അഫ്ഗാനിസ്ഥാനെ നിര്‍ബന്ധമായും സഹായിക്കണം; ഇന്ത്യ അടക്കം എസ്.സി.ഒ രാജ്യങ്ങളോട് ചൈന

By Web TeamFirst Published Sep 17, 2021, 6:08 PM IST
Highlights

അഫ്ഗാനിസ്ഥാന് അന്താരാഷ്ട്ര സമൂഹത്തില്‍ നിന്നും സഹായം ആവശ്യമുണ്ട്. പ്രത്യേകിച്ച് അതിന്‍റെ അയല്‍ രാജ്യങ്ങളില്‍ നിന്നു ചൈനീസ് പ്രസിഡന്‍റ് പറഞ്ഞു. 

ദുഷാന്‍ബേ: അഫ്ഗാനിസ്ഥാനെ ഷാന്‍ഹായ് കോര്‍പ്പറേഷന്‍ സംഘടനയിലെ അംഗ രാജ്യങ്ങള്‍ നിര്‍ബന്ധമായും സഹായിക്കണമെന്ന് ചൈന. തജക്കിസ്ഥാനിലെ ദുഷാന്‍ബേയിലെ എസ്.സി.ഒ രാജ്യങ്ങളുടെ യോഗത്തില്‍ വീഡിയോ കോണ്‍ഫ്രന്‍സിലൂടെ സംസാരിക്കവെയാണ് ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ് ഇത്തരം ഒരു ആവശ്യം മുന്നോട്ട് വച്ചത്.

അഫ്ഗാനിസ്ഥാന് അന്താരാഷ്ട്ര സമൂഹത്തില്‍ നിന്നും സഹായം ആവശ്യമുണ്ട്. പ്രത്യേകിച്ച് അതിന്‍റെ അയല്‍ രാജ്യങ്ങളില്‍ നിന്നു ചൈനീസ് പ്രസിഡന്‍റ് പറഞ്ഞു. അമേരിക്കന്‍ സൈന്യത്തിന്‍റെ അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള മടക്കത്തെ വിമര്‍ശിച്ച ചൈനീസ് പ്രസിഡന്‍റ് അഫ്ഗാനിസ്ഥാനിലെ രാഷ്ട്രീയ അധികാര കൈമാറ്റത്തില്‍ എസ്.സി.ഒ രാജ്യങ്ങള്‍ക്ക് പ്രധാന പങ്ക് വഹിക്കാനുണ്ടെന്ന് സൂചിപ്പിച്ചു.

'വലിയ മാറ്റങ്ങള്‍ക്കാണ് അഫ്ഗാനിസ്ഥാന്‍ സാക്ഷ്യം വഹിക്കുന്നത്. അവിടുന്ന് വിദേശ ശക്തികളുടെ പിന്‍മാറ്റം അവിടുത്തെ ചരിത്രത്തില്‍ പുതിയ ഏട് തുറന്നിരിക്കുന്നു. പക്ഷെ അഫ്ഗാനിസ്ഥാന്‍ ഇപ്പോഴും വെല്ലുവിളികളെ നേരിടുകയാണ്. അതിനാല്‍ തന്നെ അന്താരാഷ്ട്ര സമൂഹത്തിന്‍റെ സഹായവും പിന്തുണയും ആവശ്യമാണ്. എസ്.സി.ഒ രാജ്യങ്ങള്‍ ഒരു സംവിധാനം ഉണ്ടാക്കി അത് ഉപയോഗപ്പെടുത്തണം. അഫ്ഗാനിസ്ഥാനില്‍ കാര്യങ്ങള്‍ നന്നായി നടക്കാന്‍ എസ്.സി.ഒ അഫ്ഗാന്‍ സഹകരണത്തിലൂടെ സാധിക്കും" -ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ് യോഗത്തില്‍ പറഞ്ഞു.

ചൈന, ഇന്ത്യ, കസാഖിസ്ഥാന്‍, കിര്‍ഖിസ്ഥാന്‍, റഷ്യ, പാകിസ്ഥാന്‍, തജകിസ്ഥാന്‍, ഉസ്ബകിസ്ഥാന്‍ എന്നിവരാണ് എസ്.സി.ഒ അംഗ രാജ്യങ്ങള്‍. അഫ്ഗാനിസ്ഥാന് എസ്.സി.ഒ രാജ്യങ്ങളില്‍ നിരീക്ഷക പദവിയുണ്ട്. നേരത്തെ തന്നെ താലിബാന്‍ അഫ്ഗാന്‍ ഭരണം പിടിച്ചയുടന്‍ അവരുമായി സഹകരണം പ്രഖ്യാപിച്ച രാജ്യമാണ് ചൈന. ഇതിന് പുറമെ 31 ദശലക്ഷം അമേരിക്കന്‍ ഡോളര്‍ സഹായവും അഫ്ഗാനിസ്ഥാനായി ചൈന പ്രഖ്യാപിച്ചു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!