
ഗാസ: പലസ്തീനികളെ വീടുകളിൽ നിന്ന് പുറത്തിറക്കാൻ ഇസ്രയേൽ സൈന്യം കരയുന്ന കുട്ടികളുടെയും സഹായത്തിന് നിലവിളിക്കുന്ന സ്ത്രീകളുടെയും ശബ്ദങ്ങൾ ഉപയോഗിച്ചതായി റിപ്പോർട്ട്. ഡ്രോണുകളിൽ നിന്ന് ഇത്തരം ശബ്ദങ്ങൾ കേൾപ്പിക്കുകയും അത് കേട്ട് വീടുകളിൽ നിന്നും അഭയാർത്ഥി ക്യാമ്പുകളിൽ നിന്നും പുറത്തിറങ്ങുന്നവർക്ക് നേരെ ഡ്രോണുകളിൽ നിന്നുതന്നെ വെടിവെയ്ക്കുകയുമായിരുന്നു എന്നാണ് മനുഷ്യാവകാശ സംഘടനയായ യൂറോ - മെഡ് ഹ്യൂമൺ റൈറ്റ്സ് മോണിട്ടറിന്റെ ഭാരവാഹിയും മാധ്യമ പ്രവർത്തകയുമായ മാഹാ ഹുസൈനി പറഞ്ഞു. ഇക്കഴിഞ്ഞ ഏപ്രിലിലാണ് ഇത്തരം അനുഭവം ഉണ്ടായത്.
ഇസ്രയേൽ സേനയുടെ ക്വാഡ് കോപ്റ്റർ ഡ്രോണുകൾ കുട്ടികളുടേതും സ്ത്രീകളുടേതും ഉൾപ്പെടെയുള്ള ശബ്ദങ്ങൾ പുറപ്പെടുവിച്ച് ആളുകളെ കെട്ടിടങ്ങളിൽ നിന്ന് പുറത്തേക്കിറങ്ങാൻ പ്രേരിപ്പിക്കുന്നത് സംബന്ധിച്ച് വിവരം ലഭിച്ചു. പിന്നീട് ഗാസയിലെ നുസൈറത്തിലേക്ക് നേരിട്ട് പോയ തന്നോട് അവിടെ കണ്ട പലസ്തീനികളിൽ പലരും ഇതേ അനുഭവം തന്നെ പറഞ്ഞതായും മാഹാ ഹുസൈനി പറഞ്ഞു. ആശുപത്രികളുടെ രേഖകളിലും ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്. സഹായത്തിനായി നിലവിളിക്കുന്ന സ്ത്രീകളുടെ ശബ്ദം കേട്ട് എന്താണെന്ന് അറിയാൻ വീടിന് പുറത്തേക്ക് ഇറങ്ങിയപ്പോൾ വെടിയേറ്റ നിരവധിപ്പേരുടെ അനുഭവങ്ങളുണ്ടെന്നും വെടിവെച്ച് കൊല്ലാൻ ആളുകളെ കണ്ടെത്തിയിരുന്നത് ഇത്തരത്തിലായിരുന്നുവെന്നും അവർ പറഞ്ഞു.
അമ്മയെ വേണമെന്ന് പറഞ്ഞ് നിലവിളിക്കുന്ന കുഞ്ഞിന്റെ ശബ്ദമോ സഹായത്തിനായി നിലവിളിക്കുന്ന സ്ത്രീയുടെ ശബ്ദമോ കേട്ട് പുറത്തിറങ്ങിയതായി ഗാസയിലും ഖാൻ യൂനിസിലും വെസ്റ്റ് ബാങ്കിലുമുള്ള പല പ്രദേശങ്ങളിലെയും ആളുകൾ പറഞ്ഞു. ഒപ്പം പലസ്തീനികൾ എതിർത്താൽ കൊല്ലുമെന്നത് ഉൾപ്പെടെയുള്ള ഭീഷണികളും ഇങ്ങനെ ഡ്രോണുകളിലൂടെ കേൾപ്പിച്ചു. ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തിന് ശേഷം ഇസ്രയേൽ ഗാസയിലെ വിവിധ പ്രദേശങ്ങളിൽ വ്യാപകമായി ക്വാഡ് കോപ്റ്റർ ഡ്രോണുകൾ ഉപയോഗിച്ചിരുന്നു.
ആളുകളെ നിരീക്ഷിക്കാനും ആക്രമണം നടത്താനും ഒരുപോലെ ഇത് ഇസ്രയേൽ സൈന്യം ഉപയോഗിച്ചു. ഗാസയിലെ അൽ റഷീദ് സ്ട്രീറ്റിൽ ഭക്ഷണം ശേഖരിക്കാനായി ഒത്തുകൂടിയ നൂറുകണക്കിന് പേർക്ക് നേരെ ജനുവരിയിൽ ഡ്രോണുകൾ വെടിയുതിർത്തിരുന്നു. അറബിക്, ഹീബ്രു ഭാഷകളിലുള്ള പാട്ടുകളും ടാങ്കുകൾ ഓടുന്നതിന്റെ ശബ്ദവും സാധനങ്ങൾ വിൽക്കാൻ എത്തുന്ന കച്ചവടക്കാരുടെ ശബ്ദവുമെല്ലാം ഇത്തരത്തിഷ ഡ്രോണുകളിൽ ഉപയോഗിച്ചിരുന്നു എന്നും റിപ്പോർട്ടുകളുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam