
വാഷിങ്ടൺ: യുക്രൈനെ ആക്രമിക്കാൻ റഷ്യ തീരുമാനമെടുത്തെന്ന് അമേരിക്ക. ആക്രമണം ഉടൻ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. ആക്രമണം ന്യായീകരിക്കാൻ റഷ്യ കള്ളക്കഥകൾ പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. റഷ്യൻ സേനയുടെ തന്ത്ര പ്രധാന സൈനിക അഭ്യാസം പ്രസിഡന്‍റ് വ്ലാദിമിർ പുടിൻ ഇന്ന് നേരിട്ട് വീക്ഷിക്കും. ബാലിസ്റ്റിക്, ക്രൂയിസ് മിസൈലുകളും ആണവായുധങ്ങളും എത്രത്തോളം സജ്ജമാണെന്ന പരിശോധനയാകും നടക്കുക. പതിവ് പരിശോധന മാത്രമാണെന്നും യുക്രൈൻ സംഘർഷവുമായി ബന്ധമില്ലെന്നുമാണ് ഔദ്യോഗിക വിശദീകരണം. ഇതിനിടെ കിഴക്കൻ യുക്രൈനിൽ നിന്ന് ആളുകളെ റഷ്യയിലേക്ക് ഒഴിപ്പിക്കുമെന്ന് വിമത നേതാക്കൾ പ്രഖ്യാപിച്ചു. രണ്ടു ബസുകളിലായി ആളുകൾ പോകുന്ന ദൃശ്യങ്ങൾ വിമതർ പുറത്ത് വിട്ടെങ്കിലും ഇത് ഒഴിപ്പിക്കലാണെന്ന് സ്ഥിരീകരിക്കാനായിട്ടില്ല.
ഏതു സമയവും റഷ്യ യുക്രൈനെ ആക്രമിക്കുമെന്ന് വാദം ആവർത്തിക്കുകയാണ് അമേരിക്കയും നാറ്റോയും. യുക്രൈനിലെ റഷ്യൻ പിന്തുണയുള്ള വിമതരുടെ കേന്ദ്രങ്ങളിൽ നടന്ന ഷെല്ലാക്രമണത്തിന് പിന്നിൽ റഷ്യൻ സൈന്യം തന്നെയാണെന്ന് അമേരിക്ക കുറ്റപ്പെടുത്തുന്നു. യുദ്ധമുണ്ടാക്കാൻ ഒരു കാരണം റഷ്യ മനഃപൂർവം സൃഷ്ടിക്കുകയാണെന്നാണ് ആരോപണം. റഷ്യൻ അനുകൂലികളെ ആരെങ്കിലും ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് കഴിഞ്ഞ ദിവസം വ്ലാദിമിർ പുടിൻ വ്യക്തമാക്കിയിരുന്നു. ഏഴായിരം അധിക സൈനികരെ റഷ്യ കഴിഞ്ഞ ദിവസങ്ങളിൽ അതിർത്തിയിൽ എത്തിച്ചെന്നും ഉപഗ്രഹ ചിത്രങ്ങൾ ഇതിനു തെളിവാണെന്നും നാറ്റോ കുറ്റപ്പെടുത്തുന്നു.
യുക്രൈനെ അക്രമിക്കില്ലെന്ന് റഷ്യ യുഎന്നിൽ ഉറപ്പു നൽകണമെന്നാണ് അമേരിക്ക ആവശ്യപ്പെടുന്നത്. ഒരു മുതിർന്ന അമേരിക്കൻ നയതന്ത്ര ഉദ്യോഗസ്ഥനെ റഷ്യ പുറത്താക്കിയതോടെ സമവായ സാധ്യത കൂടുതൽ മങ്ങി. നാറ്റോ സഖ്യത്തിൽ ചേരാനുള്ള ശ്രമവുമായി മുന്നോട്ടുപോകുകയാണെന്ന് യുക്രൈൻ പ്രസിഡന്റ് വ്ലാദിമിർ സെലൻസ്കി ആവർത്തിച്ചു.
പക്ഷം പിടിക്കാതെ ഇന്ത്യ
യുക്രൈൻ പ്രശ്‌നത്തിൽ വേണ്ടത് ചർച്ചകളിലൂടെയുള്ള നയതന്ത്ര പരിഹാരമാണെന്ന് ഐക്യരാഷ്ട്രസഭയിൽ ഇന്ത്യ വ്യക്തമാക്കി. 2015 ൽ യുക്രൈനും റഷ്യയും യൂറോപ്യൻ രാജ്യങ്ങളും തമ്മിൽ ഉണ്ടാക്കിയ സമാധാന ഉടമ്പടി പാലിക്കപ്പെടണമെന്നും യു എന്നിലെ ഇന്ത്യൻ അംബാസിഡർ ടിഎസ് തിരുമൂർത്തി പറഞ്ഞു.
കഴിഞ്ഞ വർഷം ഡിസംബറിൽ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ ഇന്ത്യയിൽ എത്തിയപ്പോൾ 28 പ്രതിരോധ കരാറുകളാണ് ഒപ്പിട്ടത്. പ്രതിരോധ മേഖലയിൽ അമേരിക്കയുമായും റഷ്യയുമായും നിർണായക ബന്ധങ്ങളുള്ള ഇന്ത്യക്ക്, തിടുക്കത്തിൽ പക്ഷം ചേരാനാവാത്ത സാഹചര്യമുണ്ട്. റഷ്യക്കെതിരെ അന്താരാഷ്ട്ര നടപടി ഉണ്ടായാൽ ഇന്ത്യയും പിന്തുണയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഇന്നലെ അമേരിക്കൻ വിദേശകാര്യ വക്താവ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യ യുഎന്നിൽ പക്ഷം ചേരാനില്ലെന്ന നിലപാട് വ്യക്തമാക്കിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam