കൊളംബോ സ്ഫോടനം: ഇന്ത്യൻ എംബസ്സിയടക്കം ആക്രമിക്കുമെന്ന് മുന്നറിയിപ്പ് ഉണ്ടായിരുന്നു

By Web TeamFirst Published Apr 21, 2019, 4:49 PM IST
Highlights

പത്ത് ദിവസം മുൻപ് ശ്രീലങ്കൻ പൊലീസ് തലവൻ പുജത് ജയസുന്ദര ചാവേർ ആക്രമണം ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നുവെന്നാണ് ഇപ്പോൾ വ്യക്തമായിരിക്കുന്നത്

ദില്ലി: ഇന്ത്യൻ എംബസിയും ആരാധനാലയങ്ങളും ഭീകരർ ആക്രമിക്കാൻ സാധ്യതയുണ്ടെന്ന് ശ്രീലങ്കൻ പൊലീസ് മേധാവി മുന്നറിയിപ്പ് നൽകിയിരുന്നു. പത്ത് ദിവസം മുൻപാണ് ഈ മുന്നറിയിപ്പ് നൽകിയത്. എന്നാൽ ശക്തമായ സുരക്ഷയൊരുക്കുന്നതിൽ ദ്വീപ് രാഷ്ട്രത്തിലെ എല്ലാ ഏജൻസികളും പരാജയപ്പെട്ടു. എട്ടിടത്തായി നടന്ന സ്ഫോടന പരമ്പരയിൽ 160 ലേറെ പേർ മരിച്ചതായും 400 ലേറെ പേർക്ക് പരിക്ക് പറ്റിയെന്നുമാണ് ഒടുവിലത്തെ വിവരം.

നാഷണൽ തൗഹീത്ത് ജമാഅത്ത് എന്ന സംഘടനയാണ് ആക്രമണത്തിന് പിന്നിൽ. അടുത്ത കാലത്ത് ബുദ്ധ പ്രതിമകൾ തകർത്താണ് ഇവർ സുരക്ഷാ സേനയുടെ കണ്ണിലെ കരടായത്. എന്നാൽ രണ്ടാമത്തെ നീക്കത്തിലൂടെ ലോകരാഷ്ട്രങ്ങളെ തന്നെ ഞെട്ടിച്ചിരിക്കുകയാണ് ഈ ഭാകര സംഘടന.

ഏപ്രിൽ 11 നാണ് ചാവേർ ആക്രമണത്തിന് ഈ ഭീകര സംഘടന നീക്കം തുടങ്ങിയിരിക്കുന്നുവെന്ന് ശ്രീലങ്കൻ പൊലീസ് തലവൻ അറിയിച്ചത്. ഇന്ത്യൻ എംബസ്സിക്കും ഭീഷണിയുണ്ടെന്ന് അതിൽ വ്യക്തമാക്കിയിരുന്നു.

നാല് ഹോട്ടലുകളിലും മൂന്ന് ക്രിസ്ത്യൻ പള്ളികളിലും ഒരു ഹൗസിങ് കോംപ്ലക്സിലുമാണ് ഇന്ന് സ്ഫോടനം ഉണ്ടായത്. ശ്രീലങ്കയിൽ നടന്ന സ്ഫോടന പരമ്പരയെ ഇന്ത്യ ശക്തമായി അപലപിച്ചു. ഭീകരതയെ നേരിടാൻ ഇന്ത്യ ഒറ്റക്കെട്ടായി മുന്നോട്ട് വരണമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 

click me!