
കീവ്: കാര്‍കീവ് മേഖലയിലെ പീസോചിനില്‍ കുടുങ്ങി കിടക്കുന്നവര്‍ക്കായി യുക്രൈനിലെ (Ukraine) ഇന്ത്യന്‍ എംബസിയുടെ (Indian Embassy) ഇടപെടല്‍. കുടുങ്ങിക്കിടക്കുന്ന 298 വിദ്യാര്‍ത്ഥികളെ രക്ഷപ്പെടുത്തുമെന്ന് എംബസി അറിയിച്ചു. ഇതിനായി പീസോചിനിലേക്ക് ബസ് പുറപ്പെട്ടതായും യുക്രൈനിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. വിദ്യാര്‍ത്ഥികളോട് സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പാലിക്കാനും മുന്‍കരുതലുകള്‍ എടുക്കാനും എംബസി ആവശ്യപ്പെട്ടിട്ടുണ്ട്.
അഞ്ച് ബസുകള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും വൈകുന്നേരത്തോടെ കൂടുതല്‍ ബസുകള്‍ എത്തുമെന്നും വിദേശകാര്യ മന്ത്രാലയം ജോയിന്‍റ് സെക്രട്ടറി അറിയിച്ചു. രണ്ടായിരത്തിലേറെ ഇന്ത്യക്കാര്‍ യുക്രൈനില്‍ ഇനിയും കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് കേന്ദ്രസര്‍ക്കാരിന്‍റെ കണക്ക്. പിസോച്ചിനിൽ ആയിരത്തോളം പേരും കാര്‍കീവില്‍ മുന്നൂറും സുമിയില്‍ 700 പേരും കുടുങ്ങി കിടക്കുന്നതായാണ് വിദേശകാര്യ മന്താലയത്തിന്‍റെ അറിയിപ്പ്. അതേസമയം രക്ഷാപ്രവർത്തനത്തിന് പ്രത്യേക ട്രെയിനുകൾ ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും യുക്രൈൻ ഇനിയും അനുകൂലമായ പ്രതികരണം നടത്തിയിട്ടില്ല.
അതേസമയം എംബസിയില്‍ നിന്ന് വിവരങ്ങള്‍ ലഭിക്കുന്നില്ലെന്ന് അറിയിച്ച് സുമി സ്റ്റേറ്റ് സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചു. കാല്‍നടയായി അതിര്‍ത്തിയിലേക്ക് നീങ്ങുമെന്നും വിദ്യാര്‍ത്ഥികള്‍ അറിയിച്ചു. ഓപ്പറേഷൻ ഗംഗയിലൂടെ ഇന്ത്യയിലെത്തിച്ചവരുടെ എണ്ണം 12000 കടന്നു. 24 മണിക്കൂറിനിടെ 629 പേരെയാണ് വ്യോമസേനാ വിമാനത്തിൽ ഇന്ത്യയിലെത്തിച്ചത്. മലയാളി വിദ്യാർത്ഥികൾക്കായി ദില്ലിയിൽ നിന്ന് കേരളത്തിലേക്ക് ഇന്ന് മൂന്ന് പ്രത്യേക വിമാനങ്ങൾ സർവ്വീസ് നടത്തുന്നുണ്ട്.
ന്യൂയോര്‍ക്ക്: സപ്രോഷ്യക്ക് പിന്നാലെ യുക്രൈനിലെ മറ്റൊരു ആണവനിലയം കൂടി റഷ്യ ലക്ഷ്യം വയ്ക്കുന്നുവെന്ന് അമേരിക്ക. യുഎന്നിലെ അമേരിക്കൻ അംബാസിഡർ രക്ഷാസമിതി യോഗത്തിലാണ് ആരോപണം ഉന്നയിച്ചത്. യുക്രൈനിലെ രണ്ടാമത്തെ വലിയ ആണവനിലയമായ യുസോക്രെയ്ൻസ്ക് റഷ്യ ലക്ഷ്യംവയ്ക്കുന്നുവെന്ന് യുഎസ് അംബാസിഡറായ ലിൻഡ തോമസ് ഗ്രീൻഫീൽഡ് പറഞ്ഞു. റഷ്യൻ സൈന്യം നിലയത്തിന്‍റെ 20 മൈൽ അകലെയെന്നും നിലയം ലക്ഷ്യമാക്കി നീങ്ങുകയാണെന്നുമാണ് അമേരിക്ക വ്യക്തമാക്കുന്നത്. റഷ്യയുടെ നീക്കം തടയാൻ അന്താരാഷ്ട്ര സമൂഹം ഒന്നിച്ചുനിന്ന് ആവശ്യപ്പെടണമെന്നും അമേരിക്ക ആവശ്യപ്പെട്ടു.
യുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ യുഎസ് വൈസ് പ്രസിഡന്‍റ് കമല ഹാരിസ് അടുത്ത ആഴ്ച്ച യൂറോപ്പ് സന്ദര്‍ശിക്കും. യുക്രൈന്‍ അതിര്‍ത്തി രാജ്യങ്ങളായ പോളണ്ടും റൊമാനിയയും സന്ദര്‍ശിക്കാനാണ് തീരുമാനം. മാര്‍ച്ച് ഒന്‍പത് മുതല്‍ 11 വരെയായിരിക്കും കമല ഹാരിസിന്‍റെ സന്ദര്‍ശനം. റഷ്യ യുക്രൈന്‍ യുദ്ധം സംബന്ധിച്ച് ഇരുരാജ്യങ്ങളുടെയും തലവന്മാരുമായി കമല ഹാരിസ് ചര്‍ച്ചകള്‍ നടത്തും. യുദ്ധമുഖത്ത് നിന്ന് പോളണ്ടിലേക്കും റൊമാനിയയിലേക്കും യുക്രൈന്‍ ജനത അഭയം തേടുന്ന സാഹചര്യത്തില്‍ ഇരുരാജ്യങ്ങളെയും എങ്ങനെ അമേരിക്കയ്ക്ക് സഹായിക്കാനാവും എന്നതും ചര്‍ച്ചയാവും. നാറ്റോ സഖ്യത്തിന്റെ ശക്തിയും ഐക്യവും തെളിയിക്കുന്നതും നാറ്റോയുടെ യൂറോപ്പിലെ കിഴക്കൻ സഖ്യകക്ഷികൾക്കുള്ള പിന്തുണ വ്യക്തമാക്കുന്നതും ആയിരിക്കും കമല ഹാരിസിന്‍റെ സന്ദര്‍ശനമെന്ന വൈറ്റ് ഹൗസ് അറിയിച്ചു.
അതേസമയം യുക്രൈന് മുകളിൽ നോ ഫ്ലൈ സോൺ ഏർപ്പെടുത്തണമെന്ന ആവശ്യം നാറ്റോ തള്ളി. നേരിട്ട് ഇടപെടുന്നത് നിലവിലെ സാഹചര്യം വഷളാക്കുമെന്നും ഇപ്പോൾ യുക്രൈനില്‍ ഒതുങ്ങി നിൽക്കുന്ന സംഘർഷം യൂറോപ്യൻ യുദ്ധമായി മാറുകയും ചെയ്യുമെന്നാണ് ഭയം. ഞങ്ങളീ യുദ്ധത്തിന്‍റെ ഭാഗമല്ലെന്നായിരുന്നു നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾടെൻബർഗിന്‍റെ പ്രതികരണം. നാറ്റോ സഖ്യകക്ഷികളെന്ന നിലയിൽ ചില ഉത്തരവാദിത്തങ്ങളുണ്ട്. ഈ യുദ്ധം യുക്രൈയ്ന്‍റെ അതിർത്തികൾ കടക്കരുത്. അങ്ങനെ സംഭവിച്ചാൽ അത് കൂടുതൽ ദുരിതത്തിലേക്ക് നയിക്കുമെന്നാണ് സ്റ്റോൾടെൻബർഗ് പറയുന്നത്.