കൊവിഡ് 19: ഇറ്റലിയിലെ ജയിലില്‍ കലാപം, ആറ് മരണം; ഒറ്റയ്ക്ക് കുര്‍ബാനയര്‍പ്പിച്ച് മാര്‍പ്പാപ്പ

By Web TeamFirst Published Mar 10, 2020, 11:21 AM IST
Highlights

ഇറ്റലിയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 463 ആയി ഉയര്‍ന്നതിനെ തുടര്‍ന്നാണ് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയത്. 9,172 പേര്‍ക്ക് രോഗം ബാധിച്ചു. 
 

റോം: കൊവിഡ് 19 ഭീതിയിലായ ഇറ്റലിയിലെ ജയിലില്‍ കലാപം. ആറ് പേര്‍ കൊല്ലപ്പെട്ടു. തടവുകാരെ കാണാന്‍ സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയതാണ് കലാപത്തിന് കാരണം. വൈറസ് ബാധ ശക്തമായ പ്രദേശത്തെ മൊദേന ജയിലിലാണ് സംഭവം. തടവുകാര്‍ ജയില്‍ മുറികള്‍ക്ക് തീയിടുകയും ഗാര്‍ഡുമാരെ പൂട്ടിയിടുകയും ചെയ്തു. രണ്ട് തടവുകാര്‍ അമിതമായി മരുന്ന് കഴിച്ചതാണ് മരണത്തിന് കാരണമെന്നാണ് അധികൃതരുടെ വാദം. 

കടുത്ത നിയന്ത്രണമാണ് ഇറ്റലിയില്‍ ഏര്‍പ്പെടുത്തിയത്. രാജ്യത്തുടനീളം യാത്രാ നിയന്ത്രണവും ആളുകള്‍ ഒരുമിച്ച് കൂടുന്നതും വിലക്കി. ഇറ്റലിയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 463 ആയി ഉയര്‍ന്നതിനെ തുടര്‍ന്നാണ് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയത്. 9,172 പേര്‍ക്ക് രോഗം ബാധിച്ചു. 

ഒറ്റയ്ക്ക് കുര്‍ബാനയര്‍പ്പിച്ച് മാര്‍പ്പാപ്പ
വത്തിക്കാനിലെ വസതിയില്‍ തിങ്കാളാഴ്ച ഒറ്റയ്ക്കാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ കുര്‍ബാനയര്‍പ്പിച്ചത്. ടിവിയിലൂടെ കുര്‍ബാന സംപ്രേഷണം ചെയ്തു. കൊവിഡ് രോഗ ബാധിതരുടെ രോഗവിമുക്തിക്കായി മാര്‍പ്പാപ്പ പ്രാര്‍ത്ഥിച്ചു. പൊതുപരിപാടികളില്‍ പങ്കെടുക്കുന്നത് മാര്‍പ്പാപ്പ ഒഴിവാക്കുകയാണ്. കഴിഞ്ഞ ഞായറാഴ്ച പ്രാര്‍ത്ഥന ലൈവ് സ്ട്രീമിംഗ് വഴിയാണ് നടത്തിയത്. വത്തിക്കാനില്‍ ഒരാള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 
 

click me!