കശ‍്മീര്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ ഇസ്ലാമിക രാജ്യങ്ങള്‍ യോഗം ചേരുന്നു

Web Desk   | Asianet News
Published : Dec 29, 2019, 11:22 AM ISTUpdated : Dec 29, 2019, 03:15 PM IST
കശ‍്മീര്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ ഇസ്ലാമിക രാജ്യങ്ങള്‍ യോഗം ചേരുന്നു

Synopsis

ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്‍മയായ ഒഐസിയിലുണ്ടായ ഭിന്നത മുതലെടുത്ത് പാകിസ്ഥാന്‍ നടത്തിയ കരുനീക്കമാണ് കശ്‍മീര്‍ വിഷയത്തില്‍ പ്രത്യേക യോഗം വിളിച്ചു കൂട്ടാന്‍ സൗദിയെ പ്രേരിപ്പിച്ചത് 

ദില്ലി: കശ്‍മീര്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ ഇസ്ലാമിക രാജ്യങ്ങള്‍ യോഗം ചേരും. പാകിസ്ഥാന്‍റെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് യോഗം വിളിച്ചു ചേര്‍ക്കാന്‍ സൗദി അറേബ്യ തീരുമാനിച്ചത്. ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്‍മയായ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോപറേഷന്‍ (ഒഐസി) ആണ് കശ്മീര്‍ പ്രശ്നം ചര്‍ച്ച ചെയ്യാന്‍ ഒത്തുകൂടുന്നത്. ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്‍മയിലുണ്ടായ ഭിന്നത മുതലെടുത്ത് പാകിസ്ഥാന്‍ നടത്തിയ കരുനീക്കമാണ് കശ്‍മീര്‍ വിഷയത്തില്‍ പ്രത്യേക യോഗം വിളിച്ചു കൂട്ടാന്‍ സൗദിയെ പ്രേരിപ്പിച്ചത് എന്നാണ് അന്താരാഷ്ട്ര നിരീക്ഷകരുടെ വിലയിരുത്തല്‍. 

കഴിഞ്ഞ ദിവസം സൗദി അറേബ്യയെ മറികടന്ന് മലേഷ്യ ഇസ്ലാമിക രാജ്യങ്ങളുടെ പ്രത്യേക ഉച്ചക്കോടി വിളിച്ചിരുന്നു. എന്നാല്‍ സൗദി അറേബ്യ അടക്കമുള്ള പല രാജ്യങ്ങളും ഉച്ചക്കോടിയില്‍ പങ്കെടുത്തിരുന്നില്ല. ഇസ്ലാമിക രാജ്യങ്ങളിലെ പ്രത്യേക വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനെന്ന പേരില്‍ വിളിച്ച യോഗം ഇസ്ലാമിക രാഷ്ട്രങ്ങളുടെ കൂട്ടായ്മായുമായി ബന്ധമില്ലാത്തതാണെന്ന നിലപാടാണ് സൗദി അറേബ്യ സ്വീകരിച്ചത്. മലേഷ്യയെ കൂടാതെ തുര്‍ക്കി, ഇറാന്‍, ഖത്തര്‍ എന്നീ രാജ്യങ്ങള്‍ ഉച്ചക്കോടിയില്‍ പങ്കെടുത്തു. ഇവയെല്ലാം തന്നെ സൗദിയുമായി ഇടഞ്ഞു നില്‍ക്കുന്ന രാജ്യങ്ങളാണ്. 

ഇന്തോനേഷ്യയും പാകിസ്താനും ഉച്ചക്കോടിയില്‍ ഉണ്ടാവുമെന്ന് നേരത്തെ മലേഷ്യന്‍ പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദ് അറിയിച്ചിരുന്നുവെങ്കിലും ഇരുരാജ്യങ്ങളുടേയും പ്രതിനിധികള്‍ ഉച്ചക്കോടിക്കെത്തിയില്ല.  സൗദി അറേബ്യയുടെ സമ്മര്‍ദ്ദം മൂലമാണ് ഇരുരാഷ്ട്രങ്ങളും ഉച്ചക്കോടിയില്‍ നിന്നും വിട്ടു നിന്നത് എന്നാണ് സൂചന.  ഇമ്രാന്‍ഖാന്‍ യോഗത്തിന് എത്തുമെന്ന് ആദ്യം അറിയിച്ചിരുന്നുവെങ്കിലും അവസാന നിമിഷം പിന്‍മാറി. ഇമ്രാന്‍റെ പിന്മാറ്റം പാകിസ്ഥാന് അകത്ത് തന്നെ വലിയ വിമര്‍ശനമുണ്ടാക്കുകയും ചെയ്തു.

മലേഷ്യന്‍ ഉച്ചക്കോടിയില്‍ നിന്നും വിട്ടുനിന്നതിന് പാകിസ്ഥാനെ നേരിട്ട് നന്ദി അറിയിക്കാന്‍ കഴിഞ്ഞ ദിവസം സൗദി വിദേശകാര്യമന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ അല്‍ സൗദ് ഇസ്ലാമാബാദിലെത്തിയിരുന്നു. പാകിസ്ഥാന്‍ പ്രധാനമന്ത്രിയുമായും വിദേശകാര്യമന്ത്രിയുമായി സൗദി വിദേശകാര്യമന്ത്രി നടത്തിയ കൂടിക്കാഴ്ചയില്‍ കശ്മീര്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ പ്രത്യേക യോഗം വിളിക്കണമെന്ന് പാകിസ്ഥാന്‍ സൗദിയോട് കര്‍ശനമായി തന്നെ ആവശ്യപ്പെടുകയായിരുന്നു. ഈ ആവശ്യം അംഗീകരിച്ചാണ് പ്രത്യേക ഉച്ചക്കോടി വിളിച്ചു ചേര്‍ക്കാം എന്ന് സൗദി അറേബ്യ നല്‍കിയത്. 

നേരത്തേയും ഇതേ ആവശ്യം പാകിസ്ഥാന്‍ ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയ്ക്ക് മുന്‍പില്‍ അവതരിപ്പിച്ചിരുന്നെങ്കിലും ഒഐസിയിലെ പ്രധാനികളായ സൗദിയും യുഎഇയും ഇന്ത്യന്‍ നിലപാടിനൊപ്പമായിരുന്നതിനാല്‍ തള്ളപ്പെട്ടിരുന്നു.  കശ്മീര്‍ വിഷയത്തില്‍ വിളിച്ചു ചേര്‍ക്കുന്ന യോഗത്തില്‍ പൗരത്വ നിയമഭേദഗതിക്ക് ശേഷമുള്ള സാഹചര്യവും പാകിസ്ഥാന്‍ ചര്‍ച്ചയാക്കും എന്നാണ് സൂചന.  സ്ഥിതി നിരീക്ഷിക്കുകയാണ് എന്നാണ് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. സൗദി അറേബ്യയും യുഎഇയും ഇന്ത്യയുടെ ഉറ്റ സുഹൃത്ത് രാഷ്ട്രങ്ങളായതിനാല്‍ ഇക്കാര്യത്തില്‍ കരുതലോടെയാവും ഇന്ത്യയുടെ തുടര്‍ നടപടികള്‍. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

റൺവേയുടെ സമീപത്ത് നിന്ന് പുക; പറന്നുയർന്നതിന് പിന്നാലെ വിമാനം അടിയന്തരമായി തിരിച്ചിറക്കി, കാരണം എഞ്ചിൻ തകരാർ
ഐഎസ് ഭീകരൻ പതിയിരുന്നാക്രമിച്ചു, സിറിയയിൽ സൈനികരടക്കം മൂന്ന് യുഎസ് പൗരന്മാർ കൊല്ലപ്പെട്ടു