ലങ്കയെ ചൈന കോളനിയാക്കി, വികസനത്തിന് പിന്നാലെ പോയി തകർന്നടിഞ്ഞത് കേരളത്തിന് പാഠം: ശ്രീലങ്കൻ ഗാന്ധി എടി ആര്യരത്ന

Published : Apr 03, 2022, 10:50 PM IST
ലങ്കയെ ചൈന കോളനിയാക്കി, വികസനത്തിന് പിന്നാലെ പോയി തകർന്നടിഞ്ഞത് കേരളത്തിന് പാഠം: ശ്രീലങ്കൻ ഗാന്ധി എടി ആര്യരത്ന

Synopsis

തുറമുഖവും കെട്ടടങ്ങളും റോഡുകളുമെല്ലാം പണിത് ചൈന ശ്രീലങ്കയെ അവരുടെ കോളനിയാക്കിയെന്ന് ആര്യരത്നെ ആരോപിച്ചു. ശ്രീലങ്കയിലുള്ള ആയിരക്കണക്കിന് ചൈനീസ് പൗരന്മാർ ഇനി മടങ്ങിപ്പോകില്ല

എല്ലാ പ്രതീക്ഷയും അറ്റെന്നും രാജ്യത്തെ കാത്തിരിക്കുന്നത് കലാപമാണെന്നും ശ്രീലങ്കൻ ഗാന്ധി എ ടി ആര്യരത്നെ. തുറമുഖവും കെട്ടിടങ്ങളുമൊക്കെ നിർമ്മിച്ചു നൽകി ശ്രീലങ്കയെ ചൈന അവരുടെ കോളനിയാക്കി മാറ്റി. അടിസ്ഥാന ആവശ്യങ്ങൾ മറന്ന് , കൂറ്റൻ വികസന പദ്ധതികൾക്ക് പിന്നാലെ പോയി തകർന്നടിഞ്ഞ ശ്രീലങ്ക കേരളത്തിന് പാഠമാണെന്നും ആര്യരത്നെ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

തുറമുഖവും കെട്ടടങ്ങളും റോഡുകളുമെല്ലാം പണിത് ചൈന ശ്രീലങ്കയെ അവരുടെ കോളനിയാക്കിയെന്ന് ആര്യരത്നെ ആരോപിച്ചു. ശ്രീലങ്കയിലുള്ള ആയിരക്കണക്കിന് ചൈനീസ് പൗരന്മാർ ഇനി മടങ്ങിപ്പോകില്ല. രാജ്യം നീങ്ങുന്നത് സമ്പൂർണമായ കലാപത്തിലേക്കാണ്. അഴിമതിക്കാരായ രാഷ്ട്രീയക്കാരാണ് ഇതിന് ഉത്തരവാദികൾ. താങ്ങാനാകാത്ത വിദേശ ലോണുകളെടുത്തുള്ള വികസന പ്രവർത്തനം ഗുണം ചെയ്യില്ല. മനുഷ്യരുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റലാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.

ശ്രീലങ്കയിലെ പരമോന്നത ബഹുമതിയായ ശ്രീലങ്കാഭിമാന്യ നൽകി രാജ്യം ആദരിച്ച സർവ്വോദയ ആചാര്യനാണ് ഡോ എ ടി ആര്യ രത്നെ. എഴുപത് കൊല്ലമായി ഗാന്ധിയൻ മാതൃകയിൽ ശ്രീലങ്കൻ ഗ്രാമങ്ങളിൽ സാമൂഹിക സേവനം നടത്തുന്ന ആര്യ രത്നയെ മൊറട്ടുവയിലെ സർവ്വോദയ ആസ്ഥാനത്ത് ചെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് സംഘം കണ്ടത്. മാഗ്സസെ, ഗാന്ധി പീസ് പ്രൈസ് ഉൾപ്പടെ നിരവധി പുരസ്കാരങ്ങൾ നേടിയ ആര്യരത്നെയുടെ പ്രസ്ഥാനത്തിന് ശ്രീലങ്കൻ ഗ്രാമങ്ങളിൽ ആയിരക്കണക്കിന് വളണ്ടിയർമാരുണ്ട്.

യുദ്ധം തകർത്ത വടക്കൻ ശ്രീലങ്കയിൽ നടത്തിയ സേവനപ്രവർത്തനങ്ങളിലൂടെയാണ് ഇദ്ദേഹത്തെ ലോകം അറിഞ്ഞത്. ആ നാളുകളിലേതിനേക്കാൾ വലിയ പ്രതിസന്ധിയാണ് ഇപ്പോഴെന്നും അഴിമതിക്കാരായ രജപക്സെ കുടുംബം രാജ്യത്തിന്റെ പരമാധികാരം ചൈനയ്ക്ക് പണയപ്പെടുത്തിയെന്നും ഇദ്ദേഹം കുറ്റപ്പെടുത്തുന്നു

പ്രതിസന്ധി സമയത്ത് ഇന്ത്യയുടെ സഹായം ആശ്വാസമാണ്. എന്നാൽ അഴിമതിക്കാരായ ശ്രീലങ്കയിലെ രാഷ്ട്രീയ നേതൃത്വം കാരണം രാജ്യം കലാപത്തിന്റെ വക്കിലായി. വിദേശലോണുകൾ വാങ്ങി നിർമ്മാണ പ്രവർത്തനങ്ങൾ നടത്തി കടക്കെണിയിലായ ശ്രീലങ്കൻ അനുഭവം കേരളത്തിന് പാഠമാണെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി രാജിവെച്ചിട്ടില്ല

ശ്രീലങ്കൻ പ്രധാനമന്ത്രി പദത്തിൽ നിന്ന് രാജിവെച്ചെന്ന വാർത്ത തള്ളി മഹിന്ദ രജപക്സെ. പ്രസിഡന്റും സഹോദരനുമായ ഗോതപയ രജപക്സെക്ക് രാജി സമർപ്പിച്ചതായി ശ്രീലങ്കൻ മാധ്യമങ്ങളാണ് നേരത്തെ റിപ്പോർട്ട് ചെയ്തത്. ഇതിന് പിന്നാലെയാണ് രാജി വാർത്ത നിഷേധിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ് രംഗത്തെത്തിയത്. പ്രധാനമന്ത്രി രാജി വച്ചെന്ന വാർത്ത അസത്യവും തെറ്റുമാണെന്ന് ഓഫീസ് അറിയിച്ചു. എല്ലാ കക്ഷികളെയും ചേർത്ത് സർക്കാരുണ്ടാക്കാനാണ് മഹീന്ദ രജപക്സെയുടെ രാജിയെന്ന റിപ്പോർട്ടുകളാണ് നേരത്തെ പുറത്തുവന്നത്. അതേസമയം ശ്രീലങ്കയിൽ കർഫ്യൂ ലംഘിച്ചും സർക്കാർ വിരുദ്ധ പ്രകടനങ്ങൾ തുടരുകയാണ്

PREV
Read more Articles on
click me!

Recommended Stories

പറന്നിറങ്ങി സൈനികർ, പ്രതിരോധമില്ലാതെ വമ്പൻ എണ്ണക്കപ്പൽ, കരീബിയൻ കടലിൽ 'സ്കിപ്പർ' പിടിയിൽ
അസുഖം നടിച്ചെത്തി വനിതാ ഡോക്ടർമാർക്കു മുന്നിൽ നഗ്നതാ പ്രദർശനം; കാനഡയിൽ ഇന്ത്യൻ വംശജൻ അറസ്റ്റിൽ