ബഹ്റൈനിലെ താമസ കെട്ടിടത്തിന് നേരെ ഇറാന്‍റെ ആക്രമണം; വൻ നാശനഷ്ടം, ആളപായമില്ലെന്ന് അധികൃതർ

Published : Jun 28, 2026, 03:24 PM IST
bahrain attack

Synopsis

പശ്ചിമേഷ്യയെ വീണ്ടും സംഘർഷഭീതിയിലാക്കി ഇറാൻ ബഹ്റൈനും കുവൈത്തിനും നേരെ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ നടത്തി. ബഹ്റൈൻ പ്രതിരോധ സേന മിക്ക ആക്രമണങ്ങളെയും തകർത്തുവെങ്കിലും, മുഹറഖിലെ ഒരു റെസിഡൻഷ്യൽ കെട്ടിടത്തിന് കേടുപാടുകൾ സംഭവിച്ചു.  

മനാമ: ഒരിടവേളയ്ക്ക് ശേഷം പശ്ചിമേഷ്യ വീണ്ടും സംഘർഷഭീതിയിലേക്ക്. ഞായറാഴ്ച പുലർച്ചെ ബഹ്റൈനിൽ രണ്ടുതവണയാണ് വ്യോമാക്രമണ മുന്നറിയിപ്പിന്‍റെ സൈറണുകൾ മുഴങ്ങിയത്. സാധാരണക്കാരെ ലക്ഷ്യമിട്ട് ഇറാൻ തൊടുത്തുവിട്ട നിരവധി മിസൈലുകളും ഡ്രോണുകളും ബഹ്റൈൻ പ്രതിരോധ സേന ആകാശത്തുവെച്ച് തന്നെ തകർത്തു. എന്നാൽ, ആക്രമണത്തിൽ ബഹ്റൈനിലെ മുഹറഖ് ഗവർണറേറ്റിലുള്ള ഒരു റെസിഡൻഷ്യൽ കെട്ടിടത്തിന് കേടുപാടുകൾ സംഭവിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല. സിവിൽ ഡിഫൻസ് അടക്കമുള്ള ബന്ധപ്പെട്ട സുരക്ഷാ അധികൃതർ സ്ഥലത്തെത്തി ആവശ്യമായ മുൻകരുതലുകളും തുടർനടപടികളും സ്വീകരിച്ചിട്ടുണ്ട്.

ബഹ്റൈൻ ആഭ്യന്തര മന്ത്രാലയത്തിന്‍റെ ഔദ്യോഗിക 'എക്സ്' ഹാൻഡിലിലൂടെയാണ് കെട്ടിടത്തിന് കേടുപാടുകൾ സംഭവിച്ച ചിത്രങ്ങൾ സഹിതം വിവരം പുറത്തുവിട്ടത്. ആക്രമണത്തിൽ കെട്ടിടത്തിന്‍റെ മുകൾഭാഗവും അപ്പാർട്ട്മെന്റുകളുടെ ഉൾവശവും തകർന്ന നിലയിൽ ദൃശ്യങ്ങളിൽ കാണാം. പ്രദേശത്തെ സാഹചര്യം നിലവിൽ നിയന്ത്രണവിധേയമാണെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

സമാധാനക്കരാറുകൾ ലംഘിച്ചുകൊണ്ട് കുവൈത്തിനും ബഹ്റൈനും നേരെ ഞായറാഴ്ചയാണ് പുലർച്ചെ ഇറാൻ ശക്തമായ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ നടത്തിയത്. തങ്ങളുടെ രാജ്യത്തിന് നേരെ യുഎസ് നടത്തിയ ആക്രമണങ്ങൾക്ക് പകരമായാണ് ഈ നടപടിയെന്ന് ഇറാന്‍റെ റെവല്യൂഷണറി ഗാർഡ്സ് സ്ഥിരീകരിച്ചു. കുവൈത്തിന് നേരെ വന്ന രണ്ട് ബാലിസ്റ്റിക് മിസൈലുകൾ തങ്ങളുടെ സായുധ സേന വിജയകരമായി തകർത്തെന്ന് കുവൈത്ത് പ്രതിരോധ മന്ത്രാലയവും വ്യക്തമാക്കി. ഇവിടെ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സെയ്ഷെൽസിന്റെ പരമോന്നത ബഹുമതി 'ഗാർഡിയൻ ഓഫ് ദ ബ്ലൂ ഹൊറൈസൺ' മോദിക്ക് സമ്മാനിച്ചു, പരിസ്ഥിതി-സുസ്ഥിര വികസന മേഖലകൾക്കുള്ള സംഭാവനകൾക്ക് അംഗീകാരം
ബുക്കിംഗ് തുടങ്ങി രണ്ട് ദിവസത്തിൽ വിറ്റുപോയത് 5,000 ടിക്കറ്റുകൾ; കന്നിയാത്രക്കൊരുങ്ങി ഇത്തിഹാദ് റെയിൽ