
ബെയ്ജിംഗ്: ഉയരം വയ്ക്കാനുള്ള തെറാപ്പിക്കായി കൗമാരക്കാരൻ മുടങ്ങിയത് ലക്ഷങ്ങൾ. ആഴ്ചകൾ നീണ്ട തെറാപ്പിയിൽ ഉയരം കൂടി. പണം നൽകി ചികിത്സ അവസാനിപ്പിച്ചതിന് പിന്നാലെ പഴയ ഉയരത്തിലേക്ക് എത്തി കൗമാരക്കാരൻ. തെറാപ്പി നടത്തിയ സ്ഥാപനത്തിനെതിരെ പരാതിയുമായി കൗമാരക്കാരന്റെ മാതാപിതാക്കൾ. 2350 യുഎസ് ഡോളർ(ഏകദേശം 2,07,035 രൂപ) ചെലവിട്ടാണ് 16കാരൻ ചികിത്സയ്ക്ക് വിധേയനായത്. ആറ് മാസത്തെ ചികിത്സയിൽ 1.4 സെന്റിമീറ്റർ ഉയരമാണ് 16കാരന് കൂടിയത്. എന്നാൽ ആറ് മാസത്തെ പാക്കേജിന് ശേഷം തെറാപ്പി നിർത്തി രണ്ടാമത്തെ ആഴ്ചയാണ് 16കാരൻ തന്റെ യഥാർത്ഥ ഉയരമായ 165 സെന്റിമീറ്ററിലേക്ക് എത്തിയത്. ഫുജാൻ പ്രവിശ്യയിലെ സിമെനിലാണ് സംഭവം. ഓഗസ്റ്റിലാണ് 16കാരന്റെ തെറാപ്പി പൂർത്തിയായത്. ബോഡി ലെഗ്തനിംഗ് തെറാപ്പി ചെയ്ത സ്ഥാപനത്തിനെതിരെ 16കാരന്റെ പിതാവ് പരാതി നൽകിയിട്ടുണ്ട്. എന്നാൽ 16കാരൻ തെറാപ്പിക്ക് വിധേയൻ ആവുന്നതിന് അനുയോജ്യമായ പ്രായത്തിൽ നിന്നുള്ള ആളല്ലെന്നാണ് സ്ഥാപനം വിശദീകരിക്കുന്നത്.
സംഭവം വലിയ വിവാദമായതിന് പിന്നാലെ സ്ഥാപനം മുഴുവൻ തുകയും തിരികെ നൽകാമെന്നും വിശദമാക്കിയിട്ടുണ്ട്. ഇത്തരം നിബന്ധനകൾ ഉണ്ടെങ്കിൽ അത് ചികിത്സയ്ക്ക് വിധേയമാക്കുന്നതിന് മുൻപ് വിശദമാക്കേണ്ടിയിരുന്നുവെന്നാണ് 16കാരന്റെ കുടുംബം വിശദമാക്കുന്നത്. ആറ് മാസത്തോളം രണ്ട് ആഴ്ചയിൽ ഒന്ന് എന്ന നിലയിലായിരുന്നു 16കാരൻ ചികിത്സയ്ക്ക് വിധേയനായത്. കാൽക്കുഴ വികസിക്കുന്നതിനും കാൽ നീളുന്നതിനുമായുള്ള പ്രൊസീജ്യറുകളാണ് ചെയ്തിരുന്നത്.
ചികിത്സ നിർത്തിയാൽ 16കാരന്റെ യഥാർത്ഥ ഉയരത്തിലേക്ക് ചുരുങ്ങുമെന്നാണ് ചികിത്സാ കേന്ദ്രം വിശദമാക്കുന്നത്. എന്നാൽ ഈ ചികിത്സാ രീതിക്ക് ശാസ്ത്രീയ അടിസ്ഥാനമില്ലെന്നാണ് ആരോഗ്യ വിദഗ്ധർ വിശദമാക്കുന്നത്. വലിച്ച് നീട്ടിയുള്ള രീതികളിലൂടെ ആളുകളുടെ ഉയരം വർദ്ധിക്കില്ലെന്നാണ് എൻഡോക്രൈനോളജിസ്റ്റ് വിശദമാക്കുന്നത്. ജനിതകമാണ് ആളുകളുടെ ഉയരം നിർണയിക്കുന്നതിൽ വലിയൊരു പങ്ക് വഹിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam