
ഇസ്ലാമാബാദ്: ഇറാൻ വിഷയത്തിൽ പാക് സൈനിക മേധാവി ഷിയാ മുസ്ലിങ്ങൾക്ക് കർശന താക്കീത് നൽകിയതായി റിപ്പോർട്ട്. 'നിങ്ങൾക്ക് ഇറാനെ അത്രയധികം ഇഷ്ടമാണെങ്കിൽ, എന്തുകൊണ്ട് ഇറാനിലേക്ക് പോകുന്നില്ല' എന്ന് അസിം മുനീർ ചോദിച്ചതായി ഷിയ പണ്ഡിതനായ അല്ലാമ ഷിഫ നജാഫി ആരോപിച്ചു. മാർച്ച് 19 നാണ് പാകിസ്ഥാൻ ആർമി ചീഫ് ജനറൽ അസിം മുനീർ മുതിർന്ന ഷിയാ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത്. അല്ലാമ ഷിഫ നജാഫി, അല്ലാമ നസീർ അബ്ബാസ് തഖ്‌വി എന്നിവരുൾപ്പെടെ പാകിസ്ഥാനിലെ നിരവധി ഷിയാ ഇസ്ലാമിക പണ്ഡിതർ യോഗത്തിൽ പങ്കെടുത്തു. പാക് ഫീൽഡ് മാർഷൽ ഷിയാകളോട് രാജ്യം വിടാൻ ആവശ്യപ്പെട്ട് കടുത്ത ഭാഷയിൽ സംസാരിച്ചതായി അല്ലാമ ഷിഫ നജാഫി ഒരു പൊതുയോഗത്തിലാണ് ആരോപിച്ചത്. അടച്ചിട്ട മുറിയിലെ യോഗത്തിൽ പങ്കെടുത്തവരോട് അസിം മുനീർ കടുത്ത ഭാഷയിലാണ് സംസാരിച്ചത്. മുഹമ്മദലി ജിന്ന ഷിയ ആയിരുന്നുവെന്നത് നിങ്ങളെ ഓർമിപ്പിക്കുന്നുവെന്നും അസിം മുനീർ പറഞ്ഞതായി അല്ലാമ ഷിഫ നജാഫി പൊതുയോഗത്തിൽ പറഞ്ഞു. അസിം മുനീറിന്‍റെ മുന്നറിയിപ്പ് വിവാദത്തിന് തിരികൊളുത്തി.
അസിം മുനീറും ഷിയാ ഉലമ അംഗങ്ങളും തമ്മിൽ ഒരു മണിക്കൂറോളം കൂടിക്കാഴ്ച നടത്തിയെന്നാണ് റിപ്പോർട്ട്. മത പണ്ഡിതർക്ക് പ്രതികരിക്കാനോ ആശങ്കകൾ ഉന്നയിക്കാനോ അസിം മുനീർ അവസരം നൽകിയില്ലെന്ന് ആരോപണമുണ്ട്. സംസാരിക്കാൻ പലതവണ ശ്രമിച്ചെങ്കിലും അനുമതി ലഭിച്ചില്ലെന്ന് അല്ലാമ നസീർ അബ്ബാസ് തഖ്‌വി ആരോപിച്ചു. മത പണ്ഡിതർക്ക് മുന്നറിയിപ്പ് നൽകുന്നതിനായി നടത്തിയ ഏകപക്ഷീയമായ യോഗത്തിന് ശേഷം, ഇഫ്താർ കഴിഞ്ഞ് ആശങ്കകൾ ഉന്നയിക്കാൻ പ്രത്യേക യോഗം നടത്താമെന്ന് പറഞ്ഞെങ്കിലും അസിം മുനീർ നേരത്തെ സ്ഥലംവിട്ടെന്നും ഷിയ നേതാക്കൾ പറയുന്നു.
പിന്നാലെ അസിം മുനീറിനെതിരെ വിമർശനവുമായി ഷിയ മുസ്ലിങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ രംഗത്തെത്തി- 'ഈ രാജ്യത്തിനു വേണ്ടി ആരാണ് യഥാർത്ഥത്തിൽ നിലകൊള്ളുന്നതെന്ന് ഞങ്ങൾ നിങ്ങൾക്ക് കാണിച്ചുതരാം', 'ഇസ്രയേലിനെ അത്ര ഇഷ്ടമാണെങ്കിൽ അസിം മുനീർ ഇസ്രയേലിലേക്ക് പൊക്കോ' എന്നെല്ലാമാണ് സാമൂഹിക മാധ്യമങ്ങളിലെ പ്രതികരണങ്ങൾ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam