
കൊളംബോ: ശ്രീലങ്കയില്‍ പ്രക്ഷോഭകാരികള്‍ പ്രസിഡന്‍റിന്‍റെ ഔദ്യോഗിക വസതി വളഞ്ഞതോടെ ശ്രീലങ്കൻ പ്രസിഡന്റ് ഗോതബയ രാജപക്‌സെ വീട്ടിൽ നിന്ന് ഓടിപ്പോയതായി പ്രതിരോധ വൃത്തങ്ങളെയും പ്രാദേശിക മാധ്യമങ്ങളെയും ഉദ്ധരിച്ച് വാർത്താ ഏജൻസി എഎഫ്‌പി റിപ്പോർട്ട് ചെയ്തു.
തലസ്ഥാന നഗരമായ കൊളംബോയിലെ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയിലേക്ക് ഇരച്ചുകയറാൻ ആയിരക്കണക്കിന് പ്രതിഷേധക്കാർ പോലീസുമായി ഏറ്റുമുട്ടുകയും ബാരിക്കേഡുകൾ തകർക്കുകയും ചെയ്തു. ശനിയാഴ്ച രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികളും, വിദ്യാര്‍ത്ഥി സംഘടനകള്‍ അടക്കം ആസൂത്രണം ചെയ്ത റാലിക്ക് മുന്നോടിയായി പ്രസിഡന്റ് ഗോതബയ രാജപക്‌സെയെ വെള്ളിയാഴ്ച ഔദ്യോഗിക വസതിയില്‍ നിന്നും മാറ്റിയിരുന്നുവെന്നാണ് പ്രതിരോധ മന്ത്രാലയ വൃത്തങ്ങൾ വാർത്താ ഏജൻസിയായ റോയിട്ടേഴ്സിനോട് പറഞ്ഞത്. ഇതിന്‍റെ നിരവധി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
പ്രസിഡന്‍റിന്‍റെ വസതി പ്രതിഷേധക്കാർ കീഴടക്കുന്ന വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. പ്രസിഡന്‍റിന്‍റെ വസതിയിലെ മുറികളിലൂടെയും ഇടനാഴികളിലൂടെയും ആളുകള്‍ സര്‍ക്കാറിനെതിരെ മുദ്രാവാക്യം വിളിക്കുന്നത് വീഡിയോ ക്ലിപ്പുകളിൽ കാണാം. കൊളോണിയൽ കാലഘട്ടത്തിലെ നിര്‍മ്മിതിയായ പ്രസിഡന്‍റിന്‍റെ ഔദ്യോഗിക വസതിക്ക് പുറത്ത് സുരക്ഷാ ഉദ്യോഗസ്ഥരെ വകവയ്ക്കാതെ ആയിരങ്ങളാണ് തടിച്ചുകൂടിയത്.
അതേ സമയം ഇപ്പോഴും സംഘര്‍ഷം നിലനില്‍ക്കുന്നു എന്നാണ് വിവരം. പ്രതിഷേധത്തിൽ രണ്ട് പോലീസുകാരടക്കം 21 പേർക്ക് പരിക്കേറ്റതായും ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ആശുപത്രി വൃത്തങ്ങൾ റോയിട്ടേഴ്‌സിനോട് പറഞ്ഞു.
പ്രാദേശിക ടിവി ന്യൂസ് ന്യൂസ് ഫസ്റ്റ് ചാനലിൽ നിന്നുള്ള വീഡിയോ ഫൂട്ടേജിൽ ചില പ്രതിഷേധക്കാർ ശ്രീലങ്കൻ പതാകകളും ഹെൽമെറ്റുകളും പിടിച്ച് പ്രസിഡന്റിന്റെ വസതിയിലേക്ക് അതിക്രമിച്ച് കയറിയതായി കാണിച്ചുവെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു.