
ഓടുന്ന കാറില്‍ സീറ്റ് ബെല്‍റ്റ് ധരിക്കാതെ യാത്ര ചെയ്യുന്ന ഇന്ത്യന്‍ വംശജനായ ബ്രീട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കിന്‍റെ വീഡിയോ ബ്രിട്ടനില്‍ വ്യാപകമായി പ്രചരിച്ചു. സംഭവത്തെ 'വിധിയിലെ പിഴ'വെന്ന് പറഞ്ഞ് ഋഷി സുനക്ക് ക്ഷമാപണം നടത്തി. ബ്രിട്ടനില്‍ സീറ്റ് ബെല്‍റ്റ് ധരിക്കാതെ യാത്ര ചെയ്താല്‍ പരമാവധി 500 പൗണ്ടാണ് പിഴ. സംഭവം തെറ്റാണെന്ന് പൂര്‍ണ്ണമായും അംഗീകരിക്കുന്നതായും ക്ഷമ ചോദിക്കുന്നതായും അദ്ദേഹത്തിന്‍റെ വക്താവ് മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചു.
എല്ലാവരും സീറ്റ് ബെൽറ്റ് ധരിക്കണമെന്ന് പ്രധാനമന്ത്രി വിശ്വസിക്കുന്നുവെന്നും വക്താവ് കൂട്ടിച്ചേർത്തു. വടക്കന്‍ ഇംഗ്ലണ്ടിലെ ഒരു യാത്രയ്ക്കിടെയാണ് സംഭവം. ഈ സമയം പ്രധാനമന്ത്രി ലക്ഷാഷെയറില്‍ ഉണ്ടായിരുന്നതിന് തെളിവുണ്ടെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. സര്‍ക്കാറിന്‍റെ ഏറ്റവും പുതിയ റൗണ്ട് 'ലെവലിംഗ് അപ്പ്' ചെലവുകൾ പ്രോത്സാഹിപ്പിക്കുന്നതിന് വീഡിയോ നേരത്തെ സുനക്കിന്‍റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ പങ്കുവച്ചിരുന്നു.
ഏകദേശം ഒരു മിനിറ്റ് നീണ്ടുനിൽക്കുന്ന വീഡിയോയില്‍ കാർ മുന്നോട്ട് പോകുമ്പോള്‍ സുനക്ക് ക്യാമറയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നു. ഈ സമയം കാറിന് സമാന്തരമായി പോലീസിന്‍റെ മോട്ടോര്‍ ബൈക്കുകള്‍ അകമ്പടി പോകുന്നതും വീഡിയോയില്‍ കാണാം. ബ്രീട്ടിനില്‍ സീറ്റ് ബെല്‍റ്റ് ധരിക്കാതെ യാത്ര ചെയ്യുമ്പോള്‍ പോലീസ് പിടിച്ചാല്‍ സംഭവ സ്ഥലത്ത് വച്ച് 100 പൗണ്ട് പിഴ ഇടണം. അതല്ല കേസിന് കോടതിയില്‍ പോയാല്‍ 500 പൗണ്ട് വരെ പിഴ ഉയരാം. അതേ സമയം ബ്രിട്ടനില്‍ വ്യാപകമായ പ്രതിഷേധമാണ് ഇത് സംബന്ധിച്ച് ഉയരുന്നത്. “സീറ്റ് ബെൽറ്റ്, ഡെബിറ്റ് കാർഡ്, ട്രെയിൻ സർവീസ്, സമ്പദ്‌വ്യവസ്ഥ, ബ്രിട്ടന്‍ എന്നിവ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഋഷി സുനക്കിന് അറിയില്ല,” എന്നായിരുന്നു ഒരാള്‍ പ്രതികരിച്ചത്.
കൂടുതല്‍ വായനയ്ക്ക്: 'ഇന്ത്യ ദി മോദി ക്വസ്റ്റ്യൻ'; ഡോക്യുമെന്‍ററിയില്‍ വിശദീകരണവുമായി ബിബിസി
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam