
സൗദി അറേബ്യയുടെ റിയാദ്, മദീന മേഖലകളിലൂടെ കടന്നുപോകുന്ന സുപ്രധാന ഈസ്റ്റ്-വെസ്റ്റ് എണ്ണ പൈപ്പ്‌ലൈനിന് നേരെയുണ്ടായ ആക്രമണം ലോകത്തെയാകെ നടുക്കിയിരിക്കുകയാണ്. ലോകത്തിലെ പ്രമുഖ എണ്ണ കയറ്റുമതി രാജ്യമായ സൗദിയുടെ പ്രധാന ബൈപാസ് പാത അടച്ചതോടെ ആഗോള എണ്ണ വിപണി കടുത്ത പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. സൗദിയുടെ കൈവശമുള്ള എണ്ണ ശേഖരം ഇനി അഞ്ച് മുതൽ ഏഴ് ദിവസത്തേക്ക് മാത്രമേ അവശേഷിക്കുന്നുള്ളൂവെന്നും, ഇത് ആഗോള എണ്ണ വിതരണത്തിന്റെ 4 ശതമാനത്തെ ബാധിക്കുമെന്നും റോയിട്ടേഴ്സ് റിപ്പോർട്ടിൽ പറയുന്നു.
അറേബ്യൻ ഉപദ്വീപിലൂടെ കടന്നുപോകുന്ന 1,200 കിലോമീറ്റർ ദൈർഘ്യമുള്ള ഈ പ്രധാന പാത വഴി പ്രതിദിനം 40 ലക്ഷം ബാരൽ എണ്ണയാണ് ചെങ്കടൽ തുറമുഖമായ യാൻബുവിലേക്ക് എത്തിച്ചിരുന്നത്. മധ്യപൂർവേഷ്യയിൽ യുദ്ധസമാനമായ സാഹചര്യങ്ങൾ നിലനിൽക്കുന്നതിനിടെയുണ്ടായ ഈ ആക്രമണം ഊർജ്ജ വിപണിക്ക് കനത്ത തിരിച്ചടിയാണ്.
കഴിഞ്ഞ ആറ് മാസമായി ഹോർമുസ് കടലിടുക്ക് വഴിയുള്ള ഗതാഗതം തടസപ്പെട്ടപ്പോൾ സൗദി അറേബ്യ പ്രധാനമായും ആശ്രയിച്ചിരുന്നത് ഈ ഈസ്റ്റ്-വെസ്റ്റ് ബൈപാസ് പാതയെയായിരുന്നു. മുൻപ് പ്രതിദിനം 2.2 കോടി ബാരൽ കടന്നുപോയിരുന്ന ഹോർമുസ് കടലിടുക്കിലൂടെ ഇപ്പോൾ 60 ലക്ഷം മുതൽ 90 ലക്ഷം ബാരൽ മാത്രമാണ് സഞ്ചരിക്കുന്നത്.
എന്നാൽ, പൈപ്പ്‌ലൈനുണ്ടായ നാശനഷ്ടങ്ങളുടെ പൂർണ്ണ വിവരങ്ങൾ പുറത്തുവിടാൻ റിയാദ് ഇതുവരെ തയ്യാറായിട്ടില്ല. അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി വിതരണം സാധാരണ നിലയിലാക്കാൻ അഞ്ച് മുതൽ ആറ് ആഴ്ച വരെ എടുത്തേക്കാമെന്നാണ് വ്യവസായ മേഖലയിലെ പ്രമുഖർ നൽകുന്ന സൂചന.
നിലവിൽ യാൻബു തുറമുഖത്ത് 5 മുതൽ 7 ദിവസത്തേക്ക് ആവശ്യമായ 3.5 കോടി ബാരൽ എണ്ണ ശേഖരം മാത്രമാണ് ഉള്ളത്. ഈജിപ്തിലെ ഐൻ സുഖ്ന, സിദി കെരീർ തുറമുഖങ്ങളിലുള്ള സൗദിയുടെ അനുബന്ധ ശേഖരവും ഏതാനും ദിവസത്തേക്ക് മാത്രമേ തികയൂ എന്നത് പ്രതിസന്ധിയുടെ ആഴം കൂട്ടുന്നു.
യുഎസ്- ഇറാൻ സംഘർഷം രൂക്ഷമായതോടെ സൗദി അറേബ്യയുടെ ഓഗസ്റ്റിലെ ക്രൂഡ് ഓയിൽ ഉൽപ്പാദനം പ്രതിദിനം 62.4 ലക്ഷം ബാരലായി കുത്തനെ ഇടിഞ്ഞിരുന്നു. 1990 ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. ജൂലൈ മാസത്തിൽ പ്രതിദിനം 81 ലക്ഷം ബാരൽ ഉൽപ്പാദനം രേഖപ്പെടുത്തിയ സ്ഥാനത്താണ് ഒറ്റയടിക്ക് 19 ലക്ഷം ബാരലിന്റെ കുറവുണ്ടായിരിക്കുന്നത്.
ഒപെക് (OPEC) കൂട്ടായ്മ മുൻകൂട്ടി ആസൂത്രണം ചെയ്ത വിതരണ വർദ്ധനവിനെ ഈ ഇടിവ് പൂർണ്ണമായും തകിടം മറിച്ചു. ഗൾഫ് മേഖലയിലെ പ്രധാന കപ്പൽ പാതകൾ അപകടത്തിലായതോടെ സൗദി തങ്ങളുടെ എണ്ണ കയറ്റുമതി ചെങ്കടൽ തുറമുഖമായ യാൻബുവിലേക്ക് മാറ്റിയിരുന്നുവെങ്കിലും ഇപ്പോഴത്തെ ആക്രമണം ഈ ബദൽ മാർഗ്ഗവും അടച്ചിരിക്കുകയാണ്.
സൗദിയുടെ ബദൽ പാത തടസ്സപ്പെട്ടതോടെ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഉയർന്നു. ഇത് ലോകമെമ്പാടുമുള്ള ഇന്ധനവില വർദ്ധനവിനും കടുത്ത പണപ്പെരുപ്പത്തിനും കാരണമായിട്ടുണ്ട്. കൂടാതെ, യുഎസ് ട്രഷറി യീൽഡ് 2008 സാമ്പത്തിക പ്രതിസന്ധിക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിലെത്തി.
അന്താരാഷ്ട്ര ഊർജ്ജ ഏജൻസിയുടെ (IEA) കണക്കുകൂട്ടൽ പ്രകാരം ഈ വർഷം ആഗോള എണ്ണ വിതരണത്തിൽ പ്രതിദിനം 57 ലക്ഷം ബാരലിന്റെ (6%) കുറവുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ഇതിനുപുറമെ, ചെങ്കടലിന്റെ കവാടത്തിലുള്ള ഒരു പ്രധാന ദ്വീപ് ഹൂതി പോരാളികൾ പിടിച്ചെടുത്തത് മേഖലയിലൂടെയുള്ള ബദൽ കപ്പൽ ഗതാഗതത്തിനും പുതിയ ഭീഷണിയുയർത്തുന്നു. എന്തായാലും നമുക്ക് മുന്നിലുള്ളത് അത്ര സുഖകരമായ കാലമല്ലെന്നാണ് ഇപ്പോൾ മനസിലാക്കാനാകുന്നത്....
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam