
വാഷിംഗ്ടൺ: തന്നെ 'സമാധാനത്തിന്റെ പ്രസിഡന്റ്' (The Peace President) എന്ന് വൈറ്റ് ഹൗസ് വിശേഷിപ്പിക്കുമ്പോഴും, നോബൽ സമ്മാനം ലഭിക്കാനുള്ള സാധ്യതകളിൽ സംശയം പ്രകടിപ്പിച്ച് ഡൊണാൾഡ് ട്രംപ്. ഏഴോളം ആഗോള സംഘർഷങ്ങൾ അവസാനിപ്പിച്ചു എന്ന് അവകാശപ്പെടുമ്പോഴും നോർവീജിയൻ നോബൽ കമ്മിറ്റി തനിക്ക് പുരസ്‌കാരം നൽകാതിരിക്കാൻ "ഒരു കാരണം കണ്ടെത്തും" എന്നായിരുന്നു ട്രംപ് പ്രതികരിച്ചത്.
ഇസ്രായേലും ഹമാസും തമ്മിൽ വെടിനിർത്തലിന്റെ ആദ്യഘട്ടത്തിന് ധാരണയായെന്ന് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നോബൽ സമ്മാനത്തെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും ഉയർന്നുവന്നത്. വെള്ളിയാഴ്ച പുരസ്‌കാരം പ്രഖ്യാപിക്കാനിരിക്കെ, തൻ്റെ സാധ്യതകളെക്കുറിച്ച് ചോദിച്ച റിപ്പോർട്ടറോട് ട്രംപ് മറുപടി നൽകി. "എനിക്കറിയില്ല... ഞങ്ങൾ ഏഴ് യുദ്ധങ്ങൾ അവസാനിപ്പിച്ചു, ഇക്കാര്യം വിദേശകാര്യ സെക്രട്ടറി റൂബിയോ മാർക്കോ പറയും. എട്ടാമത്തേത് അവസാനിപ്പിക്കാൻ അടുത്തെത്തിയിരിക്കുന്നു. റഷ്യൻ പ്രശ്നവും ഞങ്ങൾ പരിഹരിക്കും എന്നാണ് കരുതുന്നത്. ഇത്രയധികം യുദ്ധങ്ങൾ ആരും ചരിത്രത്തിൽ അവസാനിപ്പിച്ചിട്ടില്ല," എന്നുമായിരുന്നു ട്രംപ് പറഞ്ഞത്. ഇസ്രായേൽ-ഹമാസ്, റഷ്യ-യുക്രെയ്ൻ സംഘർഷങ്ങളിൽ സമാധാന ശ്രമങ്ങൾ നടത്തുന്നതിനെ സൂചിപ്പിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.
നോബൽ സമ്മാനത്തിനായി നിരവധി രാജ്യങ്ങൾ ട്രംപിനെ നാമനിർദ്ദേശം ചെയ്തിട്ടുണ്ട്. അതിലൊന്ന് പാകിസ്ഥാനാണ്. 2024 ജൂൺ 20-ന്, ഇന്ത്യ-പാക് പ്രതിസന്ധി ഘട്ടത്തിലെ "നിർണ്ണായകമായ നയതന്ത്ര ഇടപെടലിനും പ്രധാന നേതൃത്വത്തിനും" ട്രംപിന് നോബൽ സമ്മാനത്തിന് ശുപാർശ ചെയ്യുകയാണെന്ന് പാക്കിസ്ഥാൻ പ്രഖ്യാപിച്ചത്. മെയ് മാസത്തിലെ സൈനിക ഏറ്റുമുട്ടലിന് ശേഷം ഇരു രാജ്യങ്ങൾക്കുമിടയിൽ സമാധാനം സ്ഥാപിച്ചത് താനാണെന്ന് ട്രംപ് അവകാശപ്പെട്ടതിന് പിന്നാലെയായിരുന്നു ഇത്. എന്നാൽ, വെടിനിർത്തൽ സ്ഥാപിച്ചതിൻ്റെ ക്രെഡിറ്റ് ഇന്ത്യ അമേരിക്കയ്ക്ക് നൽകിയില്ല. ഇന്ത്യയുടെ സൈനിക നടപടികളെത്തുടർന്ന് പാകിസ്ഥാൻ്റെ ഡയറക്ടർ ജനറൽ ഓഫ് മിലിട്ടറി ഓപ്പറേഷൻസ് (ഡി.ജി.എം.ഒ.) ഇന്ത്യൻ പ്രതിരോധ വിഭാഗവുമായി ബന്ധപ്പെട്ട് വെടിനിർത്തലിന് അടിയന്തരമായി അഭ്യർത്ഥിക്കുകയായിരുന്നുവെന്നാണ് ഇന്ത്യ നിലപാടെടുത്തത്.
ട്രംപിൻ്റെ നോബൽ സമ്മാന മോഹം വളരെക്കാലമായിട്ടുള്ളതാണ്. തൻ്റെ മുൻഗാമി ബരാക് ഒബാമയ്ക്ക് എന്തുകൊണ്ടാണ് പദവിയിലെത്തിയ ആദ്യവർഷം തന്നെ പുരസ്‌കാരം ലഭിച്ചതെന്നും ട്രംപ് പലപ്പോഴും ചോദ്യം ചെയ്തിട്ടുണ്ട്. തൻ്റെ സമാധാന കരാറുകളുടെ റെക്കോർഡ് മറ്റ് നേതാക്കളേക്കാൾ വലുതാണെന്നും അദ്ദേഹം അവകാശപ്പെടാറുണ്ട്. ട്രംപിനെ പ്രീതിപ്പെടുത്താനായി നാമനിർദ്ദേശത്തിനുള്ള അവസാന തീയതിയായ ജനുവരി 31 ന് ശേഷവും പലരും നാമനിർദ്ദേശം ചെയ്തെങ്കിലും ആദ്യ ടേമിൽ അദ്ദേഹത്തിന് പുരസ്‌കാരം ലഭിച്ചിരുന്നില്ല. തൻ്റെ പ്രതീക്ഷകൾക്ക് മങ്ങലേറ്റപ്പോഴും, വൈറ്റ് ഹൗസ് റിപ്പബ്ലിക്കൻ നേതാവിൻ്റെ ചിത്രം "സമാധാന പ്രസിഡൻ്റ്" എന്ന അടിക്കുറിപ്പോടെ പങ്കുവെച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam