ട്രംപിന്‍റെ ചർച്ചക്ക് പുല്ലുവിലയോ? 574 ഡ്രോണുകളും 40 മിസൈലുകളും ഉപയോഗിച്ച് മണിക്കൂറുകൾക്കിടയിൽ യുക്രൈനിൽ റഷ്യയുടെ കനത്ത ആക്രമണം

Published : Aug 21, 2025, 09:54 PM IST
Russia Ukraine War

Synopsis

ഡോണള്‍ഡ് ട്രംപിന്‍റെ മധ്യസ്ഥതയില്‍ സമാധാന ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് റഷ്യയുടെ പ്രകോപനം. യുദ്ധം അവസാനിപ്പിക്കാനുളള ശ്രമങ്ങള്‍ക്ക് തിരിച്ചടിയാണ് റഷ്യയുടെ നീക്കമെന്ന് യുക്രൈന്‍ പ്രതികരിച്ചു

കീവ്: യുക്രൈയിനില്‍ മണിക്കൂറുകൾക്കിടെ ശക്തമായ ആക്രമണം നടത്തി റഷ്യ. 574 ഡ്രോണുകളും 40 മിസൈലുകളും ഉപയോഗിച്ചായിരുന്നു ആക്രമണമെന്ന് യുക്രൈന്‍ അറിയിച്ചു. പടിഞ്ഞാറന്‍ നഗരമായ ലിവിവിലുണ്ടായ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ട്രാന്‍സ്കാര്‍പാത്തിയയുടെ തെക്കുപടിഞ്ഞാറന്‍ മേഖലയിലെ ആക്രമണത്തില്‍ 15 പേര്‍ക്ക് പരിക്കേറ്റെന്നും റിപ്പോർട്ടുണ്ട്. അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ മധ്യസ്ഥതയില്‍ സമാധാന ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് റഷ്യയുടെ പ്രകോപനം. യുദ്ധം അവസാനിപ്പിക്കാനുളള ശ്രമങ്ങള്‍ക്ക് തിരിച്ചടിയാണ് റഷ്യയുടെ നീക്കമെന്ന് യുക്രൈന്‍ വിദേശകാര്യ മന്ത്രി ആന്‍ഡ്രി സിബിഹ പ്രതികരിച്ചു.

നേരത്തെ യുറോപ്പിലെ ഏതെങ്കിലും നിഷ്പക്ഷ വേദിയില്‍ റഷ്യന്‍ പ്രസിഡന്‍റ് വ്ലാഡിമിര്‍ പുടിനുമായി യുദ്ധം അവസാനിപ്പിക്കാനുളള ചര്‍ച്ച നടത്താന്‍ തയ്യാറാണെന്ന് യുക്രൈന്‍ പ്രസിഡന്‍റ് വോളഡിമീര്‍ സെലന്‍സ്കി വ്യക്തമാക്കിയിരുന്നു. എന്നാൽ ഈ നിർദ്ദേശത്തോട് റഷ്യ ഇതുവരെയും അനുകൂലമായി പ്രതികരിച്ചിട്ടില്ല. ചർച്ചയിൽ പുടിൻ നേരിട്ട് പങ്കെടുക്കുമോ എന്ന് ഉറപ്പ് നൽകാതെയുള്ള പ്രതികരണങ്ങളാണ് റഷ്യയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുള്ളത്. പ്രതിനിധി തല ചർച്ചകൾ മതിയെന്നാണ് റഷ്യയുടെ നിലപാടെന്നാണ് സൂചന.

പുടിൻ സെലൻസ്കിയുമായി ചർച്ച നടത്തില്ലെന്നാണ് കഴിഞ്ഞ ദിവസം റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് പരോക്ഷമായി പറഞ്ഞത്. യുക്രൈൻ, റഷ്യയുടെ ചരിത്രത്തിന്റെയും സംസ്കാരത്തിന്റെയും ആത്മീയ ഇടത്തിന്റെയും അവിഭാജ്യ ഭാഗമാണ്. റഷ്യയിൽ നിന്നുള്ള വേർപിരിയൽ ഒരു ചരിത്രപരമായ തെറ്റാണ്. യുക്രൈൻ പ്രസിഡന്‍റിന് പരാജയം സമ്മതിക്കേണ്ടി വരും. സെലൻസ്‌കി ഒരു നാസിയാണ്. എന്തിനാണ് അദ്ദേഹവുമായി ചർച്ച നടത്തേണ്ടത്. ഉദ്യോഗസ്ഥ ചർച്ചകൾ അതീവ ശ്രദ്ധയോടെ നടക്കണമെന്നും വിദേശകാര്യമന്ത്രി വ്യക്തമാക്കിയിരുന്നു. സ്റ്റേറ്റ് ടി വിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്‍റെ പരാമർശം.

അലാസ്കയിൽ നടന്ന വ്ലാദിമിർ പുടിൻ - ഡോണൾഡ് ട്രംപ് കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് സെലൻസ്കി, യുക്രൈൻ - യു എസ് - റഷ്യ ത്രികക്ഷി ചർച്ച നടത്താമെന്ന നിർദ്ദേശത്തെ അംഗീകരിച്ചത്. താൽക്കാലിക വെടിനിർത്തലിന് പകരം നേരിട്ട് യുദ്ധം അവസാനിപ്പിക്കുന്ന സമാധാന കരാറിലേക്ക് നീങ്ങാനാണ് തന്‍റെ ശ്രമമെന്നായിരുന്നു ട്രംപ് പറഞ്ഞത്. അതിനിടെ യുക്രൈനുള്ള സുരക്ഷാ ഉറപ്പ് ചർച്ച ചെയ്യാൻ നേറ്റോ സൈനിക മേധാവികളുടെ യോഗം വിളിച്ച് ചേർത്തിരുന്നു. യോഗത്തിൽ 32 രാജ്യങ്ങളാണ് പങ്കെടുത്തത്. എന്നാൽ റഷ്യയില്ലാത്ത ഇത്തരം ചർച്ചകൾ ഒരു ഫലവും കാണില്ലെന്ന് ക്രെംലിൻ വ്യക്തമാക്കി.

PREV
Read more Articles on
click me!

Recommended Stories

ട്രംപിന്റെ കടുംവെട്ട്; കടുത്ത ആശങ്കയിൽ ഇന്ത്യൻ ജീവനക്കാർ, 'ഫാക്ട് ചെക്കർമാർക്കും കണ്ടന്റ് മോഡറേറ്റർമാർക്കും വിസ നിഷേധിക്കും'
ശക്തമായ സമ്മർദ്ദവുമായി ഇസ്രയേൽ; ഇന്ത്യക്ക് ഭീഷണിയെന്നും മുന്നറിയിപ്പ്; ഹമാസിനെ ഭീകര സംഘടനയായി പ്രഖ്യാപിക്കണമെന്ന് ആവശ്യം