സ്പെയ്ന്‍ തെരഞ്ഞെടുപ്പ്; സോഷ്യലിസ്റ്റ് വര്‍ക്കേഴ്സ് പാര്‍ട്ടിക്ക് വിജയം

By Web TeamFirst Published Apr 29, 2019, 10:49 AM IST
Highlights

350 സീറ്റുകളിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ 99.9 ശതമാനം വോട്ടുകള്‍ എണ്ണിപ്പൂര്‍ത്തിയായപ്പോള്‍ 123 സീറ്റുകളില്‍ സോഷ്യലിസ്റ്റ് വര്‍ക്കേഴ്സ് പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു

മാഡ്രിഡ്: സ്പെയിന്‍ പൊതുതെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി പെട്രോ സാഞ്ചസിന്‍റെ സ്പാനിഷ് സോഷ്യലിസ്റ്റ് വര്‍ക്കേഴ്സ് പാര്‍ട്ടിക്ക് വിജയം. 350 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 99.9 ശതമാനം വോട്ടുകള്‍ എണ്ണിപ്പൂര്‍ത്തിയായപ്പോള്‍ 123 സീറ്റുകളില്‍ സോഷ്യലിസ്റ്റ് വര്‍ക്കേഴ്സ് പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു.

ഏറ്റവും കൂടുതല്‍ സീറ്റുകള്‍ ലഭിച്ചെങ്കിലും പാര്‍ട്ടിക്ക് സര്‍ക്കാര്‍ രൂപീകരിക്കണമെങ്കില്‍  മറ്റു ചെറു പാര്‍ട്ടികളെ ആശ്രയിക്കേണ്ടി വരും. തെരഞ്ഞെടുപ്പില്‍ മുഖ്യപ്രതിപക്ഷമായ പീപ്പിള്‍സ് പാര്‍ട്ടിക്ക് 66 സീറ്റുകള്‍ ലഭിച്ചപ്പോള്‍ സിറ്റിസെണ്‍സിന് 57 സീറ്റുകളും പെഡമോസിന് 42 സീറ്റുകളും ലഭിച്ചു. 24 സീറ്റുകളോടെ വോക്സ് തെരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചു വരവ് നടത്തി.

ആകെ പോള്‍ ചെയ്തതിന്‍റെ  30 ശതമാനം വോട്ടുകളാണ്  സാഞ്ചസിന്‍റെ സ്പാനിഷ് സോഷ്യലിസ്റ്റ് വര്‍ക്കേഴ്സ് പാര്‍ട്ടിക്ക് ലഭിച്ചത്. നാല് വര്‍ഷത്തിനിടെ രാജ്യത്ത് നടക്കുന്ന മൂന്നാമത്തെ തെരഞ്ഞെടുപ്പാണ് ഇത്. ഇത് ഭാവിയുടെ വിജയമാണെന്നും അസമത്വം ഇല്ലാതാക്കാന്‍ പ്രവര്‍ത്തിക്കുമെന്നും മാഡ്രിഡില്‍ ജനങ്ങളെ അഭിസംബോധന ചെയ്യവേ പെട്രോ സാഞ്ചസ് പ്രതികരിച്ചു.

click me!