
റിയാദ്: യെമനിൽ ഹൂതി വിമതർക്കെതിരെ വൻ വ്യോമാക്രമണവുമായി സൗദി നയിക്കുന്ന അറബ് സഖ്യസേന. ശനിയാഴ്ച പുലർച്ചെ നടത്തിയ സൈനിക നീക്കത്തിൽ ഹൂതികളുടെ 136 സൈനിക ലക്ഷ്യങ്ങൾ തകർത്തതായി സഖ്യസേന അറിയിച്ചു. ഹൂതി വിമതരുടെ സൈനിക ശേഷി പൂർണ്ണമായി ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പ്രവർത്തനം നടത്തിയത്.
ഹൂതികളുടെ ബാലിസ്റ്റിക് മിസൈൽ ശൃംഖലകളും താവളങ്ങളും തകർക്കാനുള്ള നടപടികൾ ഊർജ്ജിതമായി തുടരുകയാണെന്ന് സഖ്യസേന വ്യക്തമാക്കി. അതെസമയം യെമൻ ഔദ്യോഗിക സൈനിക വിഭാഗങ്ങൾക്ക് 24 മണിക്കൂറും ആവശ്യമായ വ്യോമപിന്തുണ നൽകിവരുന്നുണ്ടെന്ന് സഖ്യസേനാ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കി അറിയിച്ചു. മേഖലയിലെ നിലവിലെ സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ വരും മണിക്കൂറുകളിലും ശക്തമായ സൈനിക നീക്കങ്ങൾ തുടരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
സൗദി അറേബ്യയിലെ അബഹ, റിയാദ് അന്താരാഷ്ട്ര വിമാനത്താവളങ്ങളെ ലക്ഷ്യമാക്കി ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി ആക്രമണങ്ങൾ നടന്നതായി സിവില്‍ ഏവിയേഷൻ ജനറൽ അതോറിറ്റി അറിയിച്ചിരുന്നു. ആക്രമണങ്ങളിൽ മൂന്ന് വിദേശികൾ കൊല്ലപ്പെടുകയും സ്വദേശികളും പ്രവാസികളും ഉൾപ്പെടെ 36 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ചൊവ്വാഴ്ച അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തിൽ മൊറോക്കൻ, അൾജീരിയൻ സ്വദേശികളായ രണ്ട് വനിതകൾ കൊല്ലപ്പെട്ടു. കൂടാതെ, സ്വദേശികളും ബംഗ്ലാദേശ്, ഫിലിപ്പീൻസ് പൗരന്മാരായ പ്രവാസികളും അടക്കം 28 പേർക്ക് പരിക്കേറ്റു. ഇവരിൽ ചിലരുടെ പരിക്ക് ഗുരുതരമാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam