
ടെഹ്റാൻ: ഇസ്രായേലുമായുള്ള സംഘർഷം രൂക്ഷമാകുന്നതിനിടെ ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി തന്റെ പ്രധാന അധികാരങ്ങൾ ഇറാനിയൻ സൈന്യത്തിന് കൈമാറിയെന്ന് റിപ്പോര്‍ട്ട്. സുപ്രധാന തീരുമാനങ്ങളെടുക്കാൻ സൈനിക പരമോന്നത കൗൺസിലായ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന് (ഐആര്‍ജിസി) അധികാരം നൽകിയെന്നാണ് റിപ്പോർട്ട്.
ഇസ്രായേൽ ആക്രമണത്തിൽ വിശ്വസ്ഥരായ മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരെ നഷ്ടമാവുകയും വൈറ്റ് ഹൗസിൽ നിന്ന് ഭീഷണികൾ വർധിക്കുകയും ചെയ്തതിന് പിന്നാലെയാണ് 84കാരനായ ഖമേനി തീരുമാനത്തിലെത്തിയതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ടെഹ്‌റാന്റെ വടക്കുകിഴക്കൻ ഭാഗത്തുള്ള ഒരു ഭൂഗർഭ ബങ്കറിലേക്ക് ഖമേനിയെയും അദ്ദേഹത്തിന്റെ മകൻ മൊജ്തബ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളെയും മാറ്റിപ്പാർപ്പിച്ചതായി ഇറാൻ ഇൻസൈറ്റ് റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് ഈ പുതിയ റിപ്പോര്‍ട്ട്.
ബുധനാഴ്ച ആറാം ദിവസത്തിലേക്ക് കടന്ന ഇസ്രായേൽ-ഇറാൻ പോരാട്ടത്തിൽ ഇരുപക്ഷവും ശക്തമായ മിസൈൽ ആക്രമണങ്ങൾ തുടരുകയാണ്. ആരും പിന്നോട്ട് പോകാതെ നിൽക്കുകയും ചെയ്യുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇതിന് പുറമെ, യുഎസ് ആക്രമണത്തിൽ നേരിട്ട് പങ്കെടുക്കുമെന്ന സാഹചര്യവും നിലവിലുണ്ട്. തന്റെ ക്ഷമ നശിച്ചുകൊണ്ടിരിക്കുകയാണെന്നായിരുന്നു പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ടെഹ്‌റാന് കഴിഞ്ഞ ദിവസം നൽകിയ മുന്നറിയിപ്പ്. ഇ
"അവർ സ്വയം 'പരമോന്നത നേതാവ്' എന്ന് വിളിക്കുന്നയാൾ എവിടെയാണ് ഒളിച്ചിരിക്കുന്നതെന്ന് ഞങ്ങൾക്ക് കൃത്യമായി അറിയാം. തങ്ങൾ അദ്ദേഹത്തെ ഇപ്പോൾ വകവരുത്താൻ ഉദ്ദേശിക്കുന്നില്ല, തങ്ങളുടെ ക്ഷമ നശിച്ചുകൊണ്ടിരിക്കുകയാണ്" എന്നായിരുന്നു ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചത്. ഇറാൻ നിരുപാധികം കീഴടങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.
1989-ൽ അധികാരത്തിലെത്തിയ ശേഷം, ഇറാനിയൻ സൈന്യത്തലും പ്രധാന സർക്കാർ സംവിധാനങ്ങളിലും ഖമേനി ആധിപത്യവും നിയന്ത്രണാധികാരവും നേടിയിരുന്നു. എന്നാൽ, വിശ്വസ്തരായ കമാൻഡർമാരുടെയും തന്ത്രജ്ഞരുടെയും വലയത്തിലായിരുന്ന ആയത്തുള്ള അലി ഖമേനി നിലവിൽ ഒറ്റപ്പെട്ട അവസ്ഥയിലാണെന്നാണ് വിലയിരുത്തൽ. ഖമേനിയുടെ ഏറ്റവും വിശ്വസ്തരായിരുന്ന മുതിർന്ന ഐആര്‍ജിസി ഉദ്യോഗസ്ഥരുടെ നഷ്ടം ഇറാനിൽ വലിയ ശൂന്യത സൃഷ്ടിച്ചതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. ഖമേനിയുടെ അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ടായിരുന്നു റോയിട്ടേഴ്സ് റിപ്പോര്‍ട്ട്.
ഖമേനിയെ വധിക്കുന്നതോടെ ആക്രമണം അവസാനിപ്പിക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞിരുന്നു. ഇറാനിയൻ നേതാവിനെ വധിക്കാനുള്ള പദ്ധതികളെക്കുറിച്ച് എബിസി ന്യൂസിന് നൽകിയ അഭിമുഖത്തിലായിരുന്നു ഇസ്രായേൽ പ്രധാനമന്ത്രിയുടെ പ്രതികരണം. ഇസ്രായേൽ ഇറാനിലെ ആണവ കേന്ദ്രങ്ങളിലും ടെഹ്‌റാനിലും വെള്ളിയാഴ്ച നടത്തിയ ആക്രമണങ്ങൾക്ക് പിന്നാലെ ആരംഭിച്ച സംഘർഷത്തിൽ ഇറാനിൽ കുറഞ്ഞത് 224 പേർ മരിക്കുകയും ഇസ്രായേലിൽ 24 പേർ കൊല്ലപ്പെടുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്.