സാമ്പത്തിക പ്രതിസന്ധി: പാകിസ്ഥാന് സൗദി അറേബ്യയുടെ സാമ്പത്തിക സഹായം

By Web TeamFirst Published Oct 28, 2021, 12:26 AM IST
Highlights

300 കോടി ഡോളര്‍ പാകിസ്ഥാന്‍ സെന്‍ട്രല്‍ ബാങ്കില്‍ നിക്ഷേപിക്കുന്നതിന് പുറമെ 120 കോടി ഡോളറിന്റെ എണ്ണ ഉല്‍പ്പന്നങ്ങളും പാകിസ്ഥാന് നല്‍കും. പാകിസ്ഥാന്റെ വിദേശനാണ്യ ശേഖരത്തിലെ കുറവ് നികത്തുകയാണ് ലക്ഷ്യം.
 

ഇസ്ലാമാബാദ്: പാകിസ്ഥാന് (Pakistan) സൗദി അറേബ്യയുടെ (Saudi Arabia)  സാമ്പത്തിക സഹായം. പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ (Imran Khan) സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാനുമായ (Prince Muhammed bin salman)  റിയാദില്‍ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് സാമ്പത്തിക സഹായം നല്‍കുമെന്ന് അറിയിച്ചത്. ഇന്‍ഫര്‍മേഷന്‍ മന്ത്രി ഫവാദ് ചൗധരിയാണ് സൗദി സാമ്പത്തിക സഹായം അനുവദിച്ചെന്ന് ട്വീറ്റ് ചെയ്തത്. 300 കോടി ഡോളര്‍ പാകിസ്ഥാന്‍ സെന്‍ട്രല്‍ ബാങ്കില്‍ നിക്ഷേപിക്കുന്നതിന് പുറമെ 120 കോടി ഡോളറിന്റെ എണ്ണ ഉല്‍പ്പന്നങ്ങളും പാകിസ്ഥാന് നല്‍കും. പാകിസ്ഥാന്റെ വിദേശനാണ്യ ശേഖരത്തിലെ കുറവ് നികത്തുകയാണ് ലക്ഷ്യം. സാമ്പത്തിക പ്രശ്‌നത്തെ തുടര്‍ന്ന് പ്രതിസന്ധിയിലായ പാകിസ്ഥാനെ സഹായിച്ചതില്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ നന്ദി അറിയിച്ചു. 

വളരെ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഘട്ടത്തില്‍ പാക് സെന്‍ട്രല്‍ ബാങ്കില്‍ 300 കോടി ഡോളര്‍ നിക്ഷേപിക്കുകയും 120 കോടി ഡോളറിന്റെ പെട്രോളിയം സഹായം നല്‍കുകയും ചെയ്ത സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാനോട് നന്ദി അറിയിക്കുകയാണെന്ന് ഇമ്രാന്‍ ഖാന്‍ ട്വീറ്റ് ചെയ്തു. 2018ലും 600 കോടി ഡോളറിന്റെ സാമ്പത്തിക സഹായം സൗദി പാകിസ്ഥാന് ലഭ്യമാക്കിയിരുന്നു. അന്ന് 200 കോടി ഡോളര്‍ പാകിസ്ഥാന്‍ സൗദിക്ക് തിരിച്ചു നല്‍കി. സൗദി പ്രതിവര്‍ഷം 150 കോടി ഡോളറിന്റെ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ പാകിസ്ഥാന് നല്‍കുമെന്ന് പാകിസ്ഥാന്‍ ജൂണില്‍ അറിയിച്ചിരുന്നു. എന്നാല്‍ ഇമ്രാന്‍ ഖാന്റെ സന്ദര്‍ശനത്തിന് പിന്നാലെ 300 കോടിയുടെ സാമ്പത്തിക സഹായം നേരിട്ടു നല്‍കാന്‍ സൗദി തീരുമാനിച്ചു. 

2019ല്‍ ഐഎംഫും പാകിസ്ഥാനും 600 കോടി ഡോളറിന്റെ കരാര്‍ ഒപ്പിട്ടിരുന്നു. എന്നാല്‍ കരാര്‍ 2020 ജനുവരിയില്‍ നടപ്പായില്ല. കരാര്‍ ഈ വര്‍ഷം നടപ്പാകുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇരുഭാഗത്തുനിന്നും ഗൗരവമായ ചര്‍ച്ചകള്‍ നടന്നില്ല. നിലവിലെ സഹായത്തിന് പുറമെ പ്രതിവര്‍ഷം 150 കോടി ഡോളറിന്റെ ക്രൂഡ് ഓയിലും സൗദി പാകിസ്ഥാന് നല്‍കിയേക്കും.
 

click me!