
രാജ്യസുരക്ഷയുടെ പേരിൽ നിരവധി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളെ കൂട്ടത്തോടെ നിരോധിച്ചിരിക്കുകയാണ് നേപ്പാൾ. ഫേസ്ബുക്ക്, യൂട്യൂബ്, എക്സ് എന്നിവയുൾപ്പെടെ 26 സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ നിരോധിക്കാനുള്ള കെപി ശർമ്മ ഒലി സർക്കാരിന്റെ നീക്കത്തിനെതിരെ നേപ്പാളിലെ പതിനായിരക്കണക്കിന് യുവാക്കൾ തെരുവിലിറങ്ങി. ഇതുവരെ ലഭിച്ച കണക്കുകൾ പ്രകാരം, ഈ ജെൻസി പ്രക്ഷോഭത്തിൽ മരണം 14 ആയി. നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തലസ്ഥാനമായ കാഠ്മണ്ഡുവിൽ ആരംഭിച്ച പ്രതിഷേധങ്ങൾ ഇപ്പോൾ രാജ്യത്തിന്റെ മറ്റ് പ്രദേശങ്ങളിലേക്കും വ്യാപിച്ചിരിക്കുന്നു. ബനേശ്വർ, സിംഗദുർബാർ, നാരായൺഹിതി എന്നിവയുൾപ്പെടെ നിരവധി പ്രദേശങ്ങളിൽ നിരോധനാജ്ഞ ഏർപ്പെടുത്തിയിട്ടുണ്ട്. പ്രതിഷേധക്കാർക്ക് നേരെ റബ്ബർ ബുള്ളറ്റുകളും കണ്ണീർവാതക ഷെല്ലുകളും പ്രയോഗിച്ച് പ്രതിരോധം കടുപ്പിക്കുകയാണ് പൊലീസ്. സ്ഥിതി അക്രമാസക്തമായതിനെത്തുടർന്ന് ന്യൂ ബനേഷ്‌വറിൽ സൈന്യത്തെയും വിന്യസിച്ചിട്ടുണ്ട്. പ്രതിഷേധങ്ങൾ കൊടുമ്പിരി കൊണ്ടതോടെ, നേപ്പാൾ പ്രധാനമന്ത്രി കെപി ശർമ്മ ഒലി വൈകുന്നേരത്തോടെ പ്രത്യേക മന്ത്രിസഭാ യോഗം വിളിച്ചു.
സോഷ്യൽ മീഡിയ നിരോധനം എന്തിന് ?
നേപ്പാൾ കമ്മ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന് കീഴിൽ രജിസ്റ്റർ ചെയ്യാത്തതിനെ തുടർന്ന് ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ സൈറ്റുകൾക്ക് രാജ്യം വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഗവൺമെന്റിൽ രജിസ്റ്റർ ചെയ്യാൻ സോഷ്യൽ മീഡിയ ഭീമന്മാർക്ക് ഓഗസ്റ്റ് 28 മുതൽ ഒരാഴ്ച സമയം നൽകിയതായി പുറത്ത് വിട്ട നോട്ടീസിൽ പറയുന്നു. എന്നാൽ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്ട്‌സ്ആപ്പ് എന്നിവയടങ്ങിയ മെറ്റ, ആൽഫബെറ്റ് (യൂട്യൂബ്), എക്സ്, റെഡ്ഡിറ്റ്, ലിങ്ക്ഡ്ഇൻ എന്നിവയൊന്നും അവസാന തീയതിക്ക് മുമ്പ് അപേക്ഷകൾ സമർപ്പിച്ചിരുന്നില്ല.
കഴിഞ്ഞ വർഷത്തെ സുപ്രീം കോടതി ഉത്തരവിനെ തുടർന്നാണ് നേപ്പാൾ സർക്കാർ ഈ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്. സോഷ്യൽ മീഡിയ ഭീമന്മാരോട് ഒരു കോൺടാക്റ്റ് പോയിന്റ് സ്ഥാപിക്കാനും ഒരു റെസിഡന്റ് ഗ്രീവൻസ് ഹാൻഡ്‌ലിംഗ് ഓഫീസറെയും കംപ്ലയൻസ് ഓഫീസറെയും നാമനിർദ്ദേശം ചെയ്യാനും ആവശ്യപ്പെട്ടിരുന്നു. ടിക് ടോക്ക്, വൈബർ, വിറ്റ്ക്, നിംബസ്, പോപ്പോ ലൈവ് എന്നിവ ഗവൺമെന്റ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവ നേപ്പാളിൽ ഇപ്പോഴും ഉപയോഗത്തിലുണ്ട്. ടെലിഗ്രാമിൽ നിന്നും ഗ്ലോബൽ ഡയറിയിൽ നിന്നുമുള്ള അപേക്ഷകൾ പരിശോധിച്ചുവരികയാണെന്നും റിപ്പോർട്ടുകൾ. എന്നാൽ, അഴിമതിയും ദുർഭരണവും മൂടി വെയ്ക്കാനാണ് സോഷ്യൽ മീഡിയ നിരോധനമെന്ന് ജെൻസികൾ പറയുന്നു.
കാഠ്മണ്ഡു പോസ്റ്റ് റിപ്പോർട്ട് പ്രകാരം നേപ്പാളിലെ ഫേസ്ബുക്ക് ഉപയോക്താക്കളുടെ എണ്ണം ഏകദേശം 13.5 ദശലക്ഷവും ഇൻസ്റ്റാഗ്രാം ഉപയോക്താക്കളുടെ എണ്ണം ഏകദേശം 3.6 ദശലക്ഷവുമാണ്. പലരും തങ്ങളുടെ ബിസിനസിനായി സോഷ്യൽ മീഡിയയെ ആശ്രയിക്കുന്നു. നേപ്പാളിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ പ്രവർത്തനരഹിതമായതോടെ, ഇത് ബിസിനസിനെ ബാധിച്ചുവെന്നും പ്രതിഷേധക്കാർ പറയുന്നു. ഇങ്ങനെ തുടങ്ങിയ പ്രതിഷേധം പിന്നീട് നേപ്പാളിലെ അഴിമതിക്കെതിരെയായ പ്രക്ഷോഭമാകുന്നുവെന്നും യുവാക്കൾ പറയുന്നു.
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു വീഡിയോയിൽ ഒരു യുവാവ് പ്രതികരിക്കുന്നത് ഇങ്ങനെയാണ്..."നേതാക്കളുടെ പുത്രന്മാർക്കും പുത്രിമാർക്കും ശോഭനമായ ഭാവി ഉണ്ടാകുന്നു, എന്നാൽ ഞങ്ങളുടെ ഭാവിയോ?"....
നേപ്പാൾ സർക്കാരിന്റെ വാദം ?
അഭിപ്രായ സ്വാതന്ത്ര്യത്തെ മാനിക്കുന്നുവെന്നും അവയുടെ സംരക്ഷണത്തിനും അനിയന്ത്രിതമായ ഉപയോഗത്തിനുമുള്ള അന്തരീക്ഷം സൃഷ്ടിക്കാൻ പ്രതിജ്ഞാബദ്ധമാണെന്നുമാണ് ഞായറാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ നേപ്പാൾ സർക്കാർ വ്യക്തമാക്കിയത്.
നേരത്തെ, ഓൺലൈൻ തട്ടിപ്പിനും കള്ളപ്പണം വെളുപ്പിക്കലിനും ഉൾപ്പെടെ ഉപയോഗിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി സർക്കാർ ടെലിഗ്രാം ആക്‌സസ് തടഞ്ഞിരുന്നു. കഴിഞ്ഞ വർഷം നേപ്പാൾ സർക്കാർ ടിക് ടോക്കും നിരോധിച്ചിരുന്നു. പിന്നീട് നേപ്പാളിലെ നിയന്ത്രണങ്ങൾ പാലിക്കാൻ പ്ലാറ്റ്‌ഫോം സമ്മതിച്ചതിനെത്തുടർന്നാണ് ഓഗസ്റ്റിൽ നിരോധനം പിൻവലിച്ചത്.