
കീവ്: യുക്രൈന്റെ (Ukraine) തീരനഗരങ്ങളില്‍ (Coastal cities) ആധിപത്യമുറപ്പിച്ച് റഷ്യന്‍ സൈന്യം (Russian troops). യുക്രൈനിലെ പ്രധാന നദികളിലൊന്നായ നീപ്പര്‍ നദിയുടെ (Dnieper River) കിഴക്കന്‍ പകുതി പൂര്‍ണമായി പിടിച്ച് യുക്രൈനെ തന്നെ പിളര്‍ക്കാന്‍ നീങ്ങുകയാണ് റഷ്യ. അതിര്‍ത്തി തുറമുഖങ്ങള്‍ പിടിച്ച് യുക്രൈന്റെ കരിങ്കടലിലേക്കും അസോവ് കടലിലേക്കുമുള്ള അതിര്‍ത്തികള്‍ അടച്ച് കൈക്കലാക്കലും കൂടി ലക്ഷ്യമിട്ടാണ് റഷ്യയുടെ നീക്കം. റൊമാനിയന്‍ തീരം വരെയുള്ള സമുദ്രാതിര്‍ത്തി പിടിച്ച് നാവികശക്തി കൂട്ടല്‍ റഷ്യയുടെ കാലങ്ങളായുള്ള സ്വപ്നമാണ്. നീപ്പര്‍ നദിയുടെ തീരനഗരങ്ങള്‍ തന്ത്രപ്രധാന മേഖലയാണ്.
നീപര്‍ നദിയുടെ ഡെല്‍ട്ടയിലാണ് തലസ്ഥാനമായ കീവിലേക്കുള്ള പാതയിലെ പ്രധാന തുറമുഖമായ കേഴ്‌സന്‍. അത് റഷ്യ പിടിച്ചു കഴിഞ്ഞു. നീപ്പര്‍ നദിയുടെ ഡെല്‍റ്റ മേഖല യുക്രൈന്റെ ഭക്ഷ്യ അറയാണ്. കടല്‍ക്കരയില്‍ യുക്രൈനിലേക്കുള്ള ഗേറ്റ് വേയായ ക്രൈമിയ നേരത്തെ റഷ്യ പിടിച്ചടക്കിയതാണ്. ഇനി തുറമുഖ നഗരമായ ഒഡേസ കൂടി പിടിച്ചാല്‍ അതുവഴി മള്‍ഡോവ വരെ നീളുന്ന കരിങ്കടല്‍ അതിര്‍ത്തി മേഖല റഷ്യയുടെ കൈയിലാകും. ഒഡേസയില്‍ റഷ്യ ആക്രമണം തുടങ്ങിക്കഴിഞ്ഞു. തുറമുഖ പ്രാധാന്യമുള്ള മരിയുപോള്‍, മെലിറ്റോപോള്‍, ബെര്‍ഡിയാന്‍സ്‌ക് ഒക്കെ വീഴുന്നതോടെ റഷ്യയ്ക്ക് തെക്ക് വേറെ തടസ്സങ്ങളില്ല. ഡോണ്‍ബാസ് മേഖലയില്‍ നിന്ന് ഏറ്റവുമടുത്ത വന്‍ തീര നഗരമായ സപ്രോഷ്യ കൂടിയായാല്‍ റഷ്യന്‍ അനുകൂലികള്‍ നിറഞ്ഞ ഡോണ്‍ബാസില്‍ നിന്ന് നീപ്പറിലേക്ക് വഴി തുറന്നു.
യുക്രൈന്റെ കരിങ്കടല്‍, അസോവ കടല്‍ അതിര്‍ത്തികള്‍ ഇല്ലാതാക്കുകയാണ് റഷ്യ ഇപ്പോള്‍ ചെയ്യുന്നത്. ഒഡേസ കൂടി വീണാല്‍ കരിങ്കടല്‍ യുക്രൈന് മുന്നില്‍ അടഞ്ഞ് കടല്‍ത്തീരമില്ലാത്ത രാജ്യമാകും യുക്രൈന്‍. യുക്രൈന്‍ മാത്രമല്ല, നാറ്റോയ്ക്കും ചിന്തിക്കാവുന്നതിനപ്പുരമാണ് റൊമാനിയന്‍ തീരം വരെ കരിങ്കടലിലും അസോവിലും റഷ്യന്‍ ആധിപത്യം. ഇത് മുന്‍കൂട്ടിക്കണ്ട് കരിങ്കടലില്‍ റഷ്യന്‍ പടക്കപ്പലുകള്‍ക്ക് പ്രവേശനം നിഷേധിക്കണമെന്ന് തുര്‍ക്കിയോട് യുക്രൈന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam