'കാലിന് വെടിവെയ്ക്കണം, അതിര്‍ത്തി കടക്കുന്നതിന് മുമ്പ് മരിച്ചു വീഴണം'; ട്രംപിന്‍റെ നിര്‍ദ്ദേശങ്ങളെക്കുറിച്ച് വെളിപ്പെടുത്തല്‍

By Web TeamFirst Published Oct 2, 2019, 3:53 PM IST
Highlights

'കുടിയേറ്റക്കാരുടെ കാലിന് വെടിവെക്കണം. അങ്ങനെ അവരുടെ വേഗത കുറക്കണം'

ന്യൂയോര്‍ക്ക്: കുടിയേറ്റം രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്നും കുടിയേറ്റക്കാര്‍ അതിര്‍ത്തി കടക്കുന്നതിന് മുമ്പ് അവരുടെ കാലിന് വെടിവക്കണമെന്നും യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് സൈനികരോട് നിര്‍ദ്ദേശിച്ചിരുന്നതായി റിപ്പോര്‍ട്ട്. ന്യൂയോര്‍ക്ക് ടൈംസിലെ രണ്ട് മാധ്യമ പ്രവര്‍ത്തകര്‍ ചേര്‍ന്നെഴുതിയ ഒരു പുസ്തകത്തിലാണ് ട്രംപ് കുടിയേറ്റക്കാരെ തടസ്സപ്പെടുത്തുന്നതിന് വേണ്ടി ഇത്തരത്തിലൊരു നിര്‍ദ്ദേശം മുന്നോട്ട് വെച്ചിരുന്നു എന്ന വെളിപ്പെടുത്തല്‍. 

രാജ്യസുരക്ഷയ്ക്ക് കുടിയേറ്റം ഭീഷണിയാണ്. കുടിയേറ്റക്കാരുടെ കാലിന് വെടിവെക്കണം. അങ്ങനെ അവരുടെ വേഗത കുറക്കണം. അതിര്‍ത്തി കടക്കുന്നതിന് മുമ്പു തന്നെ അവര്‍ മരിച്ചു വീഴണമെന്നുമായിരുന്നു ട്രംപിന്‍റെ നിര്‍ദ്ദേശം. എന്നാല്‍ ഇത് നിയമപരമല്ലെന്ന് യുഎസ് സൈനികര്‍ വ്യക്തമാക്കി.

കുടിയേറ്റക്കാരുടെ കാലിന് വെടിവെക്കുന്നതിന് ഒപ്പം അതിര്‍ത്തിയില്‍ മുകള്‍ ഭാഗത്ത് കൂര്‍ത്ത കമ്പികളോടുകൂടിയ മതിലുണ്ടാക്കാനും ഇതിലൂടെ വൈദ്യുതി കടത്തിവിടാനും കിടങ്ങ് നിര്‍മ്മിച്ച് അതിനുള്ളില്‍ മുതല,പാമ്പ് തുടങ്ങിയ വന്യജീവികളെ ഇടാനും ട്രംപ് അനൗദ്യോഗിക നിര്‍ദ്ദേശം നല്‍കിയിരുന്നതായും പുസ്തകത്തില്‍ വ്യക്തമാക്കുന്നു. 

മെക്സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ കെട്ടാനുള്ള ട്രംപിന്‍റെ നിര്‍ദ്ദേശത്തിന് ഒപ്പമുണ്ടായിരുന്ന നിര്‍ദ്ദേശങ്ങളായിരുന്നു ഇതെന്നും പുസ്തകത്തില്‍ വ്യക്തമാക്കുന്നു. മൈക്കല്‍ ഷയര്‍, ജൂലി ഡേവിസ് എന്നിവര്‍ ചേര്‍ന്ന് എഴുതിയ ബോര്‍ഡര്‍ വാര്‍ എന്ന പുസ്തകത്തിലാണ് ഇത് സംബന്ധിച്ച് വെളിപ്പെടുത്തലുകളുള്ളത്. പന്ത്രണ്ടോളം ഉന്നത ഉദ്യോഗസ്ഥന്മാരുമായുള്ള ഇന്‍റര്‍വ്യൂകളെ അടിസ്ഥാനപ്പെടുത്തിയാണ് ബുക്ക് തയ്യാറാക്കിയിരിക്കുന്നത്. ന്യൂയോര്‍ക്ക് ടൈംസാണ് പുസ്തകം പബ്ലിഷ് ചെയ്തിരിക്കുന്നത്. 

click me!