
ഡമസ്കസ്: സിറിയയിൽ വിമത പക്ഷം പ്രസിഡന്റ് ബശ്ശാർ അൽ അസദിന്റെ ഭരണകൂടത്തിനെതിരെ ഏറ്റുമുട്ടൽ കടുപ്പിച്ചു. വിമത സേന തലസ്ഥാനത്തിന് തൊട്ടരികെയെത്തിയെന്ന് അവകാശ വാദം. അതേസമയം, രാജ്യം വിട്ടെന്ന അഭ്യൂഹം തള്ളി സിറിയൻ പ്രസിഡൻ്റ് ബശ്ശാറുൽ അസദ് രംഗത്തെത്തി. ബശ്ശാറുൽ അസദ് ഭരണകൂടത്തെ വീഴ്ത്തുകയാണ് ലക്ഷ്യമെന്ന് വിമത സായുധ സംഘമായ എച്ച്ടിഎസ് അറിയിച്ചു. സിറിയൻ വിഷയത്തിൽ അമേരിക്ക ഇടപെടാൻ ഉദ്ദേശിക്കുന്നില്ലെന്ന് നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. എന്നാൽ, വിമതരെ നേരിടാൻ സിറിയക്ക് ആയുധ സഹായം നൽകുമെന്ന് ഇറാൻ അറിയിച്ചു.
രാജ്യത്തെ സുപ്രധാന മൂന്നാമത്തെ നഗരമായ ഹിംസ് പിടിച്ചടക്കാൻ സൈന്യവുമായി രൂക്ഷ ഏറ്റുമുട്ടൽ നടന്നു. ഹിംസിന്റെ ഭരണ നിയന്ത്രണത്തിലുള്ള റസ്താൻ, തൽബീസ പട്ടണങ്ങൾ പിടിച്ചതായും നഗരത്തിൽനിന്ന് അഞ്ച് കിലോമീറ്റർ അകലെ എത്തിയതായും വിമത സായുധ വിഭാഗമായ ഹൈഅത് തഹ്‍രീർ അശ്ശാം തലവൻ റമി അബ്ദുർറഹ്മാൻ അറിയിച്ചു.
ഏറ്റുമുട്ടൽ കനത്തതോടെ ആയിരക്കണക്കിന് കുടുംബങ്ങൾ ഹിംസിൽനിന്ന് പലായനം ചെയ്തതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പടിഞ്ഞാറൻ തീരമേഖലയിലേക്ക് ജനം കൂട്ടത്തോടെ പലായനം ചെയ്യുകയാണെന്ന് സിറിയൻ ഒബ്സർവേറ്ററി ഫോർ ഹ്യൂമൺ റൈറ്റ്സ് അറിയിച്ചു. തലസ്ഥാനമായ ഡമസ്‌കസിനെ തീരപ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്ന പ്രധാന നഗരമാണ് ഹിംസ്. അതേസമയം, അലപ്പോ, ഹമാ നഗരങ്ങളിൽനിന്ന് സൈന്യം പിന്മാറിയയും വിമതർ നിയന്ത്രണം ഏറ്റെടുത്തതായും റിപ്പോർട്ടുകൾ പുറത്തുവന്നു. രാജ്യത്ത് ഒരാഴ്ചക്കിടെ 2.80 ലക്ഷം പേർ അഭയാർഥികളായതായി യു.എൻ ലോക ഭക്ഷ്യ പദ്ധതി തലവൻ സമീർ അബ്ദുൽ ജാബിർ പറഞ്ഞു.
അതിനിടെ, സിറിയ -ലബനാൻ അതിർത്തിയിലെ രണ്ട് പ്രവേശന കവാടങ്ങളിൽ ഇസ്രായേൽ വ്യോമസേന ബോംബാക്രമണം നടത്തി. വ്യോമാക്രമണം നടത്തിയ കാര്യം ഇസ്രായേൽ സേനയും സ്ഥിരീകരിച്ചു. അസദിനെ പിന്തുണക്കുന്ന ഹിസ്ബുല്ലയുടെ കേന്ദ്രങ്ങളിലാണ് ബോംബിട്ടത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam