
കീവ്: കഴിഞ്ഞ ഫെബ്രുവരി 24 ന് ആരംഭിച്ച അധിനിവേശം എട്ടാം മാസത്തിലേക്ക് കടന്നപ്പോള്‍ ഡോണ്‍ബാസ്ക്, സെപോര്‍ജിയ ഉള്‍പ്പെടെയുള്ള യുക്രൈന്‍റെ തെക്ക് കിഴക്കന്‍ പ്രദേശങ്ങളില്‍ ഹിത പരിശോധന നടത്തി തങ്ങളുടെ രാജ്യത്തിന്‍റെ ഭാഗമാക്കിയെന്ന് റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിന്‍ പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ പ്രദേശത്തെ ഒരു നഗരം തിരിച്ച് പിടിച്ച് യുക്രൈന്‍ സൈന്യം. മോസ്‌കോ ക്രെംലിനിൽ നടന്ന ഔപചാരിക ചടങ്ങിലാണ് റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിന്‍ യുക്രൈനിന്‍റെ തെക്ക് കിഴക്കന്‍ പട്ടണങ്ങളായ ലുഹാന്‍സ്ക്, ഖേര്‍സോണ്‍, സപ്പോരിസിയ,ഡോനെറ്റസ്ക് എന്നീ പ്രദേശങ്ങളെ റഷ്യന്‍ ഫെഡറേഷന്‍റെ ഭാഗമാക്കി കൊണ്ട് ഉത്തരവിട്ടത്. ഇതിന് പിന്നാലെയാണ് തങ്ങള്‍, തെക്ക് കിഴക്കന്‍ നഗരമായ ലൈമാന്‍ തിരിച്ച് പിടിച്ചതായി യുക്രൈന്‍ അവകാശപ്പെട്ടതും.
യുക്രൈന്‍ തിരിച്ച് പിടിച്ചെന്ന് അവകാശവാദമുന്നയിച്ചതിന് പിന്നാലെ സിഎന്‍എന്‍ വാര്‍ത്താ സംഘം നഗരം സന്ദര്‍ശിച്ചതായി റിപ്പോര്‍ട്ട് ചെയ്തു. ശൂന്യമായ തെരുവ്, പ്രേത നഗരത്തെ പോലെ തോന്നിച്ചെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. ലൈമാന്‍ അടക്കമുള്ള തെക്കന്‍ പ്രദേശങ്ങള്‍ ഫെഡറേഷന്‍റെ ഭാഗമായി ചേര്‍ക്കുന്നുവെന്ന് പുടിന്‍ പ്രഖ്യാപനം നടത്തിയിട്ടും ലൈമാനിലെ റഷ്യന്‍ സൈന്യം പിന്‍വാങ്ങുകയായിരുന്നെന്ന് പ്രദേശവാസികള്‍ പറഞ്ഞതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. വെള്ളിയാഴ്ച മുന്നറിയിപ്പൊന്നുമില്ലാതെ റഷ്യന്‍ സൈനികര്‍ നഗരം വിട്ടുപോവുകയായിരുന്നു. "അവർ അവരുടെ ടാങ്കുകളിൽ കയറി, പുറത്തേക്ക് പോയി." പ്രദേശവാസിയായ തന്യ പറഞ്ഞതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു.
നഗരത്തില്‍ നിന്ന് പുറത്ത് കടക്കാന്‍ റഷ്യൻ സൈന്യം വാഹനവ്യൂഹങ്ങൾ രൂപീകരിച്ചതായി യുക്രൈന്‍ കിഴക്കന്‍ ഗ്രൂപ്പ് സായുധ സേനയിലെ സെർജി ചെറെവാറ്റി പറഞ്ഞു. ചിലർ പുറത്തുകടക്കുന്നതിൽ വിജയിച്ചു, മറ്റുള്ളവർ കൊല്ലപ്പെട്ടതായും അദ്ദേഹം കൂട്ടിചേര്‍ത്തു. രണ്ട് ദിവസം മുമ്പ് വരെ റഷ്യന്‍ സേന പിന്മാറുന്നതിന്‍റെ സൂചനകള്‍ നല്‍കിയിരുന്നില്ല. ശനിയാഴ്ച വരെ പ്രദേശത്ത് യുദ്ധസമാനമായിരുന്നു അവസ്ഥ. ശനിയാഴ്ച വൈകീട്ടോടെയാണ് റഷ്യന്‍ സേന നഗരത്തില്‍ നിന്നും പൂര്‍ണ്ണമായും പിന്മാറിയത്. ലൈമാന്‍റെ കീഴടങ്ങലോടെ യുക്രൈന്‍ സൈന്യം കൂടുതല്‍ കിഴക്കന്‍ അതിര്‍ത്തി പ്രദേശങ്ങളിലേക്ക് മുന്നേറുകയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ക്രെമ്മിനയില്‍ യുക്രൈന്‍ സൈന്യം പുതിയ യുദ്ധമുഖം തുറന്നതായി ഏറ്റവും ഒടുവിലെ റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam