നരകം പോലെ ജീവഭയം സമ്മാനിച്ച കൃതി, പ്രവാചകനിന്ദ ആരോപണത്തിൽ വേട്ടയാടപ്പെട്ട റുഷ്ദിയും 'സാതനിക് വേഴ്സസും'

By Web TeamFirst Published Aug 13, 2022, 11:26 AM IST
Highlights

സ്വന്തം കൃതിയുടെ പേരിൽ ജീവഭയത്തോടെ ജീവിക്കേണ്ടി വന്ന റുഷ്ദിയെ പോലെ മറ്റൊരു സാഹിത്യകാരനും ഉണ്ടാവില്ല. നിവധി തവണയാണ് റുഷ്ദിയെ തേടി അക്രമികളെത്തിയത്. യുഎസിലെ പ്രസംഗ വേദിയിൽ കുത്തേറ്റ ഇന്ത്യൻ വംശജൻ കൂടിയായ സൽമാൻ റുഷ്ദിയുടെ ജീവിതം തന്നെ ഒരു  നോവൽ പോലെ സങ്കീർണമാണ്

സ്വന്തം കൃതിയുടെ പേരിൽ ജീവഭയത്തോടെ ജീവിക്കേണ്ടി വന്ന റുഷ്ദിയെ പോലെ മറ്റൊരു സാഹിത്യകാരനും ഉണ്ടാവില്ല. നിവധി തവണയാണ് റുഷ്ദിയെ തേടി അക്രമികളെത്തിയത്. യുഎസിലെ പ്രസംഗ വേദിയിൽ കുത്തേറ്റ ഇന്ത്യൻ വംശജൻ കൂടിയായ സൽമാൻ റുഷ്ദിയുടെ ജീവിതം തന്നെ ഒരു  നോവൽ പോലെ സങ്കീർണമാണ്.  1988 ലാണ് റുഷ്ദി തന്റെ നാലാമത്തെ നോവലായ സാതനിക് വേഴ്സസ് എഴുതുന്നത്.  വിവാദ കൃതിയിൽ പ്രവാചക നിന്ദയാരോപിച്ച് ഇന്ത്യയടക്കം പല രാജ്യങ്ങലും  പുസ്തകം നിരോധിച്ചു. പുസ്തകത്തിന് പിന്നാലെ  1989-ൽ ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള ഖോമേനി റുഷ്ദിയെ വധിക്കാൻ മത തിട്ടൂരം ഇറക്കി. റുഷ്ദിയെ വധിക്കുന്നവർക്ക് 30 ലക്ഷം യുഎസ് ഡോളർ ആയിരുന്നു ഇനാം പ്രഖ്യാപിച്ചത്. അമേരിക്കയടക്കം പാശ്ചാത്യരാജ്യങ്ങൾ ഭീഷണിയെ അപലപിച്ചു. പിന്നാലെ റുഷ്ദി ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. ഇതിനോട് ഇനാം തുക വർധിപ്പിച്ചായിരുന്നു ഇറാന്റെ പ്രതികരണം. യുകെ-ഇറാൻ നയതന്ത്ര ബന്ധങ്ങളിൽ വിള്ളലുണ്ടാക്കുന്നതിലേക്കുവരെ കാര്യങ്ങളെ പുസ്തകം നയിച്ചു. പാക്കിസ്ഥാനും ദക്ഷിണാഫ്രിക്കയുമടക്കം പുസ്തകം നിരോധിച്ചു. ഇതൊന്നും കൊണ്ട് പ്രതിഷേധവം പ്രക്ഷോഭവും തണുത്തില്ല. തെരുവിൽ സംഭവത്തിന്റെ പേരിൽ ജീവനുകൾ പൊലിഞ്ഞതും ചരിത്രം

1989-ലായിരുന്നു ആദ്യ വധശ്രമം. റുഷ്ദി താമസിക്കുന്ന ലണ്ടനിലെ ഹോട്ടലിൽ ലബനീസ് പൗരൻ മുസ്തഫ മസേ ബോംബ് വച്ചു. എന്നാൺ ആ  ബോംബ് പൊട്ടി അക്രമി തന്നെ മരിച്ചു. 1991 സാതാനിക് വേഴ്സസ് ജപ്പാനിലേക്ക് മൊഴിമാറ്റിയ ഇതോഷി ഇഗാർഷി കൊല്ലപ്പെട്ടു. കുത്തേറ്റാണ് മരിച്ചത്.  ഇറ്റാലിയൻ ഭാഷയിലേക്ക് മൊഴിമാറ്റിയയാളെ കുത്തി മാരകമായി പരിക്കേൽപ്പിച്ചു. തുർക്കിയിലേക്ക് മൊഴിമാറ്റം നടത്തിയ അസിസ് നേസന് നേരെയും ആക്രമണമുണ്ടായി. അസിസ് പങ്കെടുത്തിരുന്ന സാഹിത്യ വേദിക്ക് തീയിട്ടു. 35 പേർ കൊല്ലപ്പെട്ടു.  വ്യാപക പ്രതിഷേധത്തെ തുടർന്ന് റുഷ്ദിക്ക് ബ്രിട്ടീഷ് സർക്കാർ സുരക്ഷ ഏർപ്പെടുത്തി. ഏറെ കാലം ജോസഫ് ആന്റൺ എന്ന പേരിൽ ഒളിവിൽ താമസിച്ചു അദ്ദേഹം. എന്നാൽ  1998-ൽ റുഷ്ദിക്കെതിരായ ഫത്വയിൽ നിന്ന് ഇറാൻ പിന്നോട്ട് പോയി. കൊലപ്പെടുത്താൻ ആഹ്വാനം ഇല്ലെന്ന് വ്യക്തമാക്കി.  2007 ൽ ബ്രിട്ടൺ റുഷ്ദിക്ക് സർ പദവി നൽകി. എന്നാൽ  2010-ൽ റുഷ്ദി അൽ ഖ്വയ്ദയുടെ ഹിറ്റ്ലിസ്റ്റിൽ ഇടംപിടിച്ചു.  2012 ജയ്പൂർ പുസ്തകോത്സവത്തിൽ നിന്നും പ്രതിഷേധത്തെ തുടർന്ന് പിന്മാറിയതടക്കം വേട്ടയാടലുകൾ നിരവധി ഏറ്റുവാങ്ങിയ റുഷ്ദി ഒടുവീൽ വീണ്ടും ആക്രമിക്കപ്പെട്ടിരിക്കുന്നു.

Read more:  സൽമാൻ റുഷ്ദിയുടെ ആരോ​ഗ്യനില ​ഗുരുതരം; കരളിന് സാരമായ പരിക്ക്

ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് നോവലിസ്റ്റാണ് സർ അഹ്മദ് സൽമാൻ റുഷ്ദി. മിഡ്നൈറ്റ്സ് ചിൽഡ്രൻ, സാറ്റാനിക് വേർസസ് എന്നീ കൃതികളിലൂടെയാണ് റുഷ്ദിയെ ലോകം അറിയുന്നത്. 1947 ജൂൺ 19ന് ബോംബെയിലായിരുന്നു ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ഇംഗ്ലണ്ടിലേക്ക് പോയി. അവിടെയായിരുന്നു തുടർപഠനം. 1968 ൽ പാക്കിസ്ഥാനിലേക്ക് കുടിയേറിയ കുടുംബത്തോടൊപ്പം റുഷ്ദിയും ഇവിടെ എത്തിയെങ്കിലും പിന്നീട് തിരികെ പോയി. സയൻസ് ഫിക്ഷൻ നോവലായ ഗ്രിമസ് എന്ന കൃതിയിലൂടെ 1975 കാലത്താണ് അദ്ദേഹം സാഹിത്യ രംഗത്തേക്ക് കടന്നത്. മിഡ്നൈറ്റ്സ് ചിൽഡ്രൻ എന്ന രണ്ടാമത്തെ പുസ്തകം തലവര മാറ്റി. 1981ൽ പുറത്തിറങ്ങിയ മിഡ്നൈറ്റ്സ് ചിൽഡ്രൻ എന്ന നോവലിലൂടെ വിശ്വപ്രസിദ്ധനായി. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്ന നിമിഷം ജനിക്കുകയും ഇന്ത്യാ പാക് ചരിത്രത്തിലെ നിർണായക സന്ധികളിലൂടെയും മുന്നേറുന്ന വ്യക്തിയുടെ ജീവിതമായിരുന്നു ഇതിവൃത്തം. ഈ കൃതിക്ക് ബുക്കർ പ്രൈസ്, അടക്കം ലഭിച്ചു.

Read more: കുത്തേറ്റ സൽമാൻ റുഷ്ദി വെന്‍റിലേറ്ററിൽ, ഒരു കണ്ണിന് കാഴ്ച നഷ്ടമായേക്കാം; 24 കാരനായ പ്രതിയെ തിരിച്ചറിഞ്ഞു

ഭീഷണികൾ തുടരുവെ പൊതുവേദികളിൽ നിന്ന് വിട്ടുനിന്ന അദ്ദേഹം  ഇറാൻ ഫത്വ പിൻവലിച്ചതിന് പിന്നാലെ 2004-ലാണ് പൊതുവേദികളിൽ സജീവമായത്.  ഇന്നലെ ന്യൂയോർക്കിലെ ആൾക്കൂട്ടം നിറഞ്ഞ് നിന്ന ഓഡിറ്റോറിയത്തിലേക്ക് ഒരു അഭിമുഖ പരിപാടിക്കായി നടന്നുവരുമ്പോഴാണ് പൊടുന്നനെ അക്രമി അദ്ദേഹത്തെ ആക്രമിച്ചത്. കഴുത്തിലാണ് അദ്ദേഹത്തിന് കുത്തേറ്റത്.  അദ്ദേഹത്തെ ഹെലികോപ്റ്റർ വഴി ആശുപത്രിയിലേക്ക് മാറ്റി.  വെന്‍റിലേറ്ററിലാണെന്നും അക്രമത്തിൽ കരളിന് സാരമായി പരിക്കേറ്റെന്നുമാണ് ലഭിക്കുന്ന വിവരം. അദ്ദേഹത്തിന്റെ ഒരു കണ്ണിന് കാഴ്ച നഷ്ടപ്പെട്ടേക്കാമെന്നും റിപ്പോർട്ടുണ്ട്. അതേസമയം, അക്രമിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. 24കാരനായ ഹാദി മറ്റാർ പ്രവേശന പാസ്സുമായിട്ടാണ് രിപാടിക്കെത്തിയത്.

click me!