
മോസ്ക്കോ: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ ബന്ദിയാക്കിയ അമേരിക്കൻ സൈനിക നടപടിയെ രൂക്ഷമായി വിമർശിച്ച് റഷ്യ രംഗത്തെത്തി. അമേരിക്കയുടെ ഈ നീക്കം അംഗീകരിക്കാനാവില്ലെന്നും അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്നും റഷ്യൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവിച്ചു. വെനസ്വേലയുടെ പരമാധികാരം സംരക്ഷിക്കാനുള്ള ഭരണകൂടത്തിന്റെ പോരാട്ടത്തിന് പൂർണ്ണ പിന്തുണയും റഷ്യ പ്രഖ്യാപിച്ചു. പുറത്തുനിന്നുള്ള സൈനിക ഇടപെടലിലൂടെ ഒരു രാജ്യത്തിന്റെ വിധി നിർണ്ണയിക്കാൻ ആർക്കും അവകാശമില്ലെന്നും വ്യക്തമാക്കി. സംഘർഷം കൂടുതൽ വഷളാക്കാതെ ചർച്ചകളിലൂടെ പ്രശ്നപരിഹാരം കണ്ടെത്തണമെന്നും മേഖലയിൽ സമാധാനം ഉറപ്പാക്കാൻ ഐക്യരാഷ്ട്രസഭ അടിയന്തരമായി ഇടപെടണമെന്നും റഷ്യ ആവശ്യപ്പെട്ടു.
നേരത്തെ വെനിസ്വേല പ്രസിഡന്‍റ് നിക്കോളാസ് മഡുറോയെയും ഭാര്യയെയും പിടികൂടി രാജ്യത്തുനിന്ന് പുറത്തേക്ക് കൊണ്ട് പോയെന്ന് യു എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് വെളിപ്പെടുത്തിയിരുന്നു. തന്‍റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഈ വെളിപ്പെടുത്തൽ നടത്തിയത്. മഡുറോയെയും ഭാര്യയെയും നിലവിൽ വെനിസ്വേലയിൽ നിന്നും വിമാനമാർഗ്ഗം പുറത്തെത്തിച്ചതായും ട്രംപ് അറിയിച്ചിട്ടുണ്ട്. ലോകരാഷ്ട്രങ്ങൾക്കിടയിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കാൻ പോകുന്ന ഈ സൈനിക നീക്കത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവരാനിരിക്കുന്നതേയുള്ളൂ. ഓപ്പറേഷന്‍റെ വിശദാംശങ്ങൾ പങ്കുവെക്കുന്നതിനായി ഫ്ലോറിഡയിലെ മാർ-എ-ലാഗോയിൽ പ്രത്യേക വാർത്താ സമ്മേളനം ട്രംപ് വിളിച്ചിട്ടുണ്ട്. വെനിസ്വേലയിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ ദീർഘകാലമായി നിലനിന്നിരുന്ന സംഘർഷങ്ങൾ ഇതോടെ പുതിയൊരു തലത്തിലേക്ക് എത്തിയിരിക്കുകയാണ്. വരാനിരിക്കുന്ന വാർത്താ സമ്മേളനത്തിൽ അമേരിക്കയുടെ ഈ കടുത്ത നടപടിയുടെ കാരണങ്ങളും ഭാവി നീക്കങ്ങളും വ്യക്തമാകുമെന്നാണ് കരുതപ്പെടുന്നത്.
വെനസ്വേലയുടെ സൈനിക താവളങ്ങൾ ലക്ഷ്യമിട്ട് ശനിയാഴ്ച പുലർച്ചയോടെയാണ് അമേരിക്ക വ്യോമാക്രമണം നടത്തിയത്. നിരവധി ഉഗ്രസ്ഫോടനങ്ങളാണ് കാരക്കാസിൽ അടക്കമുണ്ടായതെന്നാണ് റിപ്പോർട്ട്. നിക്കോളാസ് മഡൂറോയെ വീഴ്ത്താൻ ഏതറ്റം വരെയും പോകുമെന്ന നിലപാടിലായിരുന്നു അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. കാരക്കാസിലെ വിവിധ ഇടങ്ങളിൽ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ട നിലയിലാണ്. ശനിയാഴ്ച പുലർച്ചെ പ്രാദേശിക സമയം 1.50ഓടെയാണ് പൊട്ടിത്തെറി ശബ്‍ദം കേട്ട് തുടങ്ങിയത്. കാരക്കാസിലും മിറാൻഡയിലും ആരഗുവയിലും ലി ഗുയ്രയിലും അമേരിക്കൻ ആക്രമണം നടന്നതായാണ് വെനസ്വേലയിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വ്യോമാക്രമണത്തിന് പിന്നാലെ വെനസ്വേലയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam