
ധാക്ക: ബംഗ്ലാദേശില്‍ കൊല്ലപ്പെട്ട ജെൻസി പ്രക്ഷോഭത്തിൻ്റെ നേതാവ് ഉസ്മാന്‍ ഹാദിയുടെ മൃതദേഹം സിങ്കപ്പൂരിൽ നിന്ന് ധാക്കയിലെത്തിച്ചു. ധാക്ക യൂണിവേഴ്സിറ്റി സെൻട്രൽ പള്ളിക്ക് സമീപം, ദേശീയ കവി കാസി നസ്രുൾ ഇസ്ലാമിന്റെ ശവകുടീരത്തിന് അടുത്ത് ഷെരീഫ് ഉസ്മാൻ ഹാദിയെ ഖബറടക്കും. നാളെ മണിക് മിയ അവന്യൂവിൽ മയ്യത്ത് പ്രാർത്ഥനകൾക്ക് ശേഷമാണ് സംസ്കാരം നടക്കുക. ബിമാൻ ബംഗ്ലാദേശ് എയർലൈൻസിന്റെ വിമാനത്തിലാണ് മൃതദേഹം ഹസ്രത്ത് ഷാജലാൽ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് എത്തിച്ചത്. ഹാദിയുടെ മൃതദേഹം ഇന്ന് രാത്രി നാഷണൽ ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിൽ സൂക്ഷിക്കും.
ഡിസംബർ 12-ന് ധാക്കയിലെ പൾട്ടാൻ പ്രദേശത്ത് വെച്ചാണ് ഉസ്മാൻ ഹാദിക്ക് വെടിയേറ്റത്. ബൈക്കിലെത്തിയ അക്രമി സംഘമാണ് ആക്രമണം നടത്തിയത്. തലയ്ക്ക് വെടിയേറ്റ അദ്ദേഹത്തെ സിങ്കപ്പൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ ധാക്കയിൽ നിന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാൻ നിൽക്കെയാണ് 32കാരനായ അദ്ദേഹത്തിന് വെടിയേറ്റത്. 32 വയസായിരുന്നു. ഷെയ്ഖ് ഹസീനയെ അധികാരത്തിൽ നിന്ന് പുറത്താക്കിയ ജെന്‍സി പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയ ഇന്‍ക്വിലാബ് മഞ്ചിന്‍റെ വക്താവായിരുന്നു. ഇദ്ദേഹത്തിൻ്റെ വിയോഗത്തിൽ ബംഗ്ലാദേശ് സർക്കാർ നാളെ രാജ്യത്ത് ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. അതിനിടെ ഹാദിയുടെ മരണത്തിലേക്ക് നയിച്ച ആക്രമണത്തെക്കുറിച്ച് വേഗത്തിലും നിഷ്പക്ഷമായും സമഗ്രമായും സുതാര്യമായും അന്വേഷണം നടത്തണമെന്ന് ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ മേധാവി വോൾക്കർ ടർക്ക് പ്രതികരിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam