
പോളണ്ട് അതിർത്തി: സുമിയടക്കം അഞ്ച് യുക്രൈൻ നഗരങ്ങളിൽ റഷ്യ വീണ്ടും വെടിനിർത്തൽ പ്രഖ്യാപിച്ചു. സുരക്ഷാ ഇടനാഴികൾ തുറക്കുമെന്ന ഉറപ്പും റഷ്യ നൽകി. ഇന്ത്യൻ എംബസിയിൽ നിന്നുള്ള വിവരങ്ങൾക്കായി കാത്തിരിക്കുകയാണെന്ന് സുമിയിലെ വിദ്യാർത്ഥികൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അതേസമയം സുരക്ഷിത പാത കണ്ടെത്താനുള്ള ശ്രമത്തിലാണ് കേന്ദ്ര സർക്കാർ.
ആശങ്കയൊഴിയാതെ വിദ്യാർത്ഥികൾ
ഏറ്റവും തണുപ്പുള്ള ദിവസമാണ് ഇന്ന്. മഞ്ഞ് വീഴ്ച ശക്തമായി തുടരുന്നതിനിടെയാണ് സുമിയിലടക്കം രക്ഷാപ്രവർത്തനവും നടത്തുന്നത്. ഇന്നലെ മൂന്ന് ബസുകളും മിനി വാനുമാണ് സുമിയിലേക്ക് അയച്ചത്. ഇത് കുട്ടികൾ താമസിക്കുന്ന കോമ്പൗണ്ടിനുള്ളിൽ പാർക്ക് ചെയ്തിരിക്കുകയാണ്. ഇന്ത്യൻ എംബസിയിൽ നിന്ന് നിർദ്ദേശം ലഭിച്ചാലുടൻ പുറപ്പെടാൻ തയ്യാറായാണ് ഇവ നിൽക്കുന്നത്.
പോളണ്ട് അതിർത്തിയിൽ എത്തിയവർക്ക് ജർമ്മൻ കലാകാരന്റെ സ്വാഗതം ഇങ്ങനെ
ഇന്നലെ 200 പേരെ ഈ ബസുകളിൽ കയറ്റിയിരുന്നു. പെൺകുട്ടികളെയായിരുന്നു ആദ്യം കയറ്റിയത്. ബസ് പുറപ്പെടാൻ ഒരുങ്ങിയപ്പോഴാണ് വഴിയിൽ സ്ഫോടനമുണ്ടെന്ന വിവരം ലഭിച്ചത്. മൂന്നിടത്താണ് സ്ഫോടനം നടന്നത്. യാത്ര സുരക്ഷിതമല്ലെന്ന നിഗമനത്തിൽ വിദ്യാർത്ഥികളെ തിരിച്ചിറക്കി. യുക്രൈൻ സർക്കാരുമായും സൈന്യവുമായുമെല്ലാം ഇന്ത്യ സംസാരിക്കുന്നുണ്ട്.
പോളണ്ട് അതിർത്തിയിലും ഹംഗറി അതിർത്തിയിലും വിദ്യാർത്ഥികളെ കാത്ത് കേന്ദ്രസർക്കാർ ഉദ്യോഗസ്ഥരുണ്ട്. കാർഖീവിലും കുട്ടികളുണ്ട്. ഹോസ്റ്റലുകളിലെ ബങ്കറുകളിലാണ് ഇവരുള്ളത്. ഇവരെ ഒഴിപ്പിക്കാൻ ശ്രമങ്ങൾ തുടരുകയാണ്.
ഇന്ത്യൻ വിദ്യാർത്ഥി യുക്രൈൻ സൈന്യത്തിൽ
കോയമ്പത്തൂർ സ്വദേശിയായ വിദ്യാർത്ഥി യുക്രൈൻ സൈന്യത്തിൽ ചേർന്നതായി വിവരം. സായി നികേഷ് രവിചന്ദ്രൻ എന്ന വിദ്യാർത്ഥിയാണ് യുദ്ധ മുന്നണിയിൽ (Russia Ukraine Crisis) സൈന്യത്തിനൊപ്പം ചേർന്നത്. ഖാർകിവ് എയറോനോട്ടിക്കൽ സർവകലാശാലയിൽ വിദ്യാർത്ഥിയാണ് സായി നികേഷ്. ഇന്റർനാഷണൽ ലീജിയൺ ഫോർ ടെറിറ്റോറിയൽ ഡിഫെൻസിൽ ചേർന്നതായാണ് വിവരം. കോയമ്പത്തൂരിലെ സായി നികേഷിന്റെ വീട്ടിലെത്തി ഇന്‍റലിജൻസ് ഉദ്യോഗസ്ഥർ വിവരം ശേഖരിച്ചു. സൈനിക യൂണിഫോമിൽ ആയുധങ്ങളുമായി നിൽക്കുന്ന ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
സായി നികേഷിനെ ഫോണിൽ കിട്ടുന്നില്ലെന്ന് വിശദമാക്കിയ കുടുബം കൂടുതൽ പ്രതികരിച്ചില്ല. 2018ലാണ് സായി നികേഷ് യുക്രൈനിലേക്ക് പോയത്. കോയമ്പത്തൂരിലെ തുടിയലൂര്‍ സ്വദേശിയാണ് 21കാരനായ സായി നികേഷ്. സ്കൂള്‍ പഠനം അവസാനിച്ച ശേഷം രണ്ടു തവണ ഇന്ത്യന്‍ സേനയില്‍ ചേരാന്‍ സായി നികേഷ് ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടില്ലെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.