വിമാനത്താവളത്തിലെ പതിവ് പരിശോധനക്കിടെ അപ്രതീക്ഷിത സംഭവം; താറുമാറായത് നൂറുകണക്കിന് സർവീസുകൾ, റൺവേക്ക് സമീപം വൻ ഗർത്തം!

Published : May 22, 2026, 03:28 PM IST
runway

Synopsis

ന്യൂയോർക്കിലെ ലാ ഗ്വേർഡിയ വിമാനത്താവളത്തിലെ റൺവേയിൽ വലിയ ഗർത്തം രൂപപ്പെട്ടതിനെ തുടർന്ന് വ്യോമഗതാഗതം സ്തംഭിച്ചു. സുരക്ഷാ കാരണങ്ങളാൽ റൺവേ അടച്ചിട്ടതോടെ നൂറുകണക്കിന് വിമാന സർവീസുകൾ റദ്ദാക്കുകയും ആയിരക്കണക്കിന് യാത്രക്കാർ ദുരിതത്തിലാവുകയും ചെയ്തു. മെമ്മോറിയൽ ഡേ അവധിക്ക് തൊട്ടുമുൻപാണ് ഈ സംഭവം.

ന്യൂയോർക്ക്: അമേരിക്കയിലെ ന്യൂയോർക്കിലുള്ള പ്രമുഖ വിമാനത്താവളമായ ലാ ഗ്വേർഡിയയിൽ റൺവേയുടെ നടുവിലായി വൻ ഗർത്തം രൂപപ്പെട്ടതിനെ തുടർന്ന് വ്യോമഗതാഗതം സ്തംഭിച്ചു. ബുധനാഴ്ച രാവിലെയാണ് സംഭവം ഉണ്ടായത്. സുരക്ഷാ മുൻകരുതലിന്‍റെ ഭാഗമായി അധികൃതർ റൺവേ അടിയന്തരമായി അടച്ചിടുകയും വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവെക്കുകയും ചെയ്തു. ഇതോടെ വിമാനത്താവളത്തിൽ വലിയ തോതിലുള്ള സർവീസ് വൈകലും യാത്രാബുദ്ധിമുട്ടും അനുഭവപ്പെട്ടു.

റൺവേ അടച്ചതോടെ നൂറുകണക്കിന് ആഭ്യന്തര-അന്തർദേശീയ വിമാന സർവീസുകളാണ് റദ്ദാക്കിയത്. ഇതോടെ ആയിരക്കണക്കിന് യാത്രക്കാരാണ് ദുരിതത്തിലായത്. ബുധനാഴ്ച രാവിലെ 11 മണിയോടെ വിമാനത്താവള അധികൃതർ നടത്തിയ പതിവ് പരിശോധനയ്ക്കിടയിലാണ് റൺവേയ്ക്ക് സമീപം ഈ വലിയ കുഴി കണ്ടെത്തിയത്. അപകടസാധ്യത ഒഴിവാക്കാൻ റൺവേ ഉടനടി അടച്ചുപൂട്ടുകയായിരുന്നു. അടിയന്തര നിർമ്മാണ-എഞ്ചിനീയറിംഗ് വിദഗ്ധർ സ്ഥലത്തെത്തി കുഴി രൂപപ്പെടാനുള്ള കാരണത്തെക്കുറിച്ചും അത് എത്രയും വേഗം പരിഹരിക്കുന്നതിനെക്കുറിച്ചും പരിശോധന നടത്തി.

വിമാന കമ്പനികളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും യാത്രക്കാർ തങ്ങളുടെ വിമാനങ്ങളുടെ സമയവിവരം മുൻകൂട്ടി പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും എയർപോർട്ട് അതോറിറ്റി ഔദ്യോഗിക എക്സിൽ അറിയിച്ചു. എന്നാൽ വിമാനത്താവളത്തിലെ മറ്റ് റൺവേകൾ സാധാരണ നിലയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.

അമേരിക്കയിൽ വരാനിരിക്കുന്ന 'മെമ്മോറിയൽ ഡേ' ദീർഘകാല അവധി പ്രമാണിച്ചുള്ള വൻ യാത്രാത്തിരക്ക് ആരംഭിക്കുന്നതിന് തൊട്ടുമുൻപാണ് ഈ പ്രതിസന്ധി ഉണ്ടായിരിക്കുന്നത്. തിരക്ക് വർദ്ധിക്കാൻ സാധ്യതയുള്ളതിനാൽ യാത്രക്കാർ വളരെ നേരത്തെ തന്നെ വിമാനത്താവളത്തിൽ എത്തിച്ചേരണമെന്ന് അധികൃതർ നേരത്തെ തന്നെ നിർദ്ദേശം നൽകിയിരുന്നു. അതിനിടയിലാണ് റൺവേ അടച്ചിടേണ്ടി വന്നത്.

 കഴിഞ്ഞ ആഴ്ചയാണ് ലാ ഗ്വാർഡിയ വിമാനത്താവളത്തിന് സമീപമുള്ള സഫോൾക്ക് കൗണ്ടിയിലെ തിരക്കേറിയ 'ലോംഗ് ഐലൻഡ് എക്സ്പ്രസ് വേ' ഹൈവേയിലും സമാനമായ രീതിയിൽ വൻ ഗർത്തം രൂപപ്പെട്ടത്. ഏകദേശം 10 അടി വ്യാസവും 8 അടി ആഴവുമുള്ള കുഴിയായിരുന്നു ഹൈവേയിൽ ഉണ്ടായത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ആദ്യം പറഞ്ഞത് വിഴുങ്ങി ട്രംപിന്റെ പ്രഖ്യാപനം; പോളണ്ടിലേക്ക് സൈന്യത്തെ അയക്കുന്നു
അമേരിക്ക അല്ല; ഇന്ത്യയിലേക്കുള്ള പ്രധാന എണ്ണ വിതരണക്കാരായി ഈ രാജ്യം, മെയ് മാസത്തിലെ കണക്ക് ഇതാ