തുല്യ ജോലിക്ക് തുല്യ വേതനം: ബിബിസിക്ക് തിരിച്ചടി, വിജയം കണ്ട് സമീറ അഹമ്മദിന്‍റെ പോരാട്ടം

By Web TeamFirst Published Jan 13, 2020, 11:02 AM IST
Highlights

2012ല്‍ അവതാരകരുടെ പ്രതിഫലം വെളിപ്പെടുത്തി ബിബിസി പുറത്ത് വിട്ട കണക്കുകളിലൂടെയാണ് സമീറ തനിക്ക് നേരിട്ടിരുന്ന വിവേചനം തിരിച്ചറിഞ്ഞത്.

ലണ്ടന്‍: തുല്യ വേതനം ആവശ്യപ്പെട്ട് അന്താരാഷ്ട്ര മാധ്യമമായ ബിബിസിക്കെതിരെ ശബ്ദമുയര്‍ത്തിയ അവതാരക സമീറ അഹമ്മദിന് അനുകൂല വിധിയുമായി കോടതി. ലിംഗ സമത്വം സമീറയ്ക്ക് നിഷേധിച്ചുവെന്ന് ചൂണ്ടിക്കാണിച്ചാണ് ട്രൈബ്യൂണലിന്‍റെ വിധി. ബിബിസിയിലെ വാര്‍ത്താധിഷ്ഠിത പരിപാടിയായ പോയിന്‍റ് ഓഫ് വ്യൂവിന്‍റെ അവതാരകനായ ജെറമി വൈനിന് നല്‍കുന്ന പ്രതിഫലം തനിക്ക് നല്‍കുന്നതിന്‍റെ ആറിരട്ടിയാണെന്ന് കണ്ടെത്തിയതോടെയായിരുന്നു സമീറ പരാതിയുയര്‍ത്തിയത്. 

ന്യൂസ് വാച്ച് എന്ന പരിപാടിയുടെ അവതാരകയായ സമീറയ്ക്ക് നല്‍കിയിരുന്നത് 40000 രൂപയും പോയന്‍റ്സ് ഓഫ് വ്യൂ അവതാരകനായ ജെറമിക്ക് നല്‍കുന്നത് 200000 രൂപയും ആയിരുന്നു. 2012ല്‍ അവതാരകരുടെ പ്രതിഫലം വെളിപ്പെടുത്തി ബിബിസി പുറത്ത് വിട്ട കണക്കുകളിലൂടെയാണ് സമീറ തനിക്ക് നേരിട്ടിരുന്ന വിവേചനം തിരിച്ചറിഞ്ഞത്. സ്ത്രീയെന്ന നിലയില്‍ തന്നോട് വിവേചനം കാണിച്ച ബിബിസി ആറു കോടി രൂപയോളം നഷ്ടം വരുത്തിയെന്നായിരുന്നു സമീറയുടെ പരാതി. 

ജെറമിയുടെ താരമൂല്യവും ജോലി പരിചയവുമാണ് കൂടുതല്‍ വേതനം നല്‍കാന്‍ കാരണമെന്ന ബിബിസിയുടെ വാദം ട്രൈബ്യൂണല്‍ നിഷേധിച്ചു. സമീറയ്ക്ക് ഉള്ളതിനേക്കാള്‍ എത് കഴിവാണ് ജെറമിക്ക് കൂടുതലുള്ളതെന്ന് തെളിയിക്കാന്‍ ബിബിസിക്ക് സാധിച്ചില്ല. 

കേസില്‍ തനിക്കൊപ്പം നിലപാടെടുത്ത നാഷണല്‍ യൂണിയന്‍ ഓഫ് ജേര്‍ണലിസ്റ്റിനും അഭിഭാഷകര്‍ക്കും നന്ദി രേഖപ്പെടുത്തിയ സമീറ ബിബിസിയോടൊപ്പം തുടര്‍ന്ന് പ്രവര്‍ത്തിക്കാന്‍ സന്നദ്ധമാണെന്നും വിശദമാക്കി. നവംബറിലാണ് ട്രൈബ്യൂണലിലെ വാദം അവസാനിച്ചത്. പ്രതിഫലത്തിലുള്ള ഈ വ്യത്യാസം ഞെട്ടിക്കുന്നതാണെന്ന് ട്രൈബ്യൂണല്‍ വിലയിരുത്തി. 

click me!