
മോസ്കോ: യുക്രെയ്ൻ യുദ്ധത്തിന്റെ (Ukraine War) ആദ്യഘട്ടം അവസാനിച്ചെന്ന് റഷ്യ. കിഴക്കൻ യുക്രെയ്നിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനമെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. യുക്രെയ്ൻ്റെ സൈനിക ശേഷി കാര്യമായി കുറയ്ക്കാനായെന്നാണ് അവകാശവാദം. യുക്രെയ്ൻ വ്യോമസേനയേയും വ്യോമപ്രതിരോധ സേനയെയും തകർത്തുവെന്നും നാവിക സേനയെ ഇല്ലാതാക്കിയെന്നുമാണ് റഷ്യൻ സൈന്യത്തിന്‍റെ പ്രഖ്യാപനം.
ലുഹാൻസ്ക് ഡോൺബാസ് പ്രദേശത്തിന്‍റെ സമ്പൂർണ്ണ നിയന്ത്രണമാണ് റഷ്യൻ ലക്ഷ്യം ലുഹാൻ ഒബ്ലാസ്റ്റിന്‍റെ 93 ശതമാനം പ്രദേശവും ഇപ്പോൾ റഷ്യൻ പിന്തുണയുള്ള യുക്രെയ്ൻ വിമതരുടെ നിയന്ത്രണത്തിലാണ്. ഡോൺബാസ്കിന്‍റെ 54 ശതമാനം പ്രദേശവും ഇവർ നിയന്ത്രണത്തിലാക്കിയിട്ടുണ്ട്. മരിയുപോളിനായുള്ള യുദ്ധം തുടരുകയാണ്. ക്രിമിയയിൽ നിന്ന് ഡോൺബാസ്ക് ലുഹാൻസ്ക് പ്രദേശങ്ങൾ വരെയുള്ള കരപ്രദേശവും അസോവ് കടലും പൂർണ്ണമായി നിയന്ത്രണത്തിലാക്കുകയാണ് റഷ്യൻ ലക്ഷ്യം. സാധാരണക്കാർക്ക് നേരെ ആക്രമണം നടത്തിയിട്ടില്ലെന്നും പരമാവധി നാശം ഒഴിവാക്കാനാണ് ശ്രമിച്ചതെന്നും റഷ്യ ആവർത്തിച്ചു.
യുക്രെയ്നിലെ സൈനിക നടപടിയിലുണ്ടായ ആൾനാശത്തെക്കുറിച്ച് പുതിയ കണക്കുകളും റഷ്യ പുറത്ത് വിട്ടിട്ടുണ്ട്. 1,351 സൈനികർ ഇത് വരെ കൊല്ലപ്പെട്ടുവെന്നും 3,825 പേർക്ക് പരിക്കേറ്റുവെന്നുമാണ് റഷ്യയുടെ ഔദ്യോഗിക കണക്ക്. റഷ്യൻ സേനയുടെ ഉപമേധാവി കേണൽ ജനറൽ സെർജി റുഡ്സ്കോയിയാണ് കണക്ക് പുറത്ത് വിട്ടത്. യുക്രെയ്ൻ അവകാശപ്പെടുന്ന റഷ്യൻ ആൾനാശത്തേക്കാൾ വളരെ കുറവാണ് ഈ കണക്ക്. പതിനാറായിരത്തിലധികം റഷ്യൻ സൈനികർ യുദ്ധത്തിൽ കൊല്ലപ്പെട്ടുവെന്നായിരുന്നു യുക്രെയ്ൻ അവകാശവാദം. യുദ്ധത്തിലുണ്ടായ ആൾ നാശം റഷ്യ ഒളിച്ചുവയ്ക്കുകയാണെന്നാണ് പാശ്ചാത്യ രാജ്യങ്ങളുടെ ആരോപണം.
റഷ്യൻ സേനയ്ക്ക് ശക്തമായ തിരിച്ചടി നൽകാനായെന്ന് യുക്രെയ്ൻ പ്രസിഡൻ്റ് വ്ലാദിമിർ സെലൻസ്കി അവകാശപ്പെടുന്നു. റഷ്യയുടെ യുദ്ധ തന്ത്രം പാളിയെന്നാണ് നാറ്റോയുടേയും പാശ്ചാത്യ രാജ്യങ്ങളുടെ അവകാശവാദം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam