റുഷ്ദിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി; ആക്രമിയെ കോടതിയില്‍ ഹാജറാക്കി

By Web TeamFirst Published Aug 14, 2022, 2:01 PM IST
Highlights

വേദിയില്‍ തന്നെ പൊലീസ് പിടിയിലായ ഹാദി മറ്റാറിനെ പൊലീസ് കോടതിയില്‍ ഹാജറാക്കി. 

ന്യൂയോര്‍ക്ക്: സൽമാൻ റുഷ്ദിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി രേഖപ്പെടുത്തിയതായി റിപ്പോർട്ടുകൾ. അക്രമിയുടെ കുത്തേറ്റ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹത്തെ ഇപ്പോൾ വെന്റിലേറ്ററില്‍ നിന്ന് മാറ്റി എന്നാണ് അവസാനമായി പുറത്തുവന്ന വിവരം. 

റുഷ്ദി സംസാരിച്ചുവെന്നാണ് അദ്ദേഹത്തിന്‍റെ ഏജന്റ് ആൻഡ്രൂ വൈലി യുഎസ് മാധ്യമങ്ങളോട് വാർത്ത സ്ഥിരീകരിച്ചത്. എന്നാൽ നോവലിസ്റ്റിന്‍റെ ഒരു കണ്ണ് നഷ്‌ടപ്പെട്ടുവെന്നാണ് നേരത്തെ വന്നിരുന്ന റിപ്പോര്‍ട്ട്. ദ സാത്താനിക് വേഴ്‌സ് എന്ന നോവലിന്റെ പേരിൽ റുഷ്ദി പതിറ്റാണ്ടുകളോളം  വധഭീഷണി നേരിടുകയായിരുന്നു. അതിനിടെയാണ് കഴിഞ്ഞ ദിവസത്തെ ആക്രമണം നടന്നത്.

24 കാരനായ ഹാദി മറ്റാര്‍ എന്ന യുവാവ് ന്യൂയോര്‍ക്കിലെ സംവാദ വേദിയിലേക്ക്  ഓടിക്കയറി റുഷ്ദിയുടെ മുഖത്തും കഴുത്തിലും വയറിലും 10 തവണയെങ്കിലും കുത്തിയെന്നും. ആക്രമണത്തെത്തുടർന്ന്, റുഷ്ദിയുടെ ഒരു കൈയിൽ ഞരമ്പുകൾ മുറിഞ്ഞുവെന്നും കരളിന് ക്ഷതം സംഭവിച്ചിട്ടുണ്ടെന്നും ഒരു കണ്ണ് നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നും വൈലി മാധ്യമങ്ങളോട് പറഞ്ഞത്.

അതേ സമയം വേദിയില്‍ തന്നെ പൊലീസ് പിടിയിലായ ഹാദി മറ്റാറിനെ പൊലീസ് കോടതിയില്‍ ഹാജറാക്കി. ഗൂഢാലോചന നടത്തി കരുതിക്കൂട്ടി ആക്രമണം നടത്തിയെന്നാണ് ഇയാള്‍ക്കെതിരെ പ്രൊസിക്യൂഷന്‍ കോടതിയില്‍ ആരോപിച്ച കുറ്റം. എന്നാല്‍ പ്രതിയായ ഹാദി മറ്റാര്‍  നിഷേധിച്ചു.

അതേ സമയം ഹാദി മറ്റാറിന്‍റെ സാമൂഹ്യ മാധ്യമ ഇടപെടലുകള്‍ പരിശോധിച്ച ഫെഡറല്‍ ഏജന്‍സികള്‍ ഇയാള്‍ തീവ്ര ഷിയ പക്ഷക്കാരനാണ് എന്നാണ് കണ്ടെത്തിയത്. ഇറാനിയന്‍ റെവല്യൂഷണറി ഗാര്‍ഡിനെ പിന്തുണച്ചുകൊണ്ടുള്ള നിരവധി പോസ്റ്റുകള്‍ ഇയാളുടെതായി സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ഉണ്ട്.

അതേ സമയം റുഷ്ദിക്കൊപ്പം വേദിയില്‍ ഉണ്ടായിരുന്ന സംവാദകനും മുഖത്ത് കുത്തേറ്റെങ്കിലും ഇദ്ദേഹം അപകടനില തരണം ചെയ്തെന്നാണ് വിവരം.  അതേ സമയം റുഷ്ദിക്കെതിരെ യുഎസില്‍ വച്ച് നടന്ന ആക്രമണത്തെ യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍ അപലപിച്ചു. 

"ഭയപ്പെടുത്താനോ നിശബ്ദമാക്കാനോ ആരെയും അനുവദിക്കരുത്. എല്ലാ അമേരിക്കക്കാരും ലോകമെമ്പാടുമുള്ള ആളുകളും ചേർന്ന്  റുഷ്ദിയുടെ  ആരോഗ്യ വേണ്ടി പ്രാർത്ഥിക്കുകയാണ്" ബൈഡൻ പറഞ്ഞു. അതേ സമയം ഇറാനിയന്‍ മാധ്യമങ്ങളില്‍ റുഷ്ദിക്കെതിരായ ആക്രമണത്തെ പിന്തുണയ്ക്കുന്ന വാര്‍ത്തകള്‍ വന്നതായി റിപ്പോര്‍ട്ടുണ്ട്.

ഇറാനോടും ഖൊമൈനിയോടും പ്രിയം; ആരാണ് സൽമാൻ റഷ്ദിയെ കുത്തിയ 24കാരൻ ഹാ​ദി മറ്റാർ

റുഷ്ദി: ഇന്ത്യയുടെ ചരിത്രം ബാധിച്ച എഴുത്തുകാരൻ

click me!