സ്ത്രീകളോടുള്ള പെരുമാറ്റത്തിനെതിരായ പ്രക്ഷോഭങ്ങളില്‍ അണിനിരന്ന് ഇറാനിലെ സ്കൂള്‍ വിദ്യാര്‍ത്ഥിനികളും

By Web TeamFirst Published Oct 6, 2022, 3:54 AM IST
Highlights

ഇറാന്‍റെ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമേനിക്കെതിരായി മുദ്രാവാക്യം വിളിച്ചായിരുന്നു വിദ്യാര്‍ത്ഥിനികളുടെ പ്രതിഷേധം. ഇറാന്‍റെ പടിഞ്ഞാറന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള സാകേസിലും സമാന പ്രതിഷേധം നടന്നു. സ്വേച്ഛാധിപതിക്ക് മരണം എന്ന മുദ്രാവാക്യത്തോടെയായിരുന്നു ഇവിടെ വിദ്യാര്‍ത്ഥിനികളുടെ പ്രതിഷേധം

സ്ത്രീകളോടുള്ള പെരുമാറ്റത്തിനെതിരായി നടക്കുന്ന സര്‍ക്കാര്‍ വിരുദ്ധ പോരാട്ടങ്ങളില്‍ അണിചേര്‍ന്ന് ഇറാനിലെ  സ്കൂള്‍ വിദ്യാര്‍ത്ഥിനികളും. ഇറാന്‍ തലസ്ഥാനമായ ടെഹ്റാന് സമീപമുള്ള കറാജിലെ സ്കൂള്‍ വിദ്യാര്‍ത്ഥിനികളാണ് നിലവിലെ പ്രതിഷേധങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് തെരുവിലേക്ക് എത്തിയത്. ഹിജാബുകള്‍ ഊരിയ ശേഷമായിരുന്നു വിദ്യാര്‍ത്ഥിനികള്‍ തെരുവിലേക്ക് എത്തിയത്. ഇറാന്‍റെ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമേനിക്കെതിരായി മുദ്രാവാക്യം വിളിച്ചായിരുന്നു വിദ്യാര്‍ത്ഥിനികളുടെ പ്രതിഷേധം.

ഇറാന്‍റെ പടിഞ്ഞാറന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള സാകേസിലും സമാന പ്രതിഷേധം നടന്നു. സ്വേച്ഛാധിപതിക്ക് മരണം എന്ന മുദ്രാവാക്യത്തോടെയായിരുന്നു ഇവിടെ വിദ്യാര്‍ത്ഥിനികളുടെ പ്രതിഷേധം. ശരിയായ രീതിയില്‍ ശിരോവസ്ത്രം ധരിക്കാത്തതിന് പൊലീസ് കസ്റ്റഡിയില്‍ എടുത്തതിന് പിന്നാലെ കൊല്ലപ്പെട്ട 22കാരിയായ മഹ്സ അമീനിയുടെ ജന്മനാട് കൂടിയാണ് സാകേസ്. എന്നാല്‍ രാജ്യത്ത് നടക്കുന്ന പ്രതിഷേധങ്ങള്‍ക്ക് അമേരിക്കയെയും ഇസ്രയേലിനെയുമാണ് ഇറാന്‍റെ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമേനി പഴിചാരുന്നത്. ഇറാന്‍റെ ബദ്ധവൈരികളും അവരുടെ സഖ്യ കക്ഷികളും ചേര്‍ന്ന് എന്‍ജിനിയറിംഗ് ചെയ്തതാണ് നിലവിലെ കലാപമെന്നാണ് അയത്തൊള്ള അലി ഖമേനി കഴിഞ്ഞ ദിവസം പ്രതികരിച്ചത്.

രാജ്യം എല്ലാ മേഖലയിലും ശക്തിപ്രാപിക്കുന്നതിലുള്ള വിരോധം മൂലം ഇറാന്‍റെ ബദ്ധവൈരികളും അവരുടെ സഖ്യ കക്ഷികളും ചേര്‍ന്ന് എന്‍ജിനിയറിംഗ് ചെയ്തതാണ് നിലവിലെ കലാപമെന്നാണ് അയത്തൊള്ള അലി ഖമേനി പറയുന്നത്. ഒരു ദശാബ്ദത്തോളം നീണ്ട തന്‍റെ ഭരണത്തിന് നേരെ ഉയര്‍ന്ന ഏറ്റവും വലിയ വെല്ലുവിളിയായാണ് ഖമേനി പ്രതിഷേധങ്ങളെ നോക്കികാണുന്നത്.

22കാരിയായ മഹ്സ അമീനിയെ സെപ്തംബര്‍ 13നാണ് ശരിയായ രീതിയില്‍ ശിരോവസ്ത്രം ധരിക്കാത്തതിന് കസ്റ്റഡിയില്‍ എടുത്തത്. മണിക്കൂറുകള്‍ നീണ്ട കസ്റ്റഡിക്ക് ശേഷം മഹ്സ അമീനി കോമ അവസ്ഥയിലാവുകയും മൂന്ന് ദിവസത്തിന് ശേഷം മരിക്കുകയും ചെയ്തത്. കസ്റ്റഡിയിലെടുത്ത ഉദ്യോഗസ്ഥര്‍ മഹ്സയുടെ തലയില്‍ ബാറ്റണ്‍ കൊണ്ട് തല്ലിയെന്നും വാഹനത്തില്‍ മഹ്സയുടെ തല ഇടിപ്പിച്ചുവെന്നുമാണ് മഹ്സയുടെ കുടുംബം ആരോപിക്കുന്നത്. എന്നാല്‍ കസ്റ്റഡിയിലെ പീഡനത്തിന് തെളിവില്ലെന്നും യുവതി മരിച്ചത് ഹൃദയാഘാതത്തെ തുടര്‍ന്നാണെന്നുമാണ് ഇറാന്‍ പൊലീസ് പറയുന്നത്. മഹ്സയുടെ സംസ്കാരത്തിന് പിന്നാലെ സ്ത്രീകള്‍ നയിക്കുന്ന നിരവധി പ്രതിഷേധങ്ങളാണ് ഇറാനില്‍ നടന്നത്. ശിരോവസ്ത്രം വലിച്ചെറിഞ്ഞും കത്തിച്ചും തെരുവുകളില്‍ സ്ത്രീകള്‍ പ്രതിഷേധിക്കുകയായിരുന്നു.  

click me!