
ഇസ്ലാമാബാദ് : മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്‍റെ സഹോദരൻ ഷഹബാസ് ഷെരീഫ് (shahbaz sharif) പാകിസ്ഥാന്‍റെ അടുത്ത പ്രധാനമന്ത്രിയായേക്കും ( Pakistan prime minister). നാലുവർഷത്തിലധികം പ്രതിപക്ഷ നേതാവായിരുന്നതിന്‍റേയും മൂന്നുതവണ മുഖ്യമന്ത്രിയായതിന്‍റേയും അനുഭവ സമ്പത്തുമായാണ് ഷഹബാസ് ഷെരീഫെത്തുന്നത്. സാമ്പത്തിക കുറ്റകൃത്യങ്ങൾക്ക് ജയിൽ കഴിയേണ്ടി വന്ന ഷഹബാസ് ജാമ്യത്തിലിറങ്ങിയാണ് പാകിസ്ഥാന്‍റെ 23 ആം പ്രധാനമന്ത്രിയാകാനൊരുങ്ങുന്നത്.
ബിലാവൽ ഭൂട്ടോയുടെ പാകിസ്ഥാൻ പീപ്പിൾസ് പാർട്ടിയടക്കമുള്ള പ്രതിപക്ഷ നിരയെ ഇമ്രാൻ ഖാനെതിരെ അണിനിരത്തിയ തന്ത്രശാലിയാണ് ഷഹബാസ് ഷെരീഫ്. പഞ്ചാബ് പ്രവിശ്യയെ നയിച്ചപ്പോൾ ചൈനീസ് സഹായത്തോടെയുള്ള പദ്ധതികൾ നടപ്പിലാക്കി ബീജിങ്ങിന്‍റെ അടുപ്പക്കാരനായ ഭരണാധികാരി. അമേരിക്കയുമായും സൗഹൃദം. 99ലെ പട്ടാള അട്ടിമറിയിൽ രാജ്യം വിടേണ്ടിവന്ന ഷഹബാസ് തിരിച്ചെത്തിത് 2007ലാണ്. നവാസ് ഷെരീഫിനെ അയോഗ്യനാക്കിയപ്പോൾ പാകിസ്ഥാൻ മുസ്ലിം ലീഗിന്‍റെ നേതൃനിരയിലെത്തിയ കോടീശ്വരനായ വ്യവാസായി. ഇത്തിഫാഖ് ഗ്രൂപ്പിലൂടെ സ്റ്റീൽ വ്യവസായത്തിൽ തിളങ്ങിയ ഷഹബാസ് ഇടക്കാലത്ത് ലാഹോർ ചേംബർ ഓഫ് കൊമേഴ്സ് നേതൃസ്ഥാനത്തുമെത്തി.
സമ്പത്തും അധികാരവും ഒരുപോലെ കൊണ്ടുനടന്ന ഷെഹബാസിന് വിവാദങ്ങളും ഒപ്പമുണ്ടായി. പ്രതിപക്ഷനേതാവായിരുന്ന 2019ൽ കള്ളപ്പണം വെളുപ്പിച്ച കേസിൽ നാഷണൽ അക്കൗണ്ടബിലിറ്റി ബ്യൂറോ 23 ആസ്തികൾ മരവിപ്പിച്ചു. ലാഹോർ ഹൈക്കോടതി കുറ്റക്കാരനെന്ന് വിധിച്ചതോടെ ജയിലുമായി. കഴിഞ്ഞ വർഷം ഏപ്രിലിൽ ജാമ്യത്തിലിറങ്ങിയ ശേഷം ഇമ്രാനെതിരെ കരുനീക്കം തുടങ്ങി. ഒടുവിൽ വിജയത്തിലുമെത്തി. അനന്ത് നാഗിലും പുൽവാമയിലും കുടുംബ വേരുകളുള്ള ബിരുദദാരിയായ 70 കാരൻ കൂട്ടുകക്ഷി സർക്കാരിനൊപ്പം ഒന്നരവർഷം പൂർത്തിയാക്കാനാകുമോയെന്ന് കണ്ടറിയണം.
പാക് അസംബ്ലിയിൽ 'സൂപ്പർ ഓവർ'; രാജിവെച്ച് സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറും, അതിനാടകീയ നീക്കങ്ങൾ
ഇതിഹാസ നായകനിൽ നിന്ന് വില്ലനിലേക്ക്; അവിശ്വാസപ്രമേയത്തിൽ അധികാരം കൈവിട്ട് ഇമ്രാൻ ഖാൻ
പാകിസ്ഥാന്‍റെ (Pakistan) രാഷ്ട്രീയ ചരിത്രത്തിൽ ആദ്യമായി അവിശ്വാസപ്രമേയത്തിലൂടെ ഒരു പ്രധാനമന്ത്രി അധികാരത്തിൽ നിന്ന് പുറത്ത്. പാകിസ്ഥാൻ ക്രിക്കറ്റ് ടീമിന് ലോക കിരീടം നേടി കൊടുത്ത ഇമ്രാൻ ഖാൻ എന്ന ഇതിഹാസ നായകനാണ് നാടകീയ രംഗങ്ങൾക്ക് ഒടുവിൽ അധികാരത്തിൽ ക്ലീൻ ബൗൾഡ് ആയി പുറത്തായിരിക്കുന്നത്. 174 വോട്ടുകളാണ് അവിശ്വാസ പ്രമേയത്തിന് അനുകൂലമായി ലഭിച്ചത്. ഇമ്രാൻ ഖാൻ വീട്ടു തടങ്കലിൽ ആണെന്ന റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. ഒപ്പം രാജ്യം വിടാൻ അനുവദിക്കരുതെന്നുള്ള ഹർജിയും കോടതിയിൽ എത്തിയിട്ടുണ്ട്.
രാവിലെ മുതൽ അതിനാടകീയ രംഗങ്ങൾക്കാണ് പാക് ദേശീയ അസംബ്ലി സാക്ഷ്യം വഹിച്ചത്. ഒടുവിൽ അർധ രാത്രിയോടെ സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറും രാജിവെയ്ക്കുന്ന സാഹചര്യം എത്തിയതോടെ ഇമ്രാൻ ഖാന് ഇനി പിടിച്ച് നിൽക്കാൻ സാധിക്കില്ലെന്ന് ഉറപ്പായിരുന്നു. തുടർന്ന് പ്രതിപക്ഷ നിരയിലുള്ള അയാ സാദ്ദിഖാണ് അവിശ്വാസ പ്രമേയ നടപടികൾ സ്പീക്കർ എന്ന നിലയിൽ പൂർത്തിയാക്കിയത്. ഇതിനിടെ ഔദ്യോഗിക വസതിയിൽ നിന്ന് ഇമ്രാൻ പോവുകയും ചെയ്തുന്നു.
രാത്രി പത്തരയ്ക്ക് മുൻപ് അവിശ്വാസം വോട്ടിനിടണം എന്ന സുപ്രീംകോടതിയുടെ വിധി അടിസ്ഥാനത്തിൽ രാവിലെ പത്തരയ്ക്ക് സഭ ചേർന്നെങ്കിലും പ്രതിപക്ഷം സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ബഹളം കൂട്ടിയതോടെ സ്പീക്കർ അസസ് ഖൈസർ സഭ നിർത്തിവെയ്ക്കുകയായിരുന്നു. അരമണിക്കൂറിനുള്ളിൽ വീണ്ടും സഭ ചേരും എന്നായിരുന്നു അറിയിച്ചിരുന്നത് എങ്കിലും സഭ പിന്നീട സമ്മേളിച്ചത് രണ്ടര മണിക്കൂറിനു ശേഷം മാത്രമാണ്. അവസാന നിമിഷവും ഇമ്രാൻ നടത്തുന്ന കള്ളക്കളിയുടെ ഫലമായാണ് വോട്ടെടുപ്പ് വൈകിക്കുന്നതെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം.
രാജ്യത്തേയും ഭരണഘടനയെയും കോടതിയെയും ഇമ്രാൻ അധിക്ഷേപിക്കുന്നുവെന്ന് പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി നേതാവ് ബിലാവൽ ഭൂട്ടോ തുറന്നടിക്കുകയും ചെയ്തിരുന്നു. ചീഫ് ജസ്റ്റിസ് അർധരാത്രി ചീഫ് ജസ്റ്റിസ് സുപ്രീംകോടതിയിൽ എത്തിയതോടെ ഇമ്രാൻ ഖാന്റെ നീക്കങ്ങൾക്ക് വൻ തിരിച്ചടിയും നൽകി. അവിശ്വാസ പ്രമേയത്തിൽ ദേശീയ അസംബ്ലിയിൽ വോട്ടെടുപ്പ് നടക്കുമ്പോൾ പുറത്ത് വൻ സൈനിക വ്യൂഹമാണ് അണിനിരന്നിട്ടുള്ളത്. ഇതിനിടെ പാക് സർക്കാരിനെ അട്ടിമറിക്കാൻ അമേരിക്ക നടത്തുന്ന നീക്കത്തിൽ പ്രതിപക്ഷം കക്ഷി ചേർന്നതായി പാക് വിദേശകാര്യ മന്ത്രി ഷാ മഹമൂദ് ഖുറൈശി ദേശീയ അസംബ്ലിയിൽ വിമര്‍ശനവും ഉന്നയിച്ചു.
വിദേശ ശക്തിയുടെ ഇടപെടലാണ് ഈ അവിശ്വാസ പ്രമേയത്തിന് പിന്നിലെന്നാണ് ഇമ്രാൻ ഖാനും അദ്ദേഹത്തിന്റെ പാർട്ടിയും ഉന്നയിരുന്ന പ്രധാന ആരോപണം. ഒരു അന്താരാഷ്ട്ര സമ്മർദ്ദങ്ങൾക്കും വഴങ്ങാത്ത ഇന്ത്യയുടെ വിദേശകാര്യ നയം മാതൃകയാക്കണമെന്ന് കഴിഞ്ഞ ദിവസം ഇമ്രാൻ ഖാൻ പറഞ്ഞിരുന്നു. ഈ പ്രസ്താവന ഇന്ന് പ്രതിപക്ഷം ആയുധമാക്കി. ഇമ്രാൻ ഇന്ത്യയിലേക്ക് പോകണം എന്നായിരുന്നു പിഎംഎൽഎൻ നേതാവ് മറിയം നവാസ് പറഞ്ഞത്. വിദേശ ശക്തികൾ കെട്ടിയിരിക്കുന്ന സർക്കാരിനെ അംഗീകരിക്കില്ലെന്ന് ഇമ്രാൻഖാൻ പ്രഖ്യാപിച്ചതോടെ അവിശ്വാസ വോട്ടിനു ശേഷവും പാകിസ്ഥാനിലെ പ്രതിസന്ധി തീരില്ലെന്ന് ഉറപ്പായി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam