
ഇസ്ലാമാബാദ്: പാകിസ്താൻ കണ്ട ദുർബലനായ പ്രധാനമന്ത്രിയാണ് ഷഹബാസ് ഷെരീഫ്. നവാസ് ഷരീഫിന് അഴിമതിക്കേസിൽ അയോഗ്യത പ്രഖ്യാപിച്ചത് കൊണ്ടാണ് അദ്ദേഹത്തിന്റെ സഹോദരനായ ഷഹബാസ് ഷെരീഫ് പ്രധാനമന്ത്രി പദത്തിലെത്തിയത്.
തീരുമാനം എടുക്കാൻ കഴിയാത്ത പ്രധാനമന്ത്രി, തീവ്രവാദികളെ സഹായിക്കുന്ന ആൾ- പാകിസ്ഥാൻ കണ്ട ദുർബലനായ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന് വിശേഷണങ്ങളേറെ. ഒരു കുഞ്ഞ് കുട്ടിക്ക് പോലും ഇതിനേക്കാൾ നന്നായി തീരുമാനമെടുക്കാൻ കഴിയുമെന്നാണ് ഷഹബാസ് ഷെരീഫ് എടുക്കുന്ന തീരുമാനങ്ങളെക്കുറിച്ചുള്ള വിമർശനം.
പഞ്ചാബ് പ്രവിശ്യയിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രി പദവിൽ ഇരുന്ന ആളാണ് ഷരീഫ്. സഹോദരൻ നവാസ് ഷരീഫ് ഒഴിഞ്ഞതോടെയാണ്, പാകിസ്താൻ മുസ്ലീം ലീഗ് എൻ എന്ന പാർട്ടിയുടെ പ്രസിഡന്റ് പദത്തിലെത്തുന്നത്. അറിയപ്പെടുന്ന വ്യവസായി കൂടിയായ ഷെരീഫ് 2018ൽ പ്രതിപക്ഷ നേതാവായി. 2022ൽ ഇമ്രാൻ ഖാനെതിരായ അവിശ്വാസ പ്രമേയം പാസായതോടെയാണ് ഷെഹബാസ് ഷരീഫ് പ്രധാനമന്ത്രിയാകുന്നത്. മറ്റ് പാർട്ടികളുടെ പിന്തുണയോടെയാണ് സ്ഥാനമേറ്റത്. കഴിഞ്ഞ വർഷം നടന്ന തെരഞ്ഞെടുപ്പിൽ വീണ്ടും അധികാരത്തിലേക്ക്.
രാജ്യം രൂപീകരിച്ച ശേഷം എറ്റവും രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് പാകിസ്ഥാൻ കൂപ്പ് കുത്തിയത് ഇദ്ദേഹത്തിന്റെ കാലത്താണ്. ഐഎംഎഫിന്റെ സഹായം വാങ്ങാനുള്ള തീരുമാനവും വലിയ പ്രതിഷേധത്തിനിടയാക്കി. ലഷ്കർ ഇ തൊയ്ബ, ജെയ്ഷ് ഇ മുഹമ്മദ് തുടങ്ങിയ തീവ്രവാദ ഗ്രൂപ്പുകളെ സഹായിക്കുന്നയാളെന്നാണ് ഷഹബാസ് ഷെരീഫ് അറിയപ്പെടുന്നത്. രാജ്യത്ത് ആഭ്യന്തര കലാപവും രൂക്ഷമായ സമയമാണിത്. ബലൂചിസ്ഥാൻ ലിബറേഷൻ ആർമിയുടെ ആക്രമണം നേരിടുന്നതിലും ഷരീഫ് ഭരണകൂടം പരാജയപ്പെട്ടു. ഇതിനിടെയാണ് ഇന്ത്യയുമായുള്ള ഏറ്റുമുട്ടൽ.