യന്‍ അധിനിവേശത്തിന് തൊട്ടുമുന്‍പ് മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്‍ മോസ്‌കോ സന്ദര്‍ശിച്ചത് പാകിസ്ഥാനിലും വിദേശത്തും രൂക്ഷമായ വിമര്‍ശനത്തിന് കാരണമായിരുന്നു.
ഫെബ്രുവരിയിൽ പ്രസിഡന്‍റെ വ്‌ളാഡിമിർ പുടിൻ ഉക്രെയ്‌നിൽ "പ്രത്യേക സൈനിക നടപടി"ക്ക് ഉത്തരവിട്ടപ്പോൾ തന്നെയാണ് റഷ്യയുമായുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുമെന്ന പ്രതീക്ഷയിൽ ഇമ്രാൻ മോസ്കോയിൽ എത്തിയത്.
ഉക്രെയ്നിൽ പാകിസ്ഥാൻ നിർമ്മിത ആയുധങ്ങളുടെ സാന്നിധ്യത്തെക്കുറിച്ചുള്ള ഈ ഏറ്റവും പുതിയ റിപ്പോർട്ട് റഷ്യ സുഖകരമായ കാര്യമായല്ല കാണുന്നതെന്നും. ഇസ്ലാമാബാദുമായുള്ള ബന്ധം പുനർവിചിന്തനം ചെയ്യാൻ അവർ നിർബന്ധിതരാകുമെന്നും വിദഗ്ധർ കരുതുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam