
റാവൽപിണ്ടി: പാകിസ്ഥാൻ മുൻ പ്രധാനമന്ത്രിയും പി ടി ഐ നേതാവുമായ ഇമ്രാൻ ഖാൻ ജയിലിൽ കൊല്ലപ്പെട്ടുവെന്ന അഭ്യൂഹം സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ രാജ്യത്ത് വൻ രാഷ്ട്രീയ പ്രക്ഷോഭം ആളിക്കത്തുന്നു. റാവൽപിണ്ടിയിലെ അഡിയാല ജയിലിൽ തടവിൽ കഴിയുന്ന ഇമ്രാനെ കാണാൻ അനുവദിക്കാത്തതും സഹോദരിമാർ ഉൾപ്പെടെയുള്ള ബന്ധുക്കളുടെ ആവശ്യം നിരസിച്ചതുമാണ് അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടിയത്. ഔദ്യോഗികമായി ഒരു സ്ഥിരീകരണവും ഇതുവരെ പുറത്തുവന്നിട്ടില്ലെങ്കിലും “ഇമ്രാൻ ഖാൻ മരിച്ചു” എന്ന തരത്തിലുള്ള പോസ്റ്റുകൾ എക്സിലും മറ്റ് സാമൂഹിക മാധ്യമങ്ങളിലും കത്തിപ്പടരുകയാണ്.
അഭ്യൂഹങ്ങൾ ശക്തിപ്പെട്ടതിനു പിന്നാലെ ആയിരക്കണക്കിന് ഇമ്രാൻ അനുയായികൾ അഡിയാല ജയിലിനു മുന്നിൽ തടിച്ചുകൂടി പ്രതിഷേധം ആരംഭിച്ചു. ചിലയിടങ്ങളിൽ സുരക്ഷാ സേനയുമായി ഏറ്റുമുട്ടലുണ്ടായതായും സമൂഹമാധ്യമങ്ങളിൽ വീഡിയോകൾ പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഇമ്രാൻ ഖാന്റെ മൂന്ന് സഹോദരിമാർ 'ഇമ്രാൻ ഖാൻ' എവിടെയെന്ന ചോദ്യവുമായി രംഗത്തത്തെത്തിയതിന് പിന്നാലെയാണ് വിഷയം വലിയ ചർച്ചയായത്. 'ജയിലിനുള്ളിൽ ഇമ്രാൻ ഖാന് ക്രൂര പീഡനം നേരിടേണ്ടി വരുന്നു, ഞങ്ങളെ അദ്ദേഹത്തെ കാണാൻ പോലും അനുവദിക്കുന്നില്ല' എന്ന് ആരോപിച്ചുകൊണ്ട് സഹോദരിമാർ പരസ്യ പ്രസ്താവനയിറക്കി. ഇതിന് പിന്നാലെയാണ് 'ഇമ്രാൻ ഖാൻ ജയിലിനുള്ളിൽ കൊല്ലപ്പെട്ടെന്ന' അഭ്യൂഹം സോഷ്യൽ മീഡിയയിൽ കൂടുതൽ ശക്തമായത്.
നിലവിൽ പാകിസ്താൻ സർക്കാരോ സൈനിക നേതൃത്വമോ ഇമ്രാൻ ഖാന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചോ മരണ അഭ്യൂഹത്തെക്കുറിച്ചോ ഒരു ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. എന്നാൽ അഭ്യൂഹങ്ങൾ ശക്തമായി തുടരുന്ന സാഹചര്യത്തിൽ ഇസ്ലാമാബാദ്, ലാഹോർ, കറാച്ചി തുടങ്ങിയ വിവിധ നഗരങ്ങളിൽ വലിയ പ്രതിഷേധം ഉയന്നിട്ടുണ്ട്. സർക്കാരിന്‍റെ ഭാഗത്ത് നിന്ന് പ്രതികരണമുണ്ടായില്ലെങ്കിൽ പ്രക്ഷോഭം രാജ്യം മുഴുവൻ വ്യാപിക്കാനുള്ള സാധ്യത ഏറെയാണ്. 2023 മുതൽ തുടരുന്ന ഇമ്രാന്റെ ജയിൽവാസം പാകിസ്താനിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രതിസന്ധിയായി തുടരുകയാണ്.
ഇക്കഴിഞ്ഞ മെയ് മാസത്തിലും പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രിയും ക്രിക്കറ്റ് ടീം ക്യാപ്റ്റനുമായിരുന്ന ഇമ്രാന്‍ ഖാന്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ മരണപ്പെട്ടതായുള്ള പ്രചാരണം ശക്തമായിരുന്നു. എന്നാൽ ഇത് വ്യാജപ്രചരണമാണെന്ന് പാകിസ്ഥാന്‍ സർക്കാർ പിന്നീട് ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു. ഇമ്രാന്‍ ഖാന്‍റെ മരണ വാര്‍ത്ത വ്യാജമാണെന്നും ആളുകള്‍ തെറ്റായ പ്രചാരണങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും മെയ് മാസത്തിൽ പാക് വാര്‍ത്താവിനിമയ മന്ത്രാലയം വാര്‍ത്താക്കുറിപ്പിലൂടെ വ്യക്തമാക്കിയിരുന്നു. ഇതിന് ശേഷം ഇപ്പോഴാണ് വീണ്ടും ഇമ്രാൻ കൊല്ലപ്പെട്ടെന്ന പ്രചരണം ശക്തമായിരിക്കുന്നത്.