
കൊളംബോ: ശ്രീലങ്കൻ സമുദ്രാതിർത്തി ലംഘിച്ച് ഇന്ത്യൻ മത്സ്യതൊഴിലാളികൾ മത്സ്യബന്ധനം നടത്തുന്നുവെന്ന് ചൂണ്ടികാട്ടി ഇന്ത്യക്കെതിരെ രൂക്ഷ വിമർശനവുമായി ശ്രീലങ്കൻ പ്രസിഡന്‍റ് അനുര ദിസനായകെ രംഗത്ത്. ‘നിയമവിരുദ്ധ’ മത്സ്യബന്ധനം അനുവദിക്കില്ലെന്ന് ശ്രീലങ്കൻ പ്രസിഡന്‍റ് വ്യക്തമാക്കി. ഇക്കാര്യത്തിൽ ഇന്ത്യൻ മത്സ്യത്തൊഴിലാളികൾക്ക് അനുര ദിസനായകെ മുന്നറിയിപ്പും നൽകി.
ശ്രീലങ്കൻ സമുദ്രാതിർത്തിയിലെ ‘നിയമവിരുദ്ധ’ മത്സ്യബന്ധനം അനുവദിക്കില്ല. ലങ്കയ്ക്ക് അവകാശപ്പെട്ട മത്സ്യസമ്പത്ത് ഇന്ത്യക്കാർ കവരുന്നത് അംഗീകരിക്കാനാകില്ല. വടക്കൻ ലങ്കയിലെ തമിഴ് ജനതയ്ക്ക് അവകാശപ്പെട്ട സമ്പത്താണ് കവരുന്നത്. ഇത് സംരക്ഷിക്കാൻ ഏതറ്റം വരെയും പോകുമെന്നും പ്രസിഡന്‍റ് അനുര വ്യക്തമാക്കി. ജാഫ്നയിലെ പൊതുയോഗത്തിലായിരുന്നു ലങ്കൻ പ്രസിഡന്‍റിന്‍റെ പരാമർശം. ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ലങ്കൻ നാവികസേന അറസ്റ്റ് ചെയുന്നതിൽ പ്രതിഷേധം ശക്തമായിരിക്കെയാണ് അനുര നിലപാട് കടുപ്പിക്കുന്നത്. ഇന്നലെയും 23 ഇന്ത്യൻ മത്സതൊഴിലാലികൾ ലങ്കയിൽ അറസ്റ്റിൽ ആയിരുന്നു. ഇതിന് പിന്നാലെയാണ് അനുര കടുത്ത നിലപാട് പരസ്യമായി പ്രഖ്യാപിച്ച് രംഗത്തെത്തിയത്.
12-നോട്ടിക്കൽ മൈലിനുളളിൽ തീരത്ത് മത്സ്യബന്ധനം; മൂന്നു ബോട്ടുകൾ പിടിയിൽ, പിഴയിട്ടു
ഇക്കഴിഞ്ഞ സെപ്തംബറിലാണ് ശ്രീലങ്കയിൽ ചരിത്രം കുറിച്ച് ഇടതുനേതാവ് അനുര കുമാര ദിസനായകെ പ്രസിഡന്‍റ് പദത്തിലെത്തിയത്. ശ്രീലങ്കയുടെ ഒമ്പതാമത്തെ പ്രസിഡന്റാണ് അനുര കുമാര. മാർക്സിസ്റ്റ്-ലെനിനിസ്റ്റ് പാർട്ടിയായ ജനതാ വിമുക്തി പെരമുനയുടെ നേതാവാണ് അനുര കുമാര ദിസനായകെ. പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസ രണ്ടാം സ്ഥാനത്തും പ്രസിഡന്റ് റനിൽ വിക്രമസിംഗെ മൂന്നാം സ്ഥാനത്തുമാണ് മത്സരം അവസാനിപ്പിച്ചത്. 2019 ൽ വലതുപക്ഷ പ്രസിഡൻ്റ് ഗോതബയ രാജപക്‌സെ അധികാരത്തിലെത്തി, രണ്ടര വർഷത്തെ രാഷ്ട്രീയവും സാമ്പത്തികവുമായ അസ്ഥിരതക്ക് ശേഷം നടന്ന തെരഞ്ഞെടുപ്പിലാണ് അനുര ചരിത്രം കുറിച്ചത്. ലങ്കയുടെ പ്രസിഡന്‍റ് പദത്തിലെത്തിയ ഇടതുനേതാവ് സാമ്പത്തിക പ്രതിസന്ധിയടക്കം മറികടക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകുകയാണ്. അതിനിടയിലാണ് മത്സ്യസമ്പത്തിന്‍റെ കാര്യത്തിലും ശക്തമായ ഇടപെടൽ നടത്താനുള്ള ശ്രമം നടത്തുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam